മുംബൈ: മുംബൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ബോംബ് ഭീഷണി. അമേരിക്കന്‍ കോണ്‍സുലേറ്റിനും കല്‍ക്കത്തയിലെ അമേരിക്കന്‍ കേന്ദ്രത്തിനും ലഭിച്ച ഊമ കത്തിലാണ് വരുന്ന ജൂലായ് 21ന് സ്ഫോടനം നടത്തുമെന്ന ഭീഷണി.
വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡാണ് ഭീഷണി സംബന്ധിച്ച മുന്നറിയിപ്പ് മുംബൈ പോലീസിന് കൈമാറിയിരിക്കുന്നത്. ഒരു പേജില്‍ എഴുതിയിരിക്കുന്ന ഊമക്കത്തിന്റെ മുകള്‍ ഭാഗത്ത് അല്‍ ജിഹാദ് എന്നെഴുതിയിട്ടുണ്ട്. ഇത് ഒരു തീവ്രവാദ സംഘടനയുടെ പേരാണെന്നാണ് സംശയം.
അമേരിക്കന്‍ കോണ്‍സുലേറ്റില്‍ സ്ഫോടനം നടത്തുമെന്നും അതിനാല്‍ അവിടുത്തെ ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്. ഹൈദരാബാദിലെയും ബാംഗ്ലൂരിലെയും മുംബൈയിലെയും റെയില്‍വേസ്റ്റേഷനുകള്‍ അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ സ്ഫോടനം നടത്തുമെന്നും കത്തില്‍ ഭീഷണിയുണ്ട്. എന്നാല്‍ ഇത്തരമൊരു കത്ത് അമേരിക്കന്‍ കോണ്‍സുലേറ്റിന് ലഭിച്ചത് എന്നാണെന്നും എന്തുകൊണ്ടാണ് ജൂലായ് 21 എന്ന തിയതി തിരഞ്ഞെടുത്തതെന്നുമുള്ള കാര്യത്തില്‍ വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: