ക്രീമിലെയര്‍ പരിധി: കേന്ദ്രസര്‍ക്കാര്‍ നാളെ അംഗീകാരം നല്‍കും

Wednesday 15 May 2013 3:56 pm IST

ന്യൂദല്‍ഹി: പിന്നോക്ക വിഭാഗങ്ങളിലെ ക്രീമിലെയര്‍ പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തണമെന്ന മന്ത്രിതല ശുപാര്‍ശ വ്യാഴാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കും.. പരിധി 12 ലക്ഷം രൂപ വരെ ഉയര്‍ത്തണമെന്ന ശുപാര്‍ശ തള്ളിക്കൊണ്ടാണ് മന്ത്രിതല സമിതി ആറ് ലക്ഷം രൂപയായി പരിധി നിശ്ചയിച്ചത്. ക്രീമിലെയര്‍ പരിധി നഗരങ്ങളില്‍ 12 ലക്ഷവും ഗ്രാമങ്ങളില്‍ ഒമ്പത് ലക്ഷവും ആക്കണമെന്നായിരുന്നു ദേശീയ പിന്നോക്ക ക്ഷേമ കമ്മിഷന്റെ ശുപാര്‍ശ. എന്നാല്‍ മന്ത്രിസഭയില്‍ ഇതുസംബന്ധിച്ച അഭിപ്രായ വ്യത്യാസ രൂക്ഷമായ സാഹചര്യത്തിലാണ് വിഷയം മന്ത്രിതല സമിതിയുടെ തീരുമാനത്തിന് വിടാന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് തീരുമാനിച്ചത്. ചിദംബരം അധ്യക്ഷനായ സമിതി ക്രീമിലെയര്‍ പരിധി നിലവിലെ നാലര ലക്ഷത്തില്‍ നിന്ന് ആറ് ലക്ഷമാക്കി ഉയര്‍ത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുന്നതോടെ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനും സംവരണം ലഭിക്കും. 27 ശതമാനം സംവരണമാണ് മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കുള്ളത്. 1993ലാണ് ക്രീമിലെയര്‍ പരിധി അനുസരിച്ച് സംവരണം നല്‍കിത്തുടങ്ങിയത്. അന്ന് പരിധി ഒരു ലക്ഷം രൂപയായിരുന്നു. പിന്നീട് 2008ല്‍ പരിധി നാലര ലക്ഷമായി ഉയര്‍ത്തി. വീട്ടു വേലക്കാര്‍ക്ക് തൊഴില്‍ സുരക്ഷിതത്ത്വം ഉറപ്പാക്കാനുള്ള ദേശീയ നയവും മന്ത്രിസഭാ യോഗം അംഗീകരിക്കും. ഇതോടെ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ വീട്ടു വേലക്കാരും വരും. നയം നടപ്പാവുന്നതോടെ വീട്ടുവേലക്കാര്‍ക്ക് മിനിമം വേതനത്തിന് അര്‍ഹതയുണ്ടാകും. മിനിമം വേതനം എത്രയെന്നു സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം. വീട്ടു വേലക്കാരുടെ ജോലി സമയം നിജപ്പെടുത്തുക, ആഴ്ച തോറുമുള്ള അവധിക്ക് പുറമേ വാര്‍ഷികാവധികളും അസുഖാവധികളും നല്‍കുക, സ്ത്രീകള്‍ക്ക് പന്ത്രണ്ട് ആഴ്ച പ്രസവാവധി എന്നിവയും നടപ്പാകും. വീട്ടു വേലക്കാര്‍ക്ക് ട്രേഡ് യൂണിയന്‍ രൂപീകരിക്കാനും അംഗങ്ങളാകാനും കഴിയും. വീട്ടു വേലക്കാരെ കൊണ്ട് കൂടുതല്‍ സമയം പണിയെടുപ്പിച്ചാല്‍ ഓവര്‍ ടൈം നിരക്ക് നല്‍കണമെന്നും നയത്തില്‍ വ്യവസ്ഥയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.