കൊച്ചി മെട്രോ നിര്‍മാണം ജൂണ്‍ ഏഴിന്‌ തുടങ്ങും: മുഖ്യമന്ത്രി

Monday 13 May 2013 12:51 am IST

കൊച്ചി: കൊച്ചി മെട്രോ റയിലിന്റെ നിര്‍മാണപ്രവര്‍ത്തനം ജൂണ്‍ ഏഴിന്‌ ഉദ്ഘാടനം ചെയ്യുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യത്തില്‍ കൊച്ചിക്ക്‌ സംസ്ഥാനസര്‍ക്കാര്‍ മുന്തിയ പരിഗണനയാണ്‌ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. മെട്രോയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി എറണാകുളത്ത്‌ സലിംരാജന്‍ റോഡിനെയും രാജാജി റോഡിനെയും ബന്ധിപ്പിക്കുന്ന എ.എല്‍.ജേക്കബ്‌ മേല്‍പ്പാലം നാടിനു സമര്‍പ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചി മെട്രോയുടെ നിര്‍മാണം സംബന്ധിച്ച്‌ കേരള,ദല്‍ഹി സര്‍ക്കാരുകളും ഡി.എം.ആര്‍.സി.യും കെ.എം.ആര്‍.എല്ലും ധാരണയിലെത്തിയിട്ടുണ്ട്‌. കരാര്‍ ഒപ്പിടുകയെന്നതു മാത്രമാണ്‌ ഇനിയവശേഷിക്കുന്നത്‌. മെട്രോ നിര്‍മാണത്തിനാവശ്യമായ 52 ഏക്കര്‍ ഭൂമിയും ഏറ്റെടുത്തുകഴിഞ്ഞു. ഇനി 48 ഏക്കര്‍ ഭൂമി കൂടിയാണ്‌ എടുക്കേണ്ടത്‌. ഇത്‌ എത്രയും വേഗം ഏറ്റെടുത്തുനല്‍കാന്‍ ജില്ല കളക്ടര്‍ക്ക്‌ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. അനുദിനം വളരുന്ന കൊച്ചിയുടെ അടിസ്ഥാനസൗകര്യവികസനത്തില്‍ പിന്നാക്കം പോയാല്‍ ഇന്നുള്ള സ്ഥാനവും നഷ്ടമാകും. ഇതുണ്ടാകാതിരിക്കാനാണ്‌ വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും വിധത്തില്‍ നടപ്പാക്കുന്നത്‌. ഇടപ്പള്ളി ഫ്ലൈഓവര്‍ മെട്രോ റയില്‍ നിര്‍മാണവുമായി ഒരുമിച്ചു പോകുന്ന തരത്തിലാണ്‌ വിഭാവന ചെയ്തിട്ടുള്ളത്‌. ആലുവയില്‍ നിന്ന്‌ ഇടപ്പള്ളി വരെയുള്ള ഭാഗത്ത്‌ ഭൂമിയേറ്റെടുക്കല്‍ ആവശ്യമില്ലെങ്കിലും അവിടെ നിന്ന്‌ എറണാകുളത്തേക്കു കുറച്ചു സ്ഥലം എടുക്കേണ്ടതായിവരും. ഇതിനും ജില്ല കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ദേശീയപാത അതോറിട്ടിയും തത്വത്തില്‍ പദ്ധതി അംഗീകരിച്ചുകഴിഞ്ഞതായും എത്രയും വേഗം ഇതിന്റെ നിര്‍മാണം തുടങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ പ്രധാന ആവശ്യങ്ങളായ പച്ചാളം മേല്‍പ്പാലം, തമ്മനം-പുല്ലേപ്പടി റോഡ്‌, വൈറ്റില മൊബിലിറ്റി ഹബ്‌ എന്നിവയും സമയബന്ധിതമായി പൂര്‍ത്തീകരിക്കും. തിരൂരില്‍ തുടങ്ങിയ കൊച്ചി -കോഴിക്കോട്‌ തീരദേശ ഇടനാഴിയുടെ ഒന്നാംഘട്ടവും സമയത്തുതന്നെ തീര്‍ക്കും. സമയബന്ധിതമായ പൂര്‍ത്തീകരണം പദ്ധതിയുടെ മാത്രമല്ല മൊത്തത്തിലുള്ള ആത്മവിശ്വാസമാണ്‌ വര്‍ധിപ്പിക്കുന്നതെന്ന്‌ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പള്ളുരുത്തിയിലേക്ക്‌ 2005-ല്‍ തുടങ്ങിയ ഹഡ്കോ കുടിവെള്ള പദ്ധതിയുടെ ആറ്‌ എം.എല്‍.ഡി. വെള്ളം കഴിഞ്ഞദിവസം മുതല്‍ കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. 100 എം.എല്‍.ഡി. വെള്ളം കൂടി ജനറം പദ്ധതിയിലൂടെ നല്‍കുന്നതോടെ കുടിവെള്ള പ്രശ്നത്തിന്‌ പരിഹാരമാകും. ഇതിനാവശ്യമായ 23 കോടി രൂപ കൂടി ഉടന്‍ നല്‍കും. ഡിസംബറില്‍ ഈ പദ്ധതിയും പൂര്‍ത്തീകരിക്കുമെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലം-കോട്ടപ്പുറം ജലപാത നവംബറില്‍ പ്രവര്‍ത്തനസജ്ജമാകും. പുതിയ സാങ്കേതികത ഉപയോഗിച്ചുള്ള മാലിന്യസംസ്കരണ പ്ലാന്റ്‌ ബ്രഹ്മപുരത്ത്‌ സ്ഥാപിക്കാന്‍ നടപടിയായി. നിര്‍മാണം തുടങ്ങിയാല്‍ 18 മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കും. സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡിന്റെ രണ്ടാംഘട്ടം ഈമാസം 23-ന്‌ ഉദ്ഘാടനം ചെയ്യും. 18 മാസത്തിനകം ഒന്നാംഘട്ടം പൂര്‍ത്തീകരിക്കുന്ന സ്മാര്‍ട്‌ സിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനം ജൂലൈയില്‍ ആരംഭിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്രമന്ത്രി കെ.വി.തോമസ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ എക്സൈസ്‌ മന്ത്രി കെ.ബാബു, മേയര്‍ ടോണി ചമ്മിണി, ചാള്‍സ്‌ ഡയസ്‌ എം.പി., ഹൈബി ഈഡന്‍ എം.എല്‍.എ. എന്നിവര്‍ പ്രസംഗിച്ചു. ഉപദേഷ്ടാവ്‌ ഇ.ശ്രീധരന്‍, ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്‌ പരീത്‌ എന്നിവര്‍ പങ്കെടുത്തു. ഡി.എം.ആര്‍.സി. മാനേജിങ്‌ ഡയറക്ടര്‍ മങ്കുസിങ്‌ സ്വാഗതവും പ്രൊജക്ട്‌ ഡയറക്ടര്‍ പി.ശ്രീരാം നന്ദിയും പറഞ്ഞു. പാലത്തിന്റെ രേഖകള്‍ ശ്രീരാം കൊച്ചി മേയര്‍ക്ക്‌ കൈമാറി. തുടര്‍ന്ന്‌ ജനങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രിയും സംഘവും പാലത്തിലൂടെ സഞ്ചരിച്ചാണ്‌ ഗതാഗതത്തിന്‌ തുറന്നുകൊടുത്തത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.