ചലഞ്ചേഴ്സ്‌ ട്രാക്കില്‍

Sunday 12 May 2013 12:24 am IST

ന്യൂദല്‍ഹി: ഡെയര്‍ ഡെവിള്‍സിന്റെ വിധിയില്‍ മാറ്റമുണ്ടായില്ല. പത്താംതവണയും അവര്‍ തോറ്റു. പക്ഷേ, ഇത്തവണ പൊരുതിവീണെന്നു പറയാം. ഐപിഎല്ലില്‍ വെള്ളിയാഴ്ച്ച നടന്ന അങ്കത്തില്‍ നാല്‌ റണ്‍സിനായിരുന്നു ചെകുത്താന്‍മാരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്‌ മറികടന്നത്‌. ചലഞ്ചേഴ്സ്‌ മുന്നില്‍വച്ച 184 റണ്‍സിന്റെ വിജയലക്ഷ്യംതേടിയ ഡെയര്‍ ഡെവിള്‍സ്‌ 7 വിക്കറ്റിന്‌ 179ല്‍ ഒതുങ്ങി. നാല്‌ ഓവറില്‍ 25 റണ്‍സിന്‌ 5 വിക്കറ്റുകള്‍ പിഴുത ചലഞ്ചേഴ്സ്‌ മീഡിയം പേസര്‍ ജാവേദ്‌ ഉനാദ്കത്‌ മാന്‍ ഒഫ്‌ ദ മാച്ച്‌. ജയത്തോടെ ബാംഗ്ലൂര്‍ ടീം പ്ലേഓഫ്‌ സാധ്യത നിലനിര്‍ത്തി. ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്‌ എല്ലാം പഴയതുപോലെ തന്നെയായിരുന്നു. മഹേല ജയവര്‍ധനെയും(19), വീരേണ്ടര്‍ സേവാഗും (18) താത്കാലിക നായകന്‍ ഡേവിഡ്‌ വാര്‍ണറും (4) ടീമിനെ തുണച്ചില്ല. ഉന്‍മുക്ത്‌ ചന്ദ്‌ (35 പന്തില്‍ 41) ഒറ്റയാനായി. 27 പന്തില്‍ 32 റണ്‍സെടുത്ത ബെന്‍ റോഹ്‌ററും ചലഞ്ചേഴ്സ്‌ ക്യാംപില്‍ ഭീതി പരത്തി. എങ്കിലും 17-ാ‍ം ഓവറില്‍ 6ന്‌ 131 എന്ന നിലയിലായിരുന്ന ഡെവിള്‍സ്‌ ലക്ഷ്യത്തില്‍ നിന്ന്‌ ഏറെ അകലംപാലിച്ചു. പക്ഷേ, ഇര്‍ഫാന്‍ പഠാന്‍ (11 പന്തില്‍ 23 നോട്ടൗട്ട്‌, രണ്ട്‌ ഫോര്‍, രണ്ട്‌ സിക്സര്‍), മോണി മോര്‍ക്കല്‍ (10 പന്തില്‍ 19, മൂന്ന്‌ ഫോര്‍) എന്നിവര്‍ നടത്തിയ കടന്നാക്രമണം ദല്‍ഹിക്കു വിജയ പ്രതീക്ഷ നല്‍കി. അവസാന ഓവറില്‍ ഡെയര്‍ ഡെവിള്‍സിന്‌ 19 റണ്‍സ്‌ വേണമായിരുന്നു. ഉനാദ്കതിനെ മോര്‍ക്കലും പഠാനും ഓരോ ബൗണ്ടറികള്‍ക്കു ശിക്ഷിച്ചു. അഞ്ചാം പന്തില്‍ ഉനാദ്കതിന്റെ യോര്‍ക്കര്‍ മോര്‍ക്കലിന്റെ കുറ്റിപിഴുതു. അവസാന പന്ത്‌ ഉമേഷ്‌ യാദവ്‌ അതിര്‍ത്തി കടത്തിയെങ്കിലും ദല്‍ഹി വിജയത്തിലെത്തിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.