ഹയര്‍ സെക്കന്ററിയില്‍ 81.34 ശതമാനം വിജയം; വിഎച്ച്‌എസ്‌ഇയില്‍ 85.35 ശതമാനം

Wednesday 8 May 2013 11:57 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 81.34 ശതമാനം വിജയം. തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്ററി പരീക്ഷയില്‍ (വി.എച്ച്‌.എസ്‌.ഇ) 85.35 ശതമാനം പേരും ഉപരിപഠനത്തിന്‌ യോഗ്യത നേടി. 15 ശതമാനം മോഡറേഷന്‍ നല്‍കിയിട്ടും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ വിജയശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത്‌ 88.08 ശതമാനം ആയിരുന്നു. കഴിഞ്ഞ വര്‍ഷം വിഎച്ച്‌എസ്‌ഇ വിഭാഗത്തില്‍ വിജയം 84.73 ശതമാനം ആയിരുന്നു.
ഹയര്‍ സെക്കന്ററി റഗുലര്‍ വിഭാഗത്തില്‍ 1904 സ്കൂളുകളില്‍ നിന്നായി 3,15,293 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 2,56,454 പേരാണ്‌ ഡി പ്ലസോ അതിന്‌ മുകളിലോ ഗ്രേഡുകള്‍ കരസ്ഥമാക്കി ഉപരിപഠനത്തിന്‌ അര്‍ഹത നേടിയത്‌. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 35.13 ശതമാനം(24,814 പേര്‍) ആണ്‌ വിജയം. കംപാര്‍ട്ട്മെന്റല്‍ വിഭാഗത്തില്‍ 26.66 ഉം (4827) ടെക്നിക്കലില്‍ 80.97 ഉം(1672) ആര്‍ട്ട്‌ വിഭാഗത്തില്‍ 96.23 ഉം(51 പേര്‍) ആണ്‌ വിജയശതമാനം. റഗുലര്‍ വിഭാഗത്തില്‍ ജയിച്ചവരില്‍ 1,45,162 (87.11 ശതമാനം) പേര്‍ പെണ്‍കുട്ടികളും 1,11,292 (74.87 ശതമാനം) പേര്‍ ആണ്‍കുട്ടികളുമാണ്‌.
സയന്‍സില്‍ 82.83 ശതമാനം പേരും(1,32,566 പേര്‍), ഹ്യുമാനിറ്റീസില്‍ 74.60 ശതമാനം (48,030)വും കൊമേഴ്സില്‍ 83.48 ഉം (75,858) ആണ്‌ വിജയശതമാനം. എസ്‌.സി വിഭാഗത്തില്‍ 62.46 ശതമാനവും(20,506 പേര്‍), എസ്‌.ടി വിഭാഗത്തില്‍ 58.82 ശതമാനവും (2271) ആണ്‌ വിജയം. സര്‍ക്കാര്‍ സ്കൂളികളിലെ 80.59 ശതമാനം പേരും(1,14,635) എയ്ഡഡ്‌ സ്കൂളിലെ 83.53 ശതമാനം(1,18,716) അണ്‍ എയ്ഡഡ്‌ സ്കൂളിലെ 23,438 (74.75 ശതമാനം) പേരും വിജയിച്ചു.
5132 പേര്‍ എല്ലാ വിഷയത്തിനും എ പ്ലസ്‌ ഗ്രേഡ്‌ കരസ്ഥമാക്കി. ഇതില്‍ 3519 പേര്‍ പെണ്‍കുട്ടികളും 1613 പേര്‍ ആണ്‍കുട്ടികളുമാണ്‌. സയന്‍സില്‍ 4371 പേര്‍ക്കും ഹ്യൂമാനിറ്റീസ്‌ വിഭാഗത്തില്‍ 121 പേരും കൊമേഴ്സ്‌ വിഭാഗത്തില്‍ 640 പേരും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടി. 17,654 പേര്‍ക്ക്‌ എയും അതിനു മുകളിലുമുള്ള ഗ്രേഡുകള്‍ നേടാനായി. 30,640 പേര്‍ ബി പ്ലസും അതിനു മുകളിലും ഗ്രേഡും 46,730 പേര്‍ ബി ഗ്രേഡും നേടി. 69,091 പേര്‍ക്ക്‌ സി പ്ലസും അതിനു മുകളിലും ഗ്രേഡ്‌ നേടാനായി. 86,470 പേര്‍ സി ഗ്രേഡ്‌ നേടി. 55,636 പേര്‍ ഡി ഗ്രേഡും 1466 പേര്‍ ഇ ഗ്രേഡിനും അര്‍ഹത നേടി. ഹയര്‍ സെക്കന്ററിയില്‍ 42 സ്കൂളുകള്‍ നൂറുമേനി വിജയം കരസ്ഥമാക്കി. 4 സ്പെഷ്യല്‍ സ്കൂളുകളും 32അണ്‍ എയ്ഡഡ്‌ സ്കൂളുകളും 4 എയ്ഡഡ്‌ സ്കൂളുകളും 2 സര്‍ക്കാര്‍ സ്കൂളുകളും ഉള്‍പെടും. ഹയര്‍സെക്കന്ററി വിജയശതമാനത്തില്‍ എറണാകുളം ജില്ലയാണ്‌ മുന്നില്‍. 84.82 ശതമാനം. ഏറ്റവും പിന്നില്‍ പത്തനംതിട്ട ജില്ലയാണ്‌, 74.79 ശതമാനം. ഏറ്റവും കൂടുതല്‍ എ പ്ലസ്‌ നേടിയ ജില്ല തൃശൂരാണ്‌(642). എസ്‌.ടി വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും 79 പേരും എസ്‌.സി വിഭാഗത്തില്‍ 5 പേരും എ പ്ലസ്‌ നേടി.
വിഎച്ച്‌എസ്‌ഇ റഗുലര്‍ വിഭാഗത്തില്‍ പാര്‍ട്ട്‌ ഒന്ന്‌ രണ്ട്‌ മൂന്ന്‌ വിഭാഗങ്ങളില്‍ പരീക്ഷ എഴുതിയ 26,254 ല്‍ 22,408 പേരാണ്‌ വിജയിച്ചത്‌. പാര്‍ട്ട്‌ ഒന്നിലും രണ്ടിലും യോഗ്യത നേടി ട്രേഡ്‌ സര്‍ട്ടിഫിക്കറ്റിന്‌(തൊഴിലിനും അപ്രന്റിസ്ഷിപ്പും യോഗ്യര്‍) 24,557 പേര്‍(90.32 ശതമാനം) അര്‍ഹത നേടി. കഴിഞ്ഞ വര്‍ഷം ഇത്‌ 91.97 ശതമാനം ആയിരുന്നു.
കണ്ടിന്യൂവസ്‌ ആന്റ്‌ ഇവാലുവേഷന്‍ ആന്റ്‌ ഗ്രേഡിംഗ്‌ പരിഷ്കരിച്ച്‌ സ്കീമില്‍ പ്രൈവറ്റ്‌ വിഭാഗത്തില്‍ പാര്‍ട്ട്‌ ഒന്നിനും രണ്ടിനും 52.36 ശതമാനം(122) പേര്‍ യോഗ്യത നേടി. പാര്‍ട്ട്‌ ഒന്ന്‌, രണ്ട്‌, മൂന്ന്‌ വിഭാഗങ്ങളില്‍ 52.44 ശതമാനം(1186) പേര്‍ യോഗ്യത നേടി. കണ്ടിന്യൂവസ്‌ ആന്റ്‌ ഇവാലുവേഷന്‍ ആന്റ്‌ ഗ്രേഡിംഗ്‌ പ്രാരംഭ സ്കീമില്‍ പാര്‍ട്ട്‌ ഒന്നിനും രണ്ടിനും 95 ശതമാനം(19) പേര്‍ യോഗ്യത നേടി. പാര്‍ട്ട്‌ ഒന്ന്‌, രണ്ട്‌, മൂന്ന്‌ വിഭാഗങ്ങളില്‍ 81.94 ശതമാനം(59) പേര്‍ യോഗ്യത നേടി. പാര്‍ട്ട്‌ ഒന്നിലും രണ്ടിലും ഏറ്റവും കൂടുതല്‍ വിജയം വയനാട്ടിലും (97.89ശതമാനം) കുറവ്‌ പത്തനംതിട്ടയിലുമാണ്‌(77.63 ശതമാനം). പാര്‍ട്ട്‌ ഒന്നിലും രണ്ടിലും മൂന്നിലും ഏറ്റവും കൂടുതല്‍ വിജയം വയനാട്‌ ജില്ലക്ക്‌(93.68 ശതമാനം) തന്നെയാണ്‌. ഈ വിഭാഗത്തിലും കുറവ്‌ പത്തനം തിട്ടയാണ്‌(73.60 ശതമാനം).
56 സര്‍ക്കാര്‍ സ്കൂളുകള്‍ക്കും 20 എയ്ഡഡ്‌ സ്കൂളുകള്‍ക്കും പാര്‍ട്ട്‌ ഒന്നിലും രണ്ടിലും 100 മേനി വിജയം കൈവരിക്കാനായി. പരീക്ഷ എഴുതിയ എല്ലാവരെയും ഉപരിപഠനത്തിന്‌ അയക്കാന്‍ കഴിഞ്ഞ 38 സര്‍ക്കാര്‍ സ്കൂളുകളും 14 എയ്ഡഡ്‌ സ്കൂളുകളും ഉണ്ട്‌. സെക്രട്ടറിയേറ്റ്‌ പി.ആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പി.കെ അബ്്ദുറബ്ബാണ്‌ വിഎച്ച്‌എസ്‌ഇ ഫലപ്രഖ്യാപനവും നടത്തിയത്‌. ഞെക്കാട്‌ വിഎച്ച്‌എസ്‌എസിലെ ഹരിതാസുദര്‍ശന്‍, കുന്നംകുളം വി.എച്ച്‌.എസ്‌.എസിലെ കെ.ആര്‍.അഞ്ജലി, ടി.എസ്‌ ശരണ്യ എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ ഗ്രേഡ്‌ നേടി.
തിരുവനന്തപുരത്ത്‌ വിദ്യാഭ്യാസമന്ത്രി പി.കെ അബ്്ദുറബ്ബാണ്‌ വാര്‍ത്താസമ്മേളനത്തില്‍ ഫലപ്രഖ്യാപനം നടത്തിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.