വെള്ളം കിട്ടാതെ കുഴഞ്ഞുവീണ നാല്‍ക്കാലിയെ തല്ലിക്കൊന്നു

Wednesday 8 May 2013 10:41 pm IST

വടക്കാഞ്ചേരി: പെരുമ്പിലാവില്‍ മിണ്ടാപ്രാണികളോട്‌ ക്രൂരപീഡനം. വെള്ളം കിട്ടാതെ കുഴഞ്ഞുവീണ നാല്‍ക്കാലിയെ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ ഒരാളെ എരുമപ്പെട്ടി പോലീസ്‌ കസ്റ്റഡിയിലെടുത്തു. പെരുമ്പിലാവ്‌ ചന്തയില്‍ നിന്നും തൃശ്ശൂരിലേക്ക്‌ നടത്തികൊണ്ട്‌ പോവുകയായിരുന്ന നാല്‍ക്കാലികളില്‍ ഒരുകാള വെള്ളം കിട്ടാതെ ദാഹിച്ചു വലഞ്ഞു കുഴഞ്ഞുവീഴുകയായിരുന്നു.
അക്കിക്കാവ്‌-കേച്ചേരി ബൈപ്പാസിലെ പന്നിത്തടം കോണ്‍കോട്‌ സ്കൂളിനു സമിപം തളര്‍ന്നുവീണ കാളയെ നോട്ടക്കാര്‍ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന്‌ നോട്ടക്കാര്‍ കൂട്ടമായി കാളയെ തല്ലുകയായിരുന്നു. ഇവരുടെ ക്രൂരതയ്ക്ക്‌ ഇരയായ കാള അല്‍പ്പസമയത്തിനകം ചത്തു. ബീഹാറില്‍ നിന്നാണ്‌ കാളകളെ വാഹനത്തില്‍ പെരുമ്പിലാവിലേക്ക്‌ കൊണ്ടുവന്നത്‌.
പൊരിവെയിലത്ത്‌ കുത്തിനിറച്ച്‌ കൊണ്ടുവരുന്ന മിണ്ടാപ്രാണികള്‍ക്ക്‌ വെള്ളവും, തീറ്റയും നല്‍കാതെയാണ്‌ തൃശ്ശൂരിലേക്ക്‌ കൊണ്ടു പോയിരുന്നത്‌. തൃശ്ശൂരിലെ മാര്‍ക്കറ്റിലേക്ക്‌ അറവിനായാണ്‌ നാല്‍ക്കാലികളെ കൊണ്ടു പോകുന്നതെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.
സംഭവവുമായി ബന്ധപ്പെട്ട്‌ ദേശമംഗലം പള്ളം സ്വദേശി ഹംസയെ എരുമപ്പെട്ടി പോലീസ്‌ കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ കാളത്തോട്‌ സ്വദേശി ഏനുവിനാണ്‌ കാളകളെ കൊണ്ടുപോകുന്നതെന്ന്‌ ഹംസ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.