മനസ്സിന്റെ ഓളം

Wednesday 8 May 2013 10:06 pm IST

ഓരോ ആഗ്രഹവും ഓരോ വിചാരവും വികാരവും മനസ്സാകുന്ന ജലാശയത്തിലെറിയുന്ന കല്ലുകള്‍പോലെയാണ്‌. അപ്പോഴുണ്ടാകുന്ന ഓളങ്ങളാണ്‌ ചിന്തകള്‍. ഓരോ ഓളവും ഉണ്ടായിക്കഴിഞ്ഞാല്‍ ഉടനെയൊന്നും നശിക്കില്ല. കുളത്തിന്റെ നടുക്കൊരു ഓളമുണ്ടായാല്‍ അത്‌ വളര്‍ന്ന്‌ തീരംവരെ എത്തുന്നു. അവിടെയും തീരാതെ തീരത്തു തട്ടി തിരിയെ നടുവിലേക്ക്‌ നീങ്ങുന്നു. ഇതിങ്ങനെ പല പ്രാവശ്യം ആവര്‍ത്തിക്കുന്നതുപോലെ ഓരോ ചിന്തകളും ഒരിക്കലുണ്ടായാല്‍ പല പ്രാവശ്യം മനസ്സില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചുവരുന്നത്‌ കാണാം. ഈ ഓളങ്ങള്‍ കാരണം ജലത്തിലെ പ്രതിബിംബങ്ങള്‍ ശരിയായി കാണാന്‍ കഴിയുന്നില്ല എന്നുതന്നെയല്ല അടിത്തട്ടും കാണാന്‍ കഴിയാതെ പോകുന്നു. നമ്മള്‍ വര്‍ത്തമാന നിമിഷത്തില്‍ ജീവിക്കുന്നതുതന്നെയില്ല. വര്‍ത്തമാന യഥാര്‍ത്ഥ്യം കാണുന്നുമില്ല. ഒന്നുകില്‍ മനസ്സില്‍ അസൂയ, കുശുമ്പ്‌, മമത, വിദ്വേഷം തുടങ്ങിയ വികാരങ്ങള്‍ ആയിരിക്കും അല്ലെങ്കില്‍ ഇപ്പോഴില്ലാത്ത എന്തെങ്കിലും നേടാനോ കിട്ടാനോ ഉള്ള ആഗ്രഹമായിരിക്കും. അതുമല്ലെങ്കില്‍ മനസ്സില്‍ ഭൂതകാല ചിന്തകള്‍ നുഴഞ്ഞുകയറും. സുഖം നല്‍കിയവയോ, വേദനിപ്പിക്കുന്നവയോ, പശ്ചാത്താപമുളവാക്കുന്നവയോ, വെറുപ്പുളവാക്കുന്നവയോ ആയ ചിന്തകളില്‍ മനസ്സ്‌ മരിക്കും. ഭൂതകാലചിന്തകള്‍ വിട്ടാല്‍ ഭാവികാല സ്വപ്നങ്ങള്‍ കടന്നുവരും. അല്ലെങ്കില്‍ ഇരുണ്ട ഭാവിയെക്കുറിച്ചുള്ള ആകുലതകള്‍. ഒന്നുമല്ലെങ്കില്‍ മറ്റൊന്ന്‌ മനസ്സില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കും. അതിന്‌ ഒരിക്കലും ശാന്തിയില്ല, വിശ്രമമില്ല.
- മാതാ അമൃതാനന്ദമയിദേവി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.