ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പര്യവേഷണത്തിന്‌ ചൈന അനുവാദം നേടി

Wednesday 3 August 2011 9:50 pm IST

ബെയ്ജിങ്ങ്‌: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 10000 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ പോളിമെറ്റാലിക്‌ സള്‍ഫൈഡ്‌ അയിരുകള്‍ പര്യവേഷണം ചെയ്യാന്‍ ചൈനക്ക്‌ അനുമതി ലഭിച്ചു. ഇതില്‍ ഇന്ത്യക്ക്‌ ആശങ്കയുണ്ട്‌.
കഴിഞ്ഞ ദിവസം രാത്രിയാണ്‌ ഒരു പ്രസ്താവനയിലൂടെ തങ്ങള്‍ക്ക്‌ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത്‌ പര്യവേഷണം നടത്താനുള്ള അനുമതി അന്തര്‍ദ്ദേശീയ സീ ബെഡ്‌ അതോറിറ്റിയില്‍നിന്നും ലഭിച്ചതായി ചൈനയിലെ ധാതുഗവേഷണ വികസന അസോസിയേഷന്‍ അറിയിച്ചത്‌.
ഭാവിയില്‍ അയിരുകള്‍ ഖാനനം ചെയ്യാന്‍ ചൈനയെ പര്യാപ്തമാക്കുന്ന 15 വര്‍ഷത്തെ ഒരു പര്യവേഷണ കരാര്‍ അന്തര്‍ദ്ദേശീയ സീ ബെഡ്‌ അതോററ്റിയുമായി അവര്‍ ഒപ്പുവെക്കും.
ചൈന മറ്റൊരു കരാറിലൂടെ പസഫിക്‌ സമുദ്രത്തിലെ 75000 ചതുരശ്ര കിലോമീറ്റര്‍ ലോഹ അയിരുകള്‍ പര്യവേഷണം നടത്താനുള്ള കരാറില്‍ 2001 ല്‍ ഒപ്പിട്ടിരുന്നതായി സിങ്ന്‍ഘുവാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
കരാര്‍പ്രകാരം ചൈനക്ക്‌ അതിന്റെ യുദ്ധക്കപ്പലുകള്‍ ഈ പ്രദേശത്തുകൊണ്ടുവരാനും ഇന്ത്യയുടെസമുദ്രത്തിലുള്ള ധാതുശേഖരത്തെ കുറിച്ച്‌ വിവരങ്ങള്‍ ശേഖരിക്കുവാനും കഴിയുമെന്നതിനാല്‍ ഇന്ത്യക്ക്‌ ഇതില്‍ ആശങ്കയുണ്ട്‌. ഇക്കാര്യം ഡയറക്ടറേറ്റ്‌ ഓഫ്‌ നേവല്‍ ഇന്റലിജന്‍സ്‌ സര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്‌. ഇതിന്റെ ഭാഗമായി ചൈന 5180 മീറ്റര്‍ കടലിനടിയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന 3 പേര്‍ക്ക്‌ കയറാവുന്ന ആഴക്കടല്‍ അന്തര്‍വാഹിനിയുടെ പരീക്ഷണം കഴിഞ്ഞ ദിവസം പസഫിക്‌ സമുദ്രത്തില്‍ പുനരാരംഭിച്ചു.
സ്റ്റേറ്റ്‌ ഓഷ്യാനിക്‌ അഡ്മിനിസ്ട്രേഷന്റെ റിപ്പോര്‍ട്ട്‌ പ്രകാരം ജിയലോങ്ങ്‌ എന്നുപേരുള്ള ആഴക്കടല്‍ അന്തര്‍വാഹിനി ജൂലൈ 21 നുശേഷം നാലു പ്രാവശ്യം പസഫിക്‌ സമുദ്രത്തില്‍ നിരീക്ഷണം നടത്തുകയുണ്ടായി. അടുത്തവര്‍ഷം 7000 മീറ്റര്‍ ആഴത്തില്‍ എത്താന്‍ കഴിയുന്ന അന്തര്‍വാഹിനികള്‍ ചൈന നിര്‍മിക്കും. ഇപ്പോഴത്തെ മുങ്ങിക്കപ്പലുകള്‍ മെയ്‌ 31 മുതല്‍ കഴിഞ്ഞവര്‍ഷം ജൂലൈ 18 വരെ 17 തവണ മുങ്ങിത്താഴുകയും 3759 മീറ്റര്‍ ആഴത്തിലെത്തുകയും ചെയ്തു. 3500 മീറ്ററില്‍ കൂടുതല്‍ ആഴത്തിലേക്ക്‌ മനുഷ്യരെ അയക്കാന്‍ കഴിവുള്ള ലോകത്തെ അഞ്ചാമത്തെ രാഷ്ട്രമാണ്‌ ചൈന. അമേരിക്ക, ഫ്രാന്‍സ്‌, റഷ്യ, ജപ്പാന്‍ ഇവയാണ്‌ മറ്റു രാഷ്ട്രങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.