കോമണ്‍വെല്‍ത്ത്‌: സിഎജി റിപ്പോര്‍ട്ട്‌ കേന്ദ്രത്തിന്‌ തിരിച്ചടി

Wednesday 3 August 2011 9:45 pm IST

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഗെയിംസുമായി ബന്ധപ്പെട്ട്‌ ക്രമക്കേടുകള്‍ നടക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി ദല്‍ഹി കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സിഎജി റിപ്പോര്‍ട്ട്‌ യുപിഎ സര്‍ക്കാരിന്‌ തിരിച്ചടിയാവുന്നു.
വ്യത്യസ്ത കായികമേളകള്‍ക്കായി പദ്ധതികള്‍ നടപ്പാക്കിയതില്‍ ഷീലാ ദീക്ഷിത്‌ സര്‍ക്കാര്‍ വന്‍ ക്രമക്കേടുകള്‍ നടത്തിയെന്നും കൂടുതല്‍ പണം ചെലവാക്കിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ ഒളിമ്പിക്സ്‌ അസോസിയേഷന്റെ തലവനും കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംഘാടകസമിതി തലവനുമായ സുരേഷ്‌ കല്‍മാഡി കായികമാമാങ്കത്തിന്റെ നടത്തിപ്പിന്റെ പേരില്‍ കോടിക്കണക്കിന്‌ രൂപ നികുതി വെട്ടിച്ചുവെന്നുമുള്ള സിഎജിയുടെ കണ്ടെത്തല്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ ഞെട്ടിച്ചതിന്‌ പിന്നാലെയാണ്‌ ഷീലാ ദീക്ഷിത്‌ സര്‍ക്കാരിനെതിരെ സിഎജിയുടെ കുറ്റാരോപണം വരുന്നത്‌.
കല്‍മാഡിയെ സംഘാടകസമിതി തലവനായി നിയമിച്ചതിന്‌ പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ആയിരുന്നുവെന്നും സിഎജി കുറ്റപ്പെടുത്തിയിട്ടുണ്ട്‌. വീഥികള്‍ മോടിപിടിപ്പിക്കുന്നതിനായി 'സ്പേജ്‌ എയ്ഡ്‌' എന്ന കമ്പനിയെ ഒഴിവാക്കിയിരുന്നു. എന്നാല്‍ അതിനുശേഷം ഈ കമ്പനിയെ വീണ്ടും അതിനായി നിയമിച്ചതില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും പാര്‍ലമെന്റില്‍ അവതരിപ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. വീഥികള്‍ നവീകരിക്കുന്നതിന്‌ ദല്‍ഹി സര്‍ക്കാര്‍ 100 കോടി രൂപ നല്‍കിയിരുന്നു. എന്നാല്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന്‌ 31.07 കോടി രൂപ അധികം ചെലവഴിച്ചെന്നുമാണ്‌ സിഎജിയുടെ നിരീക്ഷണം. ദല്‍ഹിയിലെ വഴിയോര വിളക്കുകള്‍ നവീകരിക്കാനുള്ള പദ്ധതി അനുസരിച്ച്‌ ലൈറ്റുകള്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനമെടുത്തത്‌ മുഖ്യമന്ത്രിയാണെന്നും സിഎജി വ്യക്തമാക്കി.
സിഎജി റിപ്പോര്‍ട്ട്‌ നിരാകരിക്കുകയും റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനുശേഷം പ്രതികരിക്കാമെന്നാണ്‌ ഷീലാ ദീക്ഷിതിന്റെ നിലപാട്‌. സിഎജി റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനുശേഷം പബ്ലിക്‌ അക്കൗണ്ട്സ്‌ കമ്മറ്റി തീര്‍ച്ചയായും പരിശോധിക്കുമെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി വി. നാരായണസ്വാമി പറഞ്ഞു.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.