എരുമേലിയുടെ മതസൗഹാര്‍ദ്ദത്തെ കൊരട്ടി ആവേമരിയ ധ്യാനകേന്ദ്രം തകര്‍ക്കും: ഹിന്ദു ഐക്യവേദി

Wednesday 15 May 2013 12:11 am IST

എരുമേലി: ശബരിമല ക്ഷേത്രത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ എരുമേലിയുടെ മതസൗഹാര്‍ദ്ദത്തെ കൊരട്ടി ആവേമരിയ ധ്യാനകേന്ദ്രത്തിലൂടെ തകര്‍ക്കാന്‍ തന്ത്രം ആവിഷ്‌ക്കരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി. എരുമേലി കൊരട്ടിയില്‍ അനധികൃതമായി തുടങ്ങിയ ആവേമരിയ ധ്യാനകേന്ദ്രം സര്‍ക്കാരിന്റെയും കളക്ടറടക്കമുള്ള ഉദ്യോഗസ്ഥരുടേയും ഒത്താശയോടെ പ്രവര്‍ത്തിക്കാന്‍ ശ്രമം തുടരുകയാണെന്നും ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി. ഹരിദാസ് പറഞ്ഞു. എരുമേലിയില്‍ ഹിന്ദു ഐക്യവേദി നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ ആരംഭിച്ച ധ്യാനകേന്ദ്രം മതപരിവര്‍ത്തനകേന്ദ്രമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സത്യത്തിനും വിശ്വാസത്തിനും മാത്രമായി പ്രവര്‍ത്തിക്കേണ്ട പാതിരിമാരില്‍ ചിലര്‍ തട്ടിപ്പും വെട്ടിപ്പുമായി ഗുണ്ടകളെപ്പോലെയാണ് പലയിടത്തും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടിയിലെ ഡിവൈന്‍ ധ്യാനകേന്ദ്രവും തങ്കുപാസ്റ്ററുടെ ധ്യാനകേന്ദ്രവും കെ.പി. യോഹന്നാന്റെ ധ്യാന-സുവിശേഷ കേന്ദ്രങ്ങളുമെല്ലാം മതപരിവര്‍ത്തനത്തിന്റെ കേന്ദ്രങ്ങള്‍തന്നെയാണ്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് കളക്ടറും പോലീസുമാണ്. ഈ സാഹചര്യം ഇന്നും നിലനില്‍ക്കുകയാണ്. വിവിധ സമുദായ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചകളില്‍ ക്രിസ്തീയ പുരോഹിതര്‍ എതിര്‍ക്കുന്നുവെന്നും പറയുമ്പോഴും എരുമേലി, കോട്ടയം, ചാലക്കുടി പോലുള്ള സ്ഥലങ്ങളിലെ ധ്യാനകേന്ദ്രം വീണ്ടും അതിനുള്ള കോപ്പ് കൂട്ടുകയാണ്. അധികാരകേന്ദ്രങ്ങളുടെ ഒത്താശയില്‍ കോടികള്‍ ഒഴുക്കിയാണ് ഇവര്‍ മതപരിവര്‍ത്തനത്തിന് തയ്യാറായിരിക്കുന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും മതപരിവര്‍ത്തനത്തെ നിയമംമൂലം നിരോധിച്ചുവെങ്കിലും കേരളത്തില്‍ നിരോധിക്കാത്തത് ഭരണത്തെ മതാധിപത്യം കയ്യടിക്കുന്നുവെന്നതിന്റെ സൂചനയാണ്. ഹൈക്കോടതിപോലും ആശങ്ക പ്രകടിപ്പിച്ചിട്ടും ലൗജിഹാദിനെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ മതപരിവര്‍ത്തനത്തിന് പ്രോത്സാഹനമാണ് നല്‍കുന്നത്. കേരളത്തില്‍ 54 സുവിശേഷക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ഹിന്ദുഐക്യവേദിപോലുള്ള സംഘടനകള്‍ സര്‍ക്കാരിനും മറ്റും നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരു നടപടിയും എടുക്കുന്നുമില്ല. ധ്യാനകേന്ദ്രത്തിലെ സുവിശേഷത്തിന്റെ മറവില്‍ പാവങ്ങളെ കൊന്നൊടുക്കുന്ന ഇത്തരത്തിലുള്ള ധ്യാനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയില്ലെങ്കില്‍ ഇതിനെ തടയാന്‍ തങ്ങള്‍ തയ്യാറാകേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി. ഹിന്ദുഐക്യവേദി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ് എസ്. നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.കെ. സജീവന്‍, ഹരികൃഷ്ണന്‍, എ.സി. തുളസീധരന്‍, മണി രാജു, രണരാജ്, ആര്‍. ഹരിലാല്‍, എ.സി. പൊന്നപ്പന്‍പ്പിള്ള, റ്റി.കെ. കൃഷ്ണന്‍കുട്ടി, കൃഷ്ണന്‍പോറ്റി, വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.