നൈജര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച 10 പേര്‍ പിടിയില്‍

Wednesday 3 August 2011 9:48 pm IST

നിയാമി: ഭരണം അട്ടിമറിക്കാന്‍ ജൂലൈയില്‍ ശ്രമങ്ങള്‍ നടത്തിയ 10 പേരെ അറസ്റ്റ്‌ ചെയ്തതായി നൈജര്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ ഇസോഫു അറിയിച്ചു. വിഫലമായ അട്ടിമറി ശ്രമത്തെക്കുറിച്ച്‌ മാര്‍ച്ചില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ പ്രസിഡന്റ്‌ ആദ്യമായാണ്‌ പരാമര്‍ശിക്കുന്നത്‌. പട്ടാളം കഴിഞ്ഞ മാസം ഇസോഫുവിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. 1960 ല്‍ ഫ്രാന്‍സില്‍നിന്നും സ്വതന്ത്രമായ നൈജറിന്‌ നാലു ഭാരണകൂട അട്ടിമറി ശ്രമങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട്‌. രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ 51-ാ‍ം വാര്‍ഷികത്തില്‍ രാജ്യത്തോടുള്ള പ്രസംഗത്തിലാണ്‌ പ്രസിഡന്റ്‌ ഇങ്ങനെ പരാമര്‍ശിച്ചതെന്ന്‌ ബിബിസി അറിയിച്ചു. പൊതു ഖജനാവ്‌ ധൂര്‍ത്തടിക്കുന്നതു തടയാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നടപടികള്‍ മൂലമാണ്‌ അട്ടിമറി ശ്രമങ്ങളുണ്ടായതെന്ന്‌ ഇസോഫു ചൂണ്ടിക്കാട്ടി. ഇസോഫുവിന്റെ അഴിമതി അവസാനിപ്പിക്കാനുള്ള തീരുമാനം ചില ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരുന്നു. 19 മാസം ഭരണം കൈയാളിയ മിലിട്ടറി ഇസോഫുവിന്‌ ഏപ്രില്‍ മാസമാണ്‌ അധികാരം കൈമാറിയത്‌. 2010 ഫെബ്രുവരിയില്‍ പട്ടാളം പ്രസിഡന്റ്‌ മമതോ താഞ്ചയെ പുറത്താക്കിയാണ്‌ അധികാരത്തിലെത്തിയത്‌. ഒക്ടോബറില്‍ ജനങ്ങള്‍ പുതിയ ഭരണഘടന അംഗീകരിക്കുകയും പ്രസിഡന്റിന്റെ അധികാരങ്ങള്‍ കുറക്കുകയും ചെയ്തു. അതേ വര്‍ഷം പ്രതിപക്ഷനേതാവായിരുന്ന ഇസോഫു ഒരു മൈനിംഗ്‌ എന്‍ജിനീയറായിരുന്നു. 58 ശതമാനം വോട്ടോടെയാണ്‌ അദ്ദേഹം അധികാരത്തിലേറിയത്‌.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.