"ക്ഷേത്രസമ്പത്ത്‌ ആര്‍ക്കും അവകാശപ്പെട്ടതല്ല, ഞങ്ങളുടെ കുടുംബത്തിന്‌ പ്രത്യേകിച്ചും"

Wednesday 3 August 2011 9:57 pm IST

ഒരു ദശലക്ഷത്തിലധികം കോപ്പികളുള്ള യൂറോപ്പിലെ ഏറ്റവും വലിയ വാര്‍ത്താ വാരികയായ ഡെര്‍സ്പീഗലിന്റെ സൗത്ത്‌ ഏഷ്യാ ബ്യൂറോ ചീഫ്‌ പത്മറാവു സുദര്‍ജി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവുമായി നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:
പത്മറാവു: പത്മനാഭസ്വാമി ക്ഷേത്രവുമായി അങ്ങയുടെ കുടുംബത്തിനുള്ള ബന്ധമെന്താണ്‌?
മാര്‍ത്താണ്ഡവര്‍മ: പുരാതന ദക്ഷിണഭാരതത്തിലെ നാല്‌ രാജവംശങ്ങളിലൊന്നായ ചേരന്‍മാരാണ്‌ ഞങ്ങള്‍. ഞങ്ങളുടെ വംശവൃക്ഷം വളരെ ദീര്‍ഘമാണ്‌. എഡി 1750ഓടെ തിരുവിതാംകൂര്‍ വിശാലവും സമ്പന്നവുമായി. അപ്പോള്‍ എന്റെ പൂര്‍വികനായ രാജാവ്‌ രാജ്യവും സകലതും ശ്രീപത്മനാഭന്‌ അടിയറവെച്ചും ഞങ്ങളുടെ കുടുംബത്തിനെ ആ തിരുമേനി പത്മനാഭദാസരായി പ്രഖ്യാപിച്ചു. ഒരു ഭൃത്യന്‌ യജമാനനെ ഉപേക്ഷിച്ച്‌ പോകാന്‍ കഴിയും. മരണവേളയില്‍ മാത്രമേ ദാസന്‌ അതിന്‌ കഴിയൂ.
പത്മറാവു: അങ്ങയുടേത്‌ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാജകുടുംബങ്ങളിലൊന്നാണ്‌. എന്നിട്ടും നിങ്ങള്‍ സുഖവിരക്തിയുടേതായ ലളിതജീവിതം-മിക്ക പഴയ രാജകുടുംബങ്ങളും അങ്ങനെയല്ല-നയിക്കുന്നതെന്ത്‌? മാര്‍ത്താണ്ഡവര്‍മ: എന്തുകൊണ്ടെന്ന്‌ വിശദീകരിക്കാന്‍ കുറേ പിറകോട്ട്‌ പോകേണ്ടതുണ്ട്‌. എല്ലാവരും കരുതുന്നത്‌ ഇന്ത്യക്കാര്‍ ആദ്യമായി ബ്രിട്ടീഷ്‌ സാമ്രാജ്യത്വഭരണത്തിനെതിരെ വിപ്ലവമുണ്ടാക്കിയത്‌ 1857ലാണെന്നാണ്‌. അബദ്ധം 1741 ല്‍ ഡച്ചുകാരെ പരാജയപ്പെടുത്തിയ ഏക ഏഷ്യന്‍ശക്തി തിരുവിതാംകൂറാണ്‌. യുദ്ധത്തിനുശേഷം ഡച്ച്‌ സൈനികര്‍ എന്റെ പൂര്‍വികരുടെ മുന്നില്‍ മുട്ടുകുത്തി. ബനഡിക്ടസ്‌ യൂസ്റ്റാക്കിയസ്‌ എന്ന ഡച്ചുകാരന്‍ ഞങ്ങളുടെ സൈന്യത്തില്‍ ചേര്‍ന്നു. ഞങ്ങളയാളെ വലിയ കപ്പിത്താന്‍ എന്ന്‌ വിളിച്ചു.
പിന്നെ, ഞാനറിഞ്ഞു, അയാള്‍ യുഎസ്‌ പ്രസിഡന്റായിരുന്ന റൂസ്‌വെല്‍റ്റിന്റെ പൂര്‍വികനായിരുന്നുവെന്ന്‌. പ്രസിഡന്റിന്റെ പൗത്രന്‍ ഞങ്ങളുടെ ചരിത്രരേഖകള്‍ കാണാനെത്തിയപ്പോഴാണ്‌ ആ വിവരം പിടികിട്ടിയത്‌.
ശിപായിലഹളക്ക്‌ രണ്ട്‌ പതിറ്റാണ്ടുകള്‍ മുമ്പ്‌, 1839-ല്‍ ഞങ്ങള്‍ ബ്രിട്ടീഷുകാരെ ധിക്കരിച്ചു. ഞങ്ങള്‍ക്ക്‌ ലഭിച്ച ശിക്ഷ ഭീകരമായിരുന്നു. ഞങ്ങളുടെ പട്ടാളത്തെയും പോലീസിനെയും അവര്‍ പിരിച്ചുവിട്ടു. തോമസ്‌ മണ്‍റോ തിരുവിതാംകൂറിന്റെ ദിവാനായി സ്വയം അവരോധിച്ചു. എന്നിട്ടും ഞങ്ങളുടെ ആത്മധൈര്യം ചോരുന്നില്ല എന്ന്‌ കണ്ടപ്പോള്‍, അവര്‍ ക്രിസ്ത്യന്‍ മിഷണറിമാരെ ഇറക്കി. പക്ഷേ, ഞങ്ങളെ വിഴുങ്ങാനവര്‍ക്ക്‌ കഴിഞ്ഞില്ല. ഞങ്ങള്‍ ഇടയ്ക്കിടെ വിദേശത്ത്‌ പോകാറുണ്ട്‌. പക്ഷേ, ഞങ്ങളുടെ ലളിത ജീവിതത്തിന്‌ ഇളക്കം തട്ടിയിട്ടില്ല.
പത്മറാവു: ഇപ്പോള്‍ ക്ഷേത്രത്തില്‍ നടക്കുന്നതിനെക്കുറിച്ച്‌ എന്തു തോന്നുന്നു-നിലവറകള്‍ തുറക്കപ്പെടുന്നു, നിങ്ങളുടെ കാണിക്കകള്‍ ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്നു, വിമര്‍ശനം, ആകെ ബഹളം മാര്‍ത്താണ്ഡവര്‍മ: ക്ഷമിക്കുക, അവിടെ നടക്കുന്നതിനെക്കുറിച്ച്‌ എനിക്ക്‌ അഭിപ്രായം പറയാനാവില്ല. അത്‌ കോടതിയലക്ഷ്യമാകും. ഇത്രമാത്രം ഞാന്‍ പറയാം. സര്‍ക്കാര്‍ സ്വത്തുവിവര പട്ടിക തയ്യാറാക്കുന്നതിലും സുരക്ഷ ഏര്‍പ്പെടുത്തുന്നതിലും എനിക്ക്‌ പരാതിയില്ല. പക്ഷേ ആ വിശിഷ്ട വസ്തുക്കള്‍ ക്ഷേത്രത്തില്‍നിന്നും മാറ്റരുത്‌. അതാരുടെയും വകയല്ല. തീര്‍ച്ചയായും അത്‌ എന്റെ കുടുംബത്തിന്റെ വകയല്ല. അത്‌ ദൈവത്തിന്റേതാണ്‌. ആ വസ്തുത നമ്മുടെ രാജ്യത്തെ നിയമം അംഗീകരിക്കുന്നുണ്ട്‌. പ്രസ്തുത സമ്പദ്ശേഖരത്തെച്ചൊല്ലി നടക്കുന്ന വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണ്‌.
പത്മറാവു: അത്തരം സമ്പത്ത്‌ ദരിദ്രരെ സഹായിക്കാന്‍ ഉപയോഗിക്കാമെന്ന കാര്യം അങ്ങേക്ക്‌ നിഷേധിക്കാന്‍ കഴിയില്ല. മാര്‍ത്താണ്ഡവര്‍മ: നമ്മള്‍ ഇന്ത്യക്കാര്‍ ഇക്കാലത്ത്‌ കൂടുതല്‍ വിദ്യാസമ്പന്നരാണ്‌. പക്ഷേ ഒരു ക്ഷേത്രഭണ്ഡാരത്തിനെതിരെയുള്ള ഈ പ്രതികരണം എന്തായാലും പുരോഗമനപരമല്ല. നമുക്ക്‌ പതിന്റെ ഇന്ത്യന്‍സ്വത്വം കൈമോശം വരികയാണ്‌. പണമാണെല്ലാം.
പത്മറാവു: ഇതൊക്കെ വെറും അന്ധവിശ്വാസമാണെന്ന്‌ യുക്തിവാദികള്‍ സമര്‍ത്ഥിക്കുന്നുണ്ട്‌. മാര്‍ത്താണ്ഡവര്‍മ: പതിനാറാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ രാജാവ്‌ ഹെന്‍റി എട്ടാമന്‌ ഭാര്യമാരും പണവുമായിരുന്നു ഹരം. അതിനാല്‍ അയാള്‍ പള്ളികള്‍ കൊള്ളയടിച്ചു. പിന്നെ, സ്പാനിഷ്‌ കത്തോലിക്കയായിരുന്ന രാജ്ഞി കാതറൈനെ വിവാഹമോചനം നടത്താനായി സ്വന്തം ക്രിസ്തീയസഭ സ്ഥാപിച്ചു. അത്‌ യുക്തിപരമാണോ? വിശ്വാസം തൊട്ടുതീണ്ടാത്ത ആളുകളുള്ള പുതിയ സമൂഹത്തിന്‌ ഞങ്ങളുടെ വിശ്വാസസംഹിതയെ വിശദീകരിച്ചുകൊടുക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. സ്വാര്‍ത്ഥ ത കൊടുമ്പിരി കൊള്ളുമ്പോള്‍, നിങ്ങള്‍ ചെയ്യുന്നതൊക്കെ ശരിയും, മറ്റുള്ളവരുടെ പ്രവൃത്തികളൊക്കെ തെറ്റുമായി തോന്നും. എനിക്കെന്ത്‌ കിട്ടുമെന്നാണ്‌ നോട്ടം. എനിക്കെന്ത്‌ ചെയ്യാന്‍ കഴിയുമെന്നല്ല. പത്മറാവു: രാജകുടുംബത്തിന്റെ വരുമാനസ്രോതസ്‌ എന്താണ്‌? എങ്ങനെയാണ്‌ നിങ്ങള്‍ ജീവിച്ചുപോരുന്നത്‌? മാര്‍ത്താണ്ഡവര്‍മ: ഞങ്ങള്‍ക്ക്‌ ട്രാവല്‍-ഹോട്ടല്‍ ബിസിനസുകളുണ്ട്‌. ഒരു പഴയ ബ്രിട്ടീഷ്‌ കമ്പനിയുടെ ചെയര്‍മാനാണ്‌ ഞാന്‍. ഈ കമ്പനി കേരളത്തില്‍നിന്നും പല ചരക്കുകളും കയറ്റുമതി ചെയ്യുന്നു. പത്രങ്ങളില്‍ വന്നപോലെ ബക്കിംഘാം കൊട്ടാരത്തിലേക്ക്‌ കുരുമുളക്‌ അയക്കുന്നില്ല, കേട്ടോ. ഏഴ്‌ ട്രസ്റ്റുകള്‍ ഞങ്ങള്‍ നടത്തുന്നു. ദരിദ്രര്‍ക്ക്‌ വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, വീട്‌ എന്നിവയ്ക്കായി വര്‍ഷം ഏഴ്‌-എട്ട്‌ ലക്ഷം രൂപ ചെലവിടുന്നു. ഞങ്ങള്‍ ജീവനക്കാര്‍ക്ക്‌ നല്ല ശമ്പളം നല്‍കുന്നു. ഒരു സര്‍ക്കാരും ഞങ്ങളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ അംഗീകരിച്ചിട്ടില്ല. അതുപോട്ടെ. അതൊക്കെ ഞങ്ങള്‍ ചെയ്യുന്നതിന്‌ കാരണം അവ ചെയ്യാന്‍ ഞങ്ങള്‍ക്ക്‌ ആഗ്രഹമുള്ളതുകൊണ്ടാണ്‌. പത്മറാവു: മാണിക്യവും വജ്രവും ഇന്ദ്രനീലവും പതിച്ച സ്വര്‍ണവിഗ്രഹങ്ങള്‍ നെപ്പോളിയന്റെ കാലത്തെയും ഈസ്റ്റിന്ത്യാ കമ്പനിയുടെയും സ്വര്‍ണനാണയങ്ങള്‍ ഇതൊക്കെ സത്യമാണോ? മാര്‍ത്താണ്ഡവര്‍മ: ആ നിലവറകളില്‍ ഞാനൊരിക്കലും പ്രവേശിച്ചിട്ടില്ല. അതൊക്കെ കണ്ട്‌ പ്രലോഭിതരാകരുത്‌ എന്നതാണ്‌ ഞങ്ങളുടെ തത്വചിന്ത. പക്ഷേ തീര്‍ച്ചയായും അവിടെ എന്തൊക്കെയുണ്ടെന്ന്‌ എനിക്കറിവുണ്ട്‌. പത്മറാവു: ലോകമറിഞ്ഞ സ്ഥിതിക്ക്‌, ആ നിധികള്‍ ഇന്‍ഷ്വര്‍ ചെയ്യാന്‍ അങ്ങേക്ക്‌ ആലോചനയുണ്ടോ? അതോ അതൊക്കെ നേരത്തെ ഇന്‍ഷ്വര്‍ ചെയ്യപ്പെട്ടതാണോ? മാര്‍ണ്ഡവര്‍മ: (ചിരിക്കുന്നു) അവ കൊള്ളയടിക്കപ്പെടുമോ എന്നെനിക്ക്‌ ഒട്ടും വേവലാതിയില്ല. അങ്ങനെ സംഭവിച്ചാല്‍, അത്‌ ദേവന്റെ ഇഷ്ടമാണെന്ന്‌ ഞാന്‍ കരുതും. പത്മറാവു: കേരളം അമ്പത്‌ കൊല്ലത്തിലേറെയായി കമ്മ്യൂണിസ്റ്റ്‌ കോട്ടയാണ്‌. ഇന്നും ജനങ്ങള്‍ അങ്ങേയ്ക്ക്‌ ചുറ്റും കൂടുന്നു, അവര്‍ അങ്ങയെ മാനിക്കുന്നു, ഇന്നും അവര്‍ അങ്ങയെ തിരുമനസ്‌ എന്ന്‌ സംബോധന ചെയ്യുന്നു. മാര്‍ത്താണ്ഡവര്‍മ: അതെ, അത്‌ വളരെ ആശ്ചര്യകരംതന്നെ. കാരണം ഞാനൊരു സാധാരണ വ്യക്തിയാണ്‌. ഞാനതൊന്നും പ്രതീക്ഷിക്കുന്നില്ല. ഹരിദ്വാറിലാണ്‌ എന്റെ രണ്ട്‌ ഗുരക്കന്മാരില്‍ ഒരാള്‍. ഇതുപോലെ മുണ്ടും ഷര്‍ട്ടും ധരിച്ച അവസാന വരിയിലാണ്‌ ഗുരുസന്നിധിയിലെ പരിപാടികളില്‍ ഞാന്‍ ഇരിക്കാറ്‌. തെക്കുദേശത്തെ രാജാവാണെന്ന്‌ ആരും വിശ്വസിക്കില്ല. പത്മറാവു: ആരാണ്‌ അങ്ങയുടെ അനന്തരാവകാശി? മാര്‍ത്താണ്ഡവര്‍മ: ഞങ്ങള്‍ മരുമക്കത്തായക്കാരാണ്‌. എനിക്ക്‌ ഒരു പുത്രിയും പുത്രനുമുണ്ട്‌. പക്ഷേ എന്റെ സഹോദരീ പുത്രനാകും രാജാവാകുക. ഇത്‌ സ്ത്രീകള്‍ക്ക്‌ ഗുണകരമായ വ്യവസ്ഥിതിയാണെന്ന്‌ യൂറോപ്യന്മാരും പറയുന്നു. കേരളം പതിയെ മക്കത്തായത്തിലേക്ക്‌ മാറുകയാണ്‌. രാജ്യത്ത്‌ സ്ത്രീകളെ നാം രണ്ടാം തരക്കാരായി കാണുന്നു. നിങ്ങള്‍ ഒരു പുരുഷനെ നോക്കുമ്പോള്‍, നിങ്ങള്‍ ഒരു മനുഷ്യജീവിയെ കാണുന്നു. സ്ത്രീയെ നോക്കുമ്പോള്‍ ഒരു കുടുംബത്തെയും. പത്മറാവു: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദിവസവും പത്ത്‌ മിനിറ്റ്‌ ചെലവഴിക്കുമ്പോള്‍ എന്താണ്‌ തോന്നുക? രാജാവും യജമാനനും തമ്മിലുള്ള ആശയവിനിമയം? മാര്‍ത്താണ്ഡവര്‍മ: അവടുത്തേക്ക്‌ സര്‍വവും സമര്‍പ്പിച്ച്‌ കഴിഞ്ഞിരിക്കുന്നു. അതൊരു ഹര്‍ഷോന്മാദകരമായ മഹനീയ അനുഭവമാണ്‌. എനിക്ക്‌ രോമാഞ്ചമുണ്ടാകും. ഓരോ ദിവസവും ഒാ‍രോ പ്രാവശ്യവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.