കര്‍ണാടക നല്‍കുന്ന പാഠം

Wednesday 8 May 2013 10:22 pm IST

തെരഞ്ഞെടുപ്പില്‍ വിജയം സന്തോഷം നല്‍കുന്നതാണ്‌. തോല്‍വിയാകട്ടെ സങ്കടമുണ്ടാക്കുന്നതും. അക്കണക്കിന്‌ നോക്കുമ്പോള്‍ കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ സന്തോഷവും ബിജെപിക്ക്‌ സങ്കടവുമാണ്‌ ഉണ്ടാകേണ്ടിയിരുന്നത്‌. കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ കേവലഭൂരിപക്ഷം നേടി. രണ്ടാം സ്ഥാനമാണ്‌ ബിജെപിക്ക്‌ ലഭിച്ചിട്ടുള്ളത്‌. ഒരു വ്യാഴവട്ടത്തിനുശേഷമാണ്‌ കോണ്‍ഗ്രസിന്‌ ആശ്വാസിക്കാന്‍ വകനല്‍കുന്ന തെരഞ്ഞെടുപ്പുഫലം കര്‍ണാടകയിലുണ്ടായത്‌. ഇത്‌ കോണ്‍ഗ്രസിനോടുള്ള സ്നേഹംകൊണ്ടല്ല കര്‍ണാടകയിലെ ബിജെപിയോടുള്ള വിരോധം കൊണ്ടുമാത്രമാണെന്ന്‌ പറയേണ്ടിയിരിക്കുന്നു. എന്നിട്ടും കഷ്ടി ഭൂരിപക്ഷമേ കോണ്‍ഗ്രസ്സിന്‌ നേടാനായുള്ളൂ.
തെരഞ്ഞെടുപ്പുഫലം പ്രതികൂലമാണെങ്കില്‍പ്പോലും തത്ത്വാധിഷ്ഠിതമായ നിലപാടിന്‌ കൊടുക്കേണ്ടിവന്ന പ്രതിഫലമാണ്‌ ഇതെന്ന്‌ ബിജെപിക്ക്‌ ആശ്വാസിക്കാം. തല്‍ക്കാലം തോല്‍വിയാണെങ്കിലും ദീര്‍ഘവീഷണത്തില്‍ അത്‌ ബിജെപിയെ സഹായിക്കുകതന്നെ ചെയ്യും. അഞ്ചുവര്‍ഷം മുമ്പ്‌ കര്‍ണാടകയില്‍ ബിജെപിയെ വിജയത്തിലെത്തിച്ച നേതാവ്‌ ബി.എസ്‌. യദ്യൂരപ്പയാണ്‌. കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ യദ്യൂരപ്പയ്ക്ക്‌ മന്ത്രിസഭയുണ്ടാക്കാന്‍ അവസരം ലഭിച്ചു. സ്വതന്ത്രന്‍മാരുടെ പിന്തുണമാത്രമല്ല ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ വിജയവും ബിജെപിക്ക്‌ ഭൂരിപക്ഷം നല്‍കുകയായിരുന്നു. വ്യത്യസ്ത പാര്‍ട്ടി എന്ന നിലയില്‍ സല്‍ഭരണവും അഴിമതി വിമുക്ത സംവിധാനവും വാഗ്ദാനം ചെയ്ത്‌ ബിജെപി മികച്ച ഭരണത്തിന്‌ തന്നെയായിരുന്നു തുടക്കമിട്ടത്‌.
നിര്‍ഭാഗ്യവശാല്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ബിജെപിയുടെ സല്‍പേരിന്‌ കളങ്കമുണ്ടാക്കി എന്നതാണ്‌ വസ്തുത. അഴിമതി ആരോപണങ്ങള്‍ അലങ്കാരമായി പേറി നടക്കുന്ന മറ്റു പാര്‍ട്ടികളെ അനുകരിക്കാന്‍ ബിജെപി തയ്യാറായില്ല. ആരോപണവിധേയനായ യദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന ശക്തമായ നിലപാട്‌ ബിജെപി സ്വീകരിക്കുകയായിരുന്നു. കോണ്‍ഗ്രസിനെപ്പോലുള്ള പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ആരോപണ വിധേയരായവരെ പാര്‍ട്ടി സംരക്ഷിക്കുമ്പോള്‍ ബിജെപി എന്തേ എന്നോടിങ്ങനെ എന്ന പരിഭവമായിരുന്നു യദ്യൂരപ്പയ്ക്ക്‌. പക്ഷേ ബിജെപി ഒരു സംസ്ഥാനത്തിന്റെ ഭരണവും ഒരു നേതാവിന്റെ മോഹവും സംരക്ഷിക്കുക എന്ന സമീപനമല്ല സ്വീകരിച്ചത്‌.
ലക്ഷക്കണക്കിന്‌ കോടിരൂപയുടെ വിവിധ അഴിമതികളാല്‍ കേന്ദ്രഭരണകൂടവും കോണ്‍ഗ്രസും ആടിയുലയുകയാണ്‌. അഴിമതിഭരണത്തിനെതിരായ ശക്തമായ നിലപാട്‌ സ്വീകരിക്കുന്ന മുഖ്യ പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ പാര്‍ലമെന്റിനകത്തും പുറത്തും ബിജെപി പോരാടുകയാണ്‌. അതിന്റെ ധാര്‍മികശക്തി ചോരാതെ നോക്കേണ്ടതുണ്ട്‌. അതുകൊണ്ടുതന്നെയാണ്‌ ആരോപണവിധേയനായ യദ്യൂരപ്പ നിരപരാധിത്ത്വം തെളിയും വരെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറിനില്‍ക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌. സ്വാഭാവികമായും അത്‌ ഉള്‍ക്കൊള്ളാന്‍ യദ്യൂരപ്പയ്ക്ക്‌ ആയില്ല. തീരുമാനം മാറ്റാന്‍ ബിജെപിയും തയ്യാറായില്ല. ഒടുവില്‍ രാജി നല്‍കിയ യദ്യൂരപ്പക്ക്‌ പകരം സദാനന്ദ ഗൗഡ മുഖ്യമന്ത്രിയായി. തുടര്‍ന്നുണ്ടായ ഉള്‍പാര്‍ട്ടി തര്‍ക്കങ്ങള്‍മൂലമാണ്‌ സദാനന്ദഗൗഡയെ മാറ്റി ജഗദീഷ്‌ ഷെട്ടാര്‍ മുഖ്യമന്ത്രിയായത്‌.
ഇതിനിടയില്‍ മെച്ചപ്പെട്ട ഭരണം നടത്താന്‍ കഴിഞ്ഞെങ്കിലും അത്‌ ജനങ്ങളിലെത്തിക്കാന്‍ കഴിയാതെപോയി. അതുതന്നെയാണ്‌ ഭരണവിരുദ്ധവികാരമല്ല കര്‍ണാടകയില്‍ ബിജെപിക്ക്‌ വിനയായത്‌ എന്നുപറയുന്നത്‌. പാര്‍ട്ടിയിലെ തര്‍ക്കം ഒരു പരിധിവിട്ടാല്‍ ജനങ്ങള്‍ സഹിക്കില്ല. ആ അസഹ്യത പ്രകടിപ്പിക്കാന്‍ ജനങ്ങളുടെ മുന്നിലുള്ള മാര്‍ഗമാണ്‌ വോട്ടെടുപ്പ്‌. ഇത്‌ കര്‍ണാടക നിയമസഭയില്‍ മാത്രം ഒതുങ്ങുന്നതാണ്‌.
ലോകസഭാ തെരഞ്ഞെടുപ്പില്‍ ഈ വികാരമല്ല ജനങ്ങളെ നയിക്കുന്നത്‌. ബിജെപിയുടെ സംഘടനാബലത്തിന്‌ ഒട്ടും ക്ഷീണമുണ്ടായിട്ടില്ലെന്ന്‌ തന്നെയാണ്‌ 40 സീറ്റുകള്‍ നേടിയതിലൂടെ തെളിഞ്ഞിരിക്കുന്നത്‌. കുമാരസ്വാമിയുടെ ചതിയിലുള്ള അനുകമ്പയാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിച്ച ഒരു ഘടകം. മാത്രമല്ല കോണ്‍ഗ്രസിനോട്‌ അതൃപ്തി പ്രകടിപ്പിച്ച വലിയൊരു വിഭാഗം ജനങ്ങളും സഹായിച്ചു. 60ഓളം മണ്ഡലങ്ങളില്‍ 5000ല്‍ താഴെ വോട്ടിനായിരുന്നു ബിജെപി കഴിഞ്ഞ തവണ ജയിച്ചത്‌. യദ്യൂരപ്പ പുറത്ത്പോയി പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ബിഎസ്‌ആര്‍ കോണ്‍ഗ്രസ്‌ എന്നപേരില്‍ ബിജെപി വിട്ടവര്‍ സൃഷ്ടിച്ച പാര്‍ട്ടിയും എല്ലാം പരിശ്രമിച്ചിട്ടും ബിജെപിയെ നിലംപരിശാക്കുമെന്ന്‌ പ്രതീക്ഷിച്ചവരെ നിരാശരാക്കിയിരിക്കുകയാണ്‌. കര്‍ണാടകയിലെ പാഠം ഉള്‍ക്കൊള്ളണം. ജനങ്ങളുടെ ഹിതം അറിയാതെ പെരുമാറിയാല്‍ പ്രഹരമേല്‍ക്കാതെ പറ്റില്ല. അതുതന്നെയാണ്‌ കര്‍ണാടകയില്‍ കണ്ടത്‌. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്‌ നേരിടാന്‍ പോകുന്നതും മറിച്ചല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.