ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവെച്ചു

Thursday 9 May 2013 11:27 pm IST

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, വൈസ് പ്രസിഡന്റ് കെ. എ. അപ്പച്ചന്‍ എന്നിവര്‍ തല്‍സ്ഥാനങ്ങള്‍ രാജിവെച്ചു. ഇന്നലെ വൈകിട്ട് 3.30ന് ജില്ലാ പഞ്ചായത്തില്‍ പ്രത്യേകയോഗം ചേര്‍ന്ന് അംഗങ്ങള്‍ പ്രവര്‍ത്തന അവലോകനം നടത്തിയതിനുശേഷമാണ് സെക്രട്ടറി തോമസുകുട്ടി സെബാസ്റ്റ്യന് ഇരുവരും രാജി സമര്‍പ്പിച്ചത്. സെക്രട്ടറി രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മീഷനു വിവരം കൈമാറിയശേഷം പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിക്കും. പുതിയ സാരഥികള്‍ സ്ഥാനം ഏല്‍ക്കുന്നതുവരെ വികസനകാര്യ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ ബിനുവിനാണ് പ്രസിഡന്റിന്റെ താത്ക്കാലിക ചുമതല. മുന്നണിയിലെ മുന്‍ധാരണപ്രകാരമാണു രണ്ടരവര്‍ഷം പൂര്‍ത്തിയാക്കിയ പ്രസിഡന്റ് കോണ്‍ഗ്രസിലെ രാധാ വി. നായരും വൈസ് പ്രസിഡന്റ് കേരള കോണ്‍ഗ്രസിലെ കെ എ അപ്പച്ചനും സ്ഥാനമൊഴിഞ്ഞത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന കഴിഞ്ഞ ഏഴിനു തല്‍സ്ഥാനങ്ങള്‍ രാജിവെക്കണമെന്നായിരുന്നു മുന്‍ധാരണ. എന്നാല്‍ കെ പി സി സി പ്രസിഡന്റിന്റെ കേരളയാത്രയുടെ ജില്ലയിലെ പരിപാടികള്‍ നടന്നതിനാല്‍ പദവികള്‍ രാജിവെക്കുന്നത് ഇന്നലത്തേക്കു നീട്ടുകയായിരുന്നു. അതേ സമയം യോഗം ആരംഭിച്ച് ഏറെനേരം കഴിഞ്ഞിട്ടും കെ എ അപ്പച്ചന്‍ യോഗത്തിന് എത്താതിരുന്നത് ചിലരില്‍ ആശങ്കയുണര്‍ത്തി. കേരളയാത്രയുടെ വൈക്കത്തെസ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങവെ ഗതാഗതക്കുരുക്കില്‍പെട്ട് നട്ടംതിരിഞ്ഞ അനുഭവം സഹപ്രവര്‍ത്തകരോട് പങ്കുവെച്ചശേഷമാണ് അപ്പച്ചന്‍ പ്രസംഗിച്ചത്. യു ഡി എഫിലെ മുന്‍ധാരണപ്രകാരം ഇനിയുള്ള രണ്ടര വര്‍ഷം പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗസ് എമ്മിനും വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനുമായിരിക്കും. കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ഈരാറ്റുപേട്ട ഡിവിഷനില്‍നിന്നുള്ള അംഗവുമായ നിര്‍മ്മല ജിമ്മിയാണു പുതിയ പ്രസിഡന്റ്. ഒട്ടേറെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി എ വിഭാഗത്തിലെ ഫില്‍സണ്‍ മാത്യുവിനെ യാണ് തീരുമാനിച്ചിരിക്കുന്നത്. ഇതു ധാരണയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം പട്ടികജാതി, പിന്നോക്ക വിഭാഗത്തിന് നല്‍കണമെന്ന ആവശ്യവും ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.