പരാജയം അംഗീകരിക്കുന്നു: ബിജെപി

Wednesday 8 May 2013 11:55 pm IST

ന്യൂദല്‍ഹി: കര്‍ണാടകത്തിലെ തോല്‍വി അംഗീകരിക്കുന്നതായി ബിജെപി. യെദ്യൂരപ്പ പാര്‍ട്ടിവോട്ടുകള്‍ കവര്‍ന്നെടുത്തതാണ്‌ ബിജെപി പിന്നിലാകാന്‍ കാരണമെന്ന്‌ പാര്‍ട്ടി വക്താവ്‌ രവിശങ്കര്‍ പ്രസാദ്‌ പ്രതികരിച്ചു. കര്‍ണാടകയിലെ പരാജയത്തിന്റെ പാഠം ഉള്‍ക്കൊണ്ട്‌ ദല്‍ഹിയില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ്‌ ജനങ്ങള്‍ക്ക്‌ നല്‍കുന്ന ഉറപ്പെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ യദ്യൂരപ്പയുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുമോയെന്ന്‌ ഇപ്പോള്‍ പറയാനാകില്ലെന്നും രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ ലോക്സഭാതിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയാണ്‌ 1989 മുതലുള്ള പതിവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യെദ്യൂരപ്പയുടെ പാര്‍ട്ടിയടക്കം നിരവധി ഘടകങ്ങള്‍ തോല്‍വിക്കു കാരണമായെന്നു ജനറല്‍ സെക്രട്ടറി രാജീവ്‌ പ്രതാപ്‌ റൂഡിയും പ്രതികരിച്ചു. ബിജെപിയുടെ വോട്ട്്ബാങ്കില്‍ ഭിന്നിപ്പുണ്ടായതായി പ്രകാശ്‌ ജാവ്ദേക്കര്‍ പറഞ്ഞു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന്‌ കര്‍ണാടക ബിജെപി അധ്യക്ഷന്‍ പ്രഹ്ലാദ്‌ ജോഷി പ്രതികരിച്ചു. കെജെപി മാത്രമല്ല മറ്റു പാര്‍ട്ടികളും വോട്ടുകള്‍ പങ്കിട്ടു. കോണ്‍ഗ്രസ്‌ വിരുദ്ധ വോട്ടുകളും ഭിന്നിച്ചുപോയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്‌ ഫലം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
എന്നാല്‍ കര്‍ണാടകയില്‍ ബിജെപിയുടേത്‌ ആശയപരമായ പരാജയമാണെന്ന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌ പറഞ്ഞു. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അഴിമതിയാണെന്നും ഇതിനെതിരായ ജനവിധി കൂടിയാണ്‌ തെരഞ്ഞെടുപ്പ്‌ ഫലമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.