ഭഗവല്‍സ്വരൂപന്‍

Wednesday 3 August 2011 9:56 pm IST

ഇഷ്ടദേവന്‌ പൂജ ചെയ്തുകൊണ്ടിരിക്കെ പ്രാണന്‍ വിഷ്ണുപദമണയുക. അപൂര്‍വതയില്‍ അപൂര്‍വമായ ഭാഗ്യം സിദ്ധിച്ചിരിക്കുകയാണ്‌ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍നമ്പൂതിരിക്ക്‌. ഒരു പുരുഷായുസ്‌ മുഴുവന്‍ ഋഷിവര്യനെപ്പോലെ ജീവിച്ച്‌ വിജ്ഞാനത്തിന്റെ മഹാനിധി ദാനംചെയ്ത ആധ്യാത്മിക ശ്രേഷ്ഠനായിരുന്നു മള്ളിയൂര്‍. കോട്ടയം ജില്ലയിലെ കുറുപ്പുംതറയ്ക്കടുത്തുള്ള മള്ളിയൂരില്ലവും ഉണ്ണിക്കണ്ണനെ മടിയിലേന്തിയ മഹാഗണപതിയുടെ ക്ഷേത്രവും ശങ്കരന്‍ നമ്പൂതിരിയുടെ ജന്മംകൊണ്ടും കര്‍മം കൊണ്ടും തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കുന്നു. അതിലളിതമായ ജീവിതം നയിച്ചിരുന്ന മള്ളിയൂരിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഭാഗവതസത്രം ലോകമാകെ വ്യാപിച്ചത്‌ അതിവേഗമായിരുന്നു. രണ്ടായിരത്തഞ്ഞൂറിലധികം ഭാഗവത സപ്താഹങ്ങള്‍ നടത്തി ലോകമാകെ ശ്രദ്ധിക്കുന്ന ആധ്യാത്മിക തേജസ്സായി അദ്ദേഹം വളര്‍ന്നു. പണ്ഡിതന്മാരുടെ വ്യക്തിപ്രഭാവവും സത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ സംഖ്യയും കാണുമ്പോള്‍ അദ്ദേഹം കൈവരിച്ച ധര്‍മപ്രചാരത്തിന്റെ ആഴം മനസ്സിലാകും. കേരളത്തിലങ്ങോളമിങ്ങോളം സല്‍സംഗമങ്ങളും സപ്താഹങ്ങളും സത്രങ്ങളും ഇന്ന്‌ നടക്കുന്നുണ്ടെങ്കില്‍ ഇതിനെല്ലാം പ്രേരണയായത്‌ മള്ളിയൂര്‍ തുടങ്ങിവച്ച ഭാഗവതസത്രമാണെന്ന്‌ പറയേണ്ടിവരും. ജാതിമതഭേദമന്യേ എല്ലാവരുടെയും ആദരവ്‌ നേടിയ മള്ളിയൂര്‍ മലയാളിയുടെ അഭിമാനമാണ്‌.
സംഘര്‍ഷംനിറഞ്ഞ മനസുകള്‍ക്ക്‌ ആശ്വാസവും ശാന്തിയും സമാധാനവും പകര്‍ന്നുകൊടുത്ത്‌ ആത്മസായുജ്യത്തിന്റെ നിറവിലേക്ക്‌ ഓരോരുത്തരേയും അദ്ദേഹം കൈപിടിച്ചാനയിച്ചു. യാതൊരു കൃത്രിമവും കൂടാതെ സ്വതസിദ്ധമായ മൃദുമന്ദഹാസത്തോടെയാണ്‌ അദ്ദേഹം പെരുമാറാറ്‌. എല്ലാ വ്യക്തികളിലും ദൈവത്തെ ദര്‍ശിക്കുന്ന മള്ളിയൂരിന്റെ മഹത്ത്വം എത്ര വര്‍ണിച്ചാലും അധികമാവില്ല.
മഹാഭാഗവതം സാധാരണക്കാര്‍ക്ക്‌ അപ്രാപ്യവും ദുര്‍ഗ്രാഹ്യവുമാണെന്ന വിശ്വാസം പരക്കെ ജനങ്ങളില്‍ പരന്നിരുന്ന സന്ദര്‍ഭത്തിലാണ്‌ മള്ളിയൂര്‍ തിരുമേനി സപ്താഹയജ്ഞവുമായി ഗ്രാമഗ്രാമാന്തരങ്ങളിലൂടെ യാത്രചെയ്തത.്‌ ഭാഗവത കഥകള്‍ വളരെ സരളവും ലളിതവുമായി വ്യാഖ്യാനിച്ച്‌ വിശദീകരിച്ചപ്പോള്‍ അവാച്യമായ ആനന്ദാനുഭൂതി ജനങ്ങള്‍ക്ക്‌ അനുഭവപ്പെട്ടു. പണ്ഡിതന്മാര്‍ മാത്രം കേള്‍ക്കാന്‍ എത്തുമായിരുന്ന സപ്താഹയജ്ഞങ്ങള്‍ പിന്നീട്‌ വന്‍ ജനക്കൂട്ടത്തിന്‌ സാക്ഷ്യം വഹിച്ചു. കേരളത്തിന്റെ സാമൂഹ്യപരിവര്‍ത്തന സംരംഭങ്ങള്‍ക്ക്‌ ശക്തിപകര്‍ന്ന ചരിത്ര പ്രധാനമായ വഴിത്തിരുവുകളായി സപ്താഹയജ്ഞങ്ങള്‍മാറി. ഭാഗവത സന്ദേശം ലളിതമായി പാമരന്‌ പോലും മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞു നല്‍കാനുള്ള മള്ളിയൂരിന്റെ കഴിവ്‌ അനുകരിക്കാന്‍പോലും പറ്റാത്തതാണ്‌.
ആത്മീയ ജ്ഞാനത്തില്‍ പരമോന്നതിയിലായിരുന്നു മള്ളിയൂരിന്റെ സ്ഥാനം. ദാരിദ്ര്യത്തില്‍ നിന്ന്‌ തുടങ്ങിയ ജീവിതം ഭഗവാനില്‍ സമര്‍പ്പിക്കുമ്പോള്‍ മള്ളിയൂര്‍ അറിവിന്റെ വിജ്ഞാനത്തിന്റെ വിനയത്തിന്റെയെല്ലാം സമാനതകളില്ലാത്ത സമ്പന്നനായിരുന്നു. പലകോടിയില്‍ ഒരാള്‍ എന്നതുപോലുള്ള ജന്മമാണ്‌ മള്ളിയൂരിന്റേത്‌. ഭഗവാന്‍ തന്ന ജീവിതം ഭഗവാന്‌ മുന്നില്‍ത്തന്നെ സമര്‍പ്പിക്കാന്‍ ഭാഗ്യം ലഭിച്ച മഹാജ്ഞാനിക്ക്‌ മുന്നില്‍ സഹസ്രകോടി പ്രണാമം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.