പൊതുമരാമത്ത് മന്ത്രിയും എഞ്ചിനീയറും രണ്ടു തട്ടില്‍

Thursday 16 May 2013 1:23 am IST

പള്ളുരുത്തി: വെണ്ടുരുത്തി വിക്രാന്ത് പാലത്തില്‍ മണ്ണുമാന്തിക്കപ്പല്‍ ഇടിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പറഞ്ഞതിന് വിരുദ്ധമായി ചീഫ് എഞ്ചിനീയര്‍ നിലപാട് സ്വീകരിക്കുന്നത് പോലീസിന് തലവേദനയാകുന്നു. പാലത്തില്‍ കപ്പലിടിച്ച സംഭവം നടന്നയുടനെ സ്ഥലത്തെത്തിയ മന്ത്രി നിയമപരമായ എല്ലാ വഴിയും ആരാഞ്ഞശേഷം കപ്പല്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ കപ്പല്‍ കമ്പനിക്കെതിരെ ഹാര്‍ബര്‍ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ഇന്നുവരെ കപ്പല്‍ കമ്പനിക്കെതിരെ പരാതി നല്‍കുവാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ല. ഇതുമൂലം പോലീസ് പുലിവാല്‍ പിടിച്ച അവസ്ഥയിലാണ്. ബന്ധപ്പെട്ട വകുപ്പിന്റെ രേഖാമൂലമുള്ള പരാതിയില്ലാതെ കേസ് തുടര്‍ന്ന് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാകുമെന്ന് പോലീസ് പറയുന്നു. ഇത് കേസിനെ ഭാവിയില്‍ പ്രതികൂലമായി ബാധിക്കുവാനും സാധ്യതയുണ്ട്. കപ്പലിടിച്ചതുമൂലം വിക്രാന്ത് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിരുന്നു. കപ്പലിടിച്ച് പാലത്തില്‍ കേടുപാടുണ്ടായതിനെത്തുടര്‍ന്ന് പോലീസ് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. കപ്പല്‍ കൊച്ചിയില്‍നിന്നും പുറത്തേക്ക് കൊണ്ടുപോകരുതെന്ന് പോര്‍ട്ട്ട്രസ്റ്റ് അധികൃതരോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രേഖാമൂലം നല്‍കിയ നിര്‍ദ്ദേശം പോലീസ് കോടതിയിലും സമര്‍പ്പിച്ചിട്ടുണ്ട്. പാലം വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുമെന്ന് പൊതുമരാമത്ത് എഞ്ചിനീയര്‍ പറയുമ്പോഴും ഇദ്ദേഹത്തിന്റെ വാക്കില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പരിശോധനയില്‍ പാലത്തിന് കേടുപാടുണ്ടെന്ന് തെളിഞ്ഞാല്‍ നഷ്ടപരിഹാരം ഈടാക്കണം. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ കപ്പലുടമകളാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. പൊതുമരാമത്ത് എഞ്ചിനീയര്‍ പരാതിയില്ലെന്ന് പറയുന്ന ഘട്ടത്തില്‍ പിന്നീട് നഷ്ടപരിഹാരം ഈടാക്കുവാനും സാധിക്കില്ല. 2004ല്‍ വെണ്ടുരുത്തി പാലത്തില്‍ കപ്പലിടിച്ചപ്പോഴും സമാനമായ സംഭവമാണുണ്ടായത്. അന്നത്തെ അപകടത്തില്‍ പാലത്തിന്റെ തൂണുകള്‍ തകര്‍ന്നു. പാലത്തിന് പകരമായി റെയില്‍വേ പുതിയ പാലവും പണിതു. റെയില്‍വേയുടെ പണം മുടക്കി നിര്‍മ്മിച്ച പാലത്തിന് അപകടമുണ്ടാക്കിയ കപ്പല്‍ കമ്പനി യാതൊരു നഷ്ടപരിഹാരവും നല്‍കിയില്ല. കമ്പനി തന്ത്രപൂര്‍വ്വം രക്ഷപ്പെടുകയായിരുന്നു. നഷ്ടപരിഹാരം വാങ്ങാതിരുന്ന റെയില്‍വേ സംശയത്തിന്റെ നിഴലിലായി. ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി ആക്ഷേപവുമുയര്‍ന്നു. പിന്നീട് ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തുകയായിരുന്നു. നിലവിലെ സംഭവവികാസങ്ങളും പൊതുമരാമത്ത് ചീഫ് എഞ്ചിനീയറുടെ നിലപാട് സംശയങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. കപ്പല്‍ കമ്പനിയുടെ ഇടപെടലാണ് സംഭവത്തിന് പിന്നിലെന്നും ആക്ഷേപമുയരുന്നു. ഇതിനിടയില്‍ നേവിയെ പിണക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് എഞ്ചിനീയര്‍ പോലീസിനോട് പറഞ്ഞത്രെ! നിലവിലെ സംഭവവികാസങ്ങള്‍കൂടി കോടതിയെ ധരിപ്പിക്കുവാനുള്ള നീക്കത്തിലാണ് പോലീസ്. കെ.കെ.റോഷന്‍ കുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.