എം‍.കെ മുനീറിനെതിരായ അഴിമതിക്കേസുകളില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Wednesday 3 August 2011 3:03 pm IST

തൃശൂര്‍: മന്ത്രി എം‍.കെ മുനീറിനെതിരായ അഴിമതിക്കേസുകളില്‍ തുടരന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മലപ്പുരം മഞ്ചേരി ഡിവിഷനില്‍ രണ്ട് റോഡുകളുടെ നിര്‍മ്മാണത്തില്‍ അഴിമതി നടന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. 2006ല്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കേ മഞ്ചേരി ഡിവിഷനിലെ രണ്ടു റോഡുകള്‍ക്കു ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കിയിരുന്നു. ധനകാര്യ വകുപ്പിന്റെ അംഗീകാരമില്ലാത്ത കരാറായിരുന്നു ഇത്. കരാര്‍ തുക മന്ത്രി നേരിട്ടു കൈമാറിയെന്നും പരാതിയുണ്ടായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ വിജിലന്‍സ് അന്വേഷണത്തിന് വിട്ടത്. എട്ട് കേസുകളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഇതില്‍ രണ്ട് കേസുകളുടെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ രണ്ട് കേസുകളിലും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന എം.കെ മുനീര്‍ ഒന്നാം പ്രതിയായിരുന്നു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായ സാഹചര്യത്തില്‍ കേസുകളില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡി.വൈ.എസ്.പി ജൂണ്‍ 23ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയുണ്ടായി. ഈ അപേക്ഷ പരിഗണിച്ച ശേഷമാണ് തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.