എന്‍ഐഎക്ക്‌ കോടതിയുടെ രൂക്ഷവിമര്‍ശനം

Wednesday 3 August 2011 9:46 pm IST

മുംബൈ: മാലെഗാവ്‌ സ്ഫോടനക്കേസില്‍ യാതൊരു തെളിവും ഹാജരാക്കാത്ത ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യെ രൂക്ഷമായി വിമര്‍ശിച്ച മുംബൈ ഹൈക്കോടതി രണ്ട്‌ പ്രതികള്‍ക്ക്‌ ജാമ്യം അനുവദിച്ചു.
സ്ഫോടനവുമായി പ്രതികള്‍ക്കുള്ള ബന്ധം തെളിയിക്കാന്‍ അന്വേഷണ ഏജന്‍സിക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. 2008 സെപ്തംബര്‍ സ്ഫോടനത്തില്‍ എന്‍ഐഎ കുറ്റക്കാരായി കണ്ടെത്തിയ രണ്ടുപേര്‍ക്കാണ്‌ കോടതി ജാമ്യം നല്‍കിയത്‌.
ഒരുലക്ഷം രൂപയുടെ ജാമ്യത്തിലാണ്‌ ഒക്ടോബര്‍ 2008 മുതല്‍ കസ്റ്റഡിയിലായിരുന്ന ശിവനാരായണന്‍ കല്‍സങ്കരക്കും ശ്യാം സാഹുവിനുമാണ്‌ കോടതി ജാമ്യം അനുവദിച്ചത്‌.
സ്ഫോടനക്കേസില്‍ കുറ്റാരോപിതര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന്‌ തെളിയിക്കുന്ന വസ്തുതകളൊന്നും കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഗൂഢാലോചനയിലും അവര്‍ക്ക്‌ കാര്യമായ പങ്കില്ല. പിടികിട്ടാപ്പുള്ളിയായ കല്‍സാംഗരയെ അറിയാമെന്നു മാത്രമാണ്‌ ആരോപിക്കുന്നത്‌. ജാമ്യം അനുവദിച്ചുകൊണ്ട്‌ ജസ്റ്റിസ്‌ എ.എം. തിപ്സെ പറഞ്ഞു.
സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡ്‌ അന്വേഷിച്ചിരുന്ന കേസ്‌ ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു. അന്വേഷണം തുടരുന്നതായി അറിയിക്കണമെന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക്‌ ഇതുവരെ പിടികൂടപ്പെട്ടവരുടെ പേരിലുള്ള കുറ്റം പോലും സ്ഥാപിക്കാനായിട്ടില്ല. മാത്രവുമല്ല, ഈ കേസിന്റെ വിചാരണ പോലും ഇനിയും ആരംഭിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ കുറ്റാരോപിതരെ വെറുതെ ജയിലിലടക്കേണ്ട കാര്യമില്ല, ജസ്റ്റിസ്‌ തിപ്സേ നിരീക്ഷിച്ചു. മുഖ്യമന്ത്രി രാമചന്ദ്ര കല്‍സങ്കരക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ശിവനാരായണനും ശ്യാമിനും എതിരെയും തെളിവുകള്‍ ഒന്നുമില്ലെന്നാണ്‌ കണക്കാക്കേണ്ടതെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. ശിവനാരായണന്‍ രാമചന്ദ്രന്റെ സഹോദരനും ശ്യാം അയാളുടെ വ്യാപാരപങ്കാളിയുമാണ്‌.
2008 സെപ്തംബര്‍ 29 ന്‌ നടന്ന സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക്പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതികളെന്ന്‌ സംശയിക്കപ്പെടുന്നവര്‍ക്കെതിരെ സംഘടിത കുറ്റകൃത്യത്തിനും നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന നിയമമനുസരിച്ചാണ്‌ കേസെടുത്തിരുന്നത്‌. ഇതിലെ ചില പ്രതികള്‍ സംഘടിത കുറ്റകൃത്യം തടയുന്ന വകുപ്പുകള്‍ തങ്ങള്‍ക്കെതിരെ ചുമത്തിയതിന്‌ എതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്‌.