മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് ഫോണ്‍ ചെയ്തയാള്‍ പിടിയില്‍

Wednesday 3 August 2011 4:20 pm IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസില്‍ അതിക്രമിച്ചു കയറുകയും അദ്ദേഹത്തിന്റെ കസേരയില്‍ ഇരുന്ന് മന്ത്രിമാരെ ഫോണ്‍ ചെയ്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മനോരോഗിയാണെന്നു സംശയിക്കുന്നു. തിരുവനന്തപുരം നെടുമങ്ങാട് ഊറിയക്കോട് സ്വദേശി ചെല്ല ചന്ദ്രദാസാണ് പിടിയിലായത്. സന്ദര്‍ശകരുടെ കൂട്ടത്തില്‍ സെക്രട്ടേറിയറ്റില്‍ എത്തിയ ഇയാള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ കയറിക്കൂടിയ ശേഷം ഫോണിലൂടെ മറ്റുമന്ത്രിമാരെ വിളിക്കുകയായിരുന്നു. ഇയാളെ എക്സൈസ് മന്ത്രി കെ. ബാബുവും അദ്ദേഹത്തിന്റെ ഗണ്‍മാനും ചേര്‍ന്നു പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ കൈവശം കവിതകളും പരാതികളും ഉണ്ടായിരുന്നു. ഭരണ വിരുദ്ധതയായിരുന്നു കവിതകളിലെ "പ്രമേയം'. ഇയാളെ കന്റോണ്‍മെന്റ് പോലീസ് വിശദമായ ചോദ്യംചെയ്യലിന് വിധേയനാക്കി. ഇയാള്‍ ഒരു കായിക താരമാണെന്നാണ് പറയുന്നത്. ക്യാന്‍സര്‍ രോഗികള്‍ക്ക് ആവശ്യമായ ധനസഹായത്തിന് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് വരെ ഓടിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ നിന്നും പോലീസിന് മനസിലായി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ അതിക്രമിച്ചു കയറിയതു ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് വിലയിരുത്തപ്പെടുന്നു.