വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ കോടതി നിര്‍ദേശം ലഭിച്ചാല്‍ നടപ്പാക്കും

Wednesday 3 August 2011 4:38 pm IST

ന്യൂദല്‍ഹി: പത്രപ്രവര്‍ത്തകരുടെയും പത്രജീവനക്കാരുടെയും വേതനപരിഷ്കരണത്തിനുള്ള ജസ്റ്റിസ്‌ മജീദിയ വേജ്ബോര്‍ഡ്‌ ശുപാര്‍ശകള്‍ സുപ്രീം കോടതി നിര്‍ദേശം ലഭിച്ചാല്‍ നടപ്പാക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യസഭയില്‍ ചോദ്യോത്തരവേളയ്ക്കിടെ കേന്ദ്ര തൊഴില്‍വകുപ്പു മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്‌ ഇക്കാര്യം അറിയിച്ചത്‌. കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം എം.പി.അച്യുതന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് തൊഴില്‍മന്ത്രി മല്ലികാര്‍ജ്ജുന ഖാര്‍ഗെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്‌. ഉത്തരവാദിത്തത്തില്‍ നിന്ന്‌ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നില്ലെന്നും സുപ്രീം കോടതി നിര്‍ദേശം ലഭിച്ചു കഴിഞ്ഞാല്‍ ശുപാര്‍ശകള്‍ നടപ്പാക്കാനുളള എല്ലാ നടപടികളും എടുക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. വേജ് ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കുന്നത് ഒരു സ്വകാര്യ അന്യായത്തെ തുടര്‍ന്ന് സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്ക് തടഞ്ഞിരുന്നു. എന്നാല്‍ കാലാവധി തീര്‍ന്നെങ്കിലും അടുത്തവാദം കേള്‍ക്കുന്നതുവരെ നടപ്പാക്കരുതെന്ന സോളിസിറ്റര്‍ ജനറലിന്റെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ശുപാര്‍ശ പരിഗണിക്കാത്തതെന്നും മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.