കെഎസ്ഇബി കോട്ടയം ഓഫീസില്‍ വിളിക്കല്ലേ..... ഇവിടാരുമില്ലേ......

Sunday 12 May 2013 11:27 pm IST

കോട്ടയം: കോട്ടയം വൈദ്യുതി ബോര്‍ഡ് ഈസ്റ്റ് സെക്ഷനില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാകുന്നു. ഇരുപത്തിനാലായിരത്തോളം ഉപഭോക്താക്കളുള്ള കോട്ടയം ഈസ്റ്റ് സെക്ഷന്റെ കീഴില്‍ ഒരു അസിസ്റ്റന്റ് എഞ്ചിനീയറും ആറ് ഓവര്‍സിയറും ആറ് വര്‍ക്കേഴ്‌സും വിരലിലെണ്ണാവുന്ന ലൈന്‍മാന്‍മാരുമാണ് ജോലി ചെയ്യുന്നത്. കോട്ടയം മുതല്‍ കൊല്ലാട് എവി വരെയുംകഞ്ഞിക്കുഴി എവി വരെയും നീലിമംഗലം എവി വരെയും നട്ടാശേരി തിരുവഞ്ചൂര്‍ തൂത്തൂട്ടി പൂവത്തുംമൂട് എവി വരെയുമാണ് പ്രവര്‍ത്തനമേഖല. പതിനാലായിരം ഉപഭോക്താക്കളുണ്ടെങ്കില്‍ ഒരു സെക്ഷന്‍ ഓഫീസ് അനുവദിക്കണമെന്നാണ് കെഎസ്ഇബിയിലെ നിലവിലുള്ള നിയമം. എസ്എച്ച് മൗണ്ട്, തിരുവഞ്ചൂര്‍ കേന്ദ്രീകരിച്ച് ഓരോ സെക്ഷന്‍ ഓഫീസുകള്‍ കൂടി സ്ഥാപിതമായാല്‍ കോട്ടയം ഈസ്റ്റ് സെക്ഷനിലെ ജോലിഭാരം ഒഴിവാക്കുവാന്‍ കഴിയും.മാത്രമല്ല, ഉദ്യോഗസ്ഥരുടെ എണ്ണവും കൂടും. ആവശ്യത്തിന് ജീവനക്കാരുണ്ടായാല്‍ വൈദ്യുതി ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ വേഗത്തില്‍ കഴിയും. വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണി ചെയ്യാതെയും വൈദ്യുതി ലൈനിലേക്ക് വീണുകിടക്കുന്ന മരക്കൊമ്പുകളും മറ്റും വെട്ടിമാറ്റാതെയും ലൈനില്‍ തകരാറുണ്ടാകുന്നത് നിത്യസംഭവമാണ്. വൈദ്യുതിമുടക്കം കെഎസ്ഇബി ഓഫീസില്‍ വിളിച്ചുപറഞ്ഞാല്‍ ജീവനക്കാരില്ലെന്നാണ് മറുപടി. മിക്ക സമയങ്ങളിലും ഓഫീസിലെ ഫോണുകള്‍ എടുക്കാറില്ല. തിരുവഞ്ചൂര്‍ സബ് എഞ്ചിനീയറുടെ ഓഫീസില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമൂലം ലഭ്യമായ ജീവനക്കാര്‍ ഏറെ പണിപ്പെടാണ് വൈദ്യുതി ലൈനിലെ തടസ്സങ്ങള്‍ ഒഴിവാക്കുന്നത്. വൈദ്യുതി ചാര്‍ജ്ജ് അമിതമായി വര്‍ദ്ധിപ്പിച്ചിട്ടും ആവശ്യമായ സേവനം ലഭ്യമാക്കാന്‍ വൈദ്യുതി ബോര്‍ഡിന് കഴിയുന്നില്ല. മിക്കദിവസവും വൈദ്യുതി മുടങ്ങിയാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് പുനഃസ്ഥാപിക്കുന്നത്. കോട്ടയം ഈസ്റ്റ് സെക്ഷനെ വിഭജിച്ച് പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.