കര്‍ണ്ണാടകയില്‍ സദാനന്ദ ഗൗഡ

Wednesday 3 August 2011 10:32 pm IST

ബംഗളൂരു: കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.വി.സദാനന്ദ ഗൗഡയെ തെരഞ്ഞെടുത്തു. ഉഡുപ്പി-ചിക്മംഗളൂര്‍ മണ്ഡലത്തില്‍നിന്നുള്ള ലോക്സഭാംഗമാണ്‌ 58കാരനായ ഗൗഡ. ഇന്നലെ നടന്ന രഹസ്യ വോട്ടെടുപ്പിലൂടെ ബിജെപി നിയമസഭാ കക്ഷി നേതാവയി സദാനന്ദ ഗൗഡയെ തെരഞ്ഞെടുക്കുകയായിരുന്നു.
ഖാനന പ്രശ്നത്തില്‍ കര്‍ണാടക ലോകായുക്തയുടെ പ്രതികൂല പരാമര്‍ശങ്ങളെത്തുടര്‍ന്ന്‌ ബി.എസ്‌.യെദ്യൂരപ്പ രാജിവെച്ച സാഹചര്യത്തിലാണ്‌ സംശുദ്ധ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായി അറിയപ്പെടുന്ന സദാനന്ദ ഗൗഡയെ തേടി പുതിയ നിയോഗമെത്തിയത്‌. മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ജഗദീഷ്‌ ഷെട്ടറിനെയും പരിഗണിച്ചിരുന്നു. പാര്‍ട്ടിയുടെ കേന്ദ്ര നിരീക്ഷകരായ അരുണ്‍ ജെറ്റ്ലി, രാജ്നാഥ്‌ സിംഗ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുതിയ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ്‌. നേരത്തെ കര്‍ണാടക നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവായിരുന്നു ഗൗഡ.
രണ്ടുതവണ നിയമസഭാംഗവും രണ്ടാംതവണ ലോക്സഭാംഗവുമായ സദാനന്ദ ഗൗഡ രാഷ്ട്രീയമായി ഏറെ സ്വാധീനമുള്ള വൊക്കലിംഗ സമുദായാംഗമാണ്‌. 1994, 2004 വര്‍ഷങ്ങളില്‍ നിയമസഭാംഗമായിരുന്ന അദ്ദേഹം 2008 ല്‍ പാര്‍ട്ടി കര്‍ണാടകയില്‍ ഭരണസാരഥ്യമേല്‍ക്കുമ്പോള്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. കര്‍ണാടകയുടെ 20-ാ‍മത്‌ മുഖ്യമന്ത്രിയാണ്‌ അദ്ദേഹം.
ബംഗളൂരുവില്‍നിന്ന്‌ 350 കിലോമീറ്റര്‍ അകലെ ദക്ഷിണ കന്നഡ ജില്ലയിലെ ദേവരഗുണ്ടയില്‍ ഡി.വി.ഗൗഡയുടെയും കമലയുടെയും മകനായി 1953 മാര്‍ച്ച്‌ 18നാണ്‌ സദാനന്ദ ഗൗഡയുടെ ജനനം. സൗഹാര്‍ദ്ദപരമായ പെരുമാറ്റം ഗൗഡയെ മറ്റ്‌ നേതാക്കളില്‍നിന്ന്‌ വ്യത്യസ്തനാക്കുന്നു, ശാസ്ത്ര, നിയമ ബിരുദധാരിയാണ്‌. ഭാര്യ: ഭത്തി സദാനന്ദ. ഒരു മകന്‍. ദക്ഷിണ കന്നഡയിലെ പുത്തൂരിലുള്ള സെ.ഫിലോമിന കോളേജില്‍നിന്ന്‌ ശാസ്ത്രത്തില്‍ ബിരുദവും ഉഡുപ്പിയിലെ വൈകുണ്ഠ ബാലിഗ ലോ കോളേജില്‍നിന്ന്‌ നിയമബിരുദവും കരസ്ഥമാക്കി.
ബഹുഭാഷാ പണ്ഡിതനായ ഉജ്ജ്വല വാഗ്മിയും സംഘാടകനുമായാണ്‌ സദാനന്ദ ഗൗഡ അറിയപ്പടുന്നത്‌. കാസര്‍കോട്‌ ജില്ലയുടെ കര്‍ണാടക അതിര്‍ത്തി പ്രദേശമായ സുള്ള്യ താലൂക്കിലെ ജാലസൂര്‍ സ്വദേശിയാണ്‌. കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്‌ ജില്ലയുടെ പ്രത്യേക ചുമതല അദ്ദേഹം വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മികച്ച സംഘടനാ ശേഷിയുടെ തെളിവെന്നോണം കാസര്‍കോട്‌, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിക്ക്‌ വളരെ മുന്നേറാന്‍ കഴിഞ്ഞു. കാഞ്ഞങ്ങാട്‌ സ്ഥാനാര്‍ത്ഥിയായിരുന്ന ബിജെപി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്റെ തെരഞ്ഞെടുപ്പ്‌ കമ്മറ്റി രൂപീകരണ യോഗം മുതല്‍ ജില്ലയിലെ പൊതുപരിപാടികളില്‍ ശുദ്ധമായ മലയാളത്തിലാണ്‌ അദ്ദേഹം പ്രസംഗിച്ചത്‌. സുള്ള്യ കോടതിയില്‍ അഭിഭാഷകന്‍ കൂടിയായ അദ്ദേഹം കേരളത്തിന്റെ ഒരു ഉത്തമ സുഹൃത്ത്‌ കൂടിയായാണ്‌ അറിയപ്പെടുന്നത്‌.
സ്പോര്‍ട്സ്‌ പ്രേമിയാണ്‌ പുതിയ മുഖ്യമന്ത്രി. വിദ്യാര്‍ത്ഥിയായിരിക്കെ ഖൊ-ഖൊ കളിച്ചിരുന്ന അദ്ദേഹം മൈസൂര്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ചിട്ടുണ്ട്‌. ബാഡ്മിന്റണും ടെന്നീസും കളിക്കും. തീരദേശ കര്‍ണാടകയുടെ പ്രശസ്ത നാടന്‍ കലാരൂപമായ യക്ഷഗാനത്തിലും ആകൃഷ്ടനാണ്‌ ഗൗഡ. ഇടവേളകളില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള സല്ലാപത്തില്‍ തല്‍പരന്‍.
ജനസംഘകാലം മുതല്‍ സജീവ രാഷ്ട്രീയത്തില്‍ പങ്കാളിയായിരുന്നു. എബിവിപിയിലും സജീവമായി പ്രവര്‍ത്തിച്ചു. ബിഎംഎസ്‌ നേതാവെന്ന നിലയില്‍ തൊഴിലാളികള്‍ക്കിടയിലും സുപരിചിതനാണ്‌.
പതിനേഴ്‌ വര്‍ഷത്തെ ഇടവേളക്കുശേഷം തീരദേശ കര്‍ണാടകയില്‍നിന്നുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയാണ്‌ സദാനന്ദ ഗൗഡ. ഇപ്പോള്‍ കേന്ദ്രമന്ത്രിയായ എം.വീരപ്പ മൊയ്‌ലിയാണ്‌ ഇവിടെനിന്നുള്ള ആദ്യ മുഖ്യമന്ത്രി. 1992 നവം. 19-1994 ഡിസം. 11 കാലയളവിലാണ്‌ മൊയ്‌ലി മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്‌. മുഖ്യമന്ത്രിയാകുന്നതിന്‌ മുമ്പ്‌ മൊയ്‌ലി നാലുതവണ മന്ത്രിയായും ഒരുതവണ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.