മണ്‍സൂണ്‍ വരുന്നു... കോസ്റ്റല്‍ പോലീസ്‌ ആശങ്കയില്‍

Sunday 19 May 2013 11:05 pm IST

കൊച്ചി: കേരളത്തിന്റെ തീരക്കടലുകളില്‍ സുരക്ഷാ വലയം തീര്‍ക്കുന്ന കോസ്റ്റല്‍ പോലീസിനെ മണ്‍സൂണ്‍ വരുന്നുവെന്ന വാര്‍ത്ത ആശങ്കപ്പെടുത്തുന്നു. കടലിന്റെ പ്രക്ഷുബ്ധതയില്‍ തിരകളെ വകഞ്ഞു മാറ്റി രക്ഷാപ്രവര്‍ത്തനം നടത്തേണ്ട സേന വാസ്തവത്തില്‍ ആഴക്കടലില്‍ നീന്തലറിയാതെ കുഴയുകയാണ്‌.
സംസ്ഥാനത്ത്‌ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ്‌ വരെ എട്ടു കോസ്റ്റല്‍ പോലീസ്‌ സ്റ്റേഷനുകളാണ്‌-വിഴിഞ്ഞം, നീണ്ടകര, തോട്ടപ്പള്ളി, ഫോര്‍ട്ടുകൊച്ചി, അഴീക്കോട്‌, ബേപ്പൂര്‍, അഴീക്കല്‍, ബേക്കല്‍ എന്നിവിടങ്ങളില്‍. സ്റ്റേഷനുകളില്‍ ഒരു സിഐയുടെ നേതൃത്വത്തില്‍ മൂന്ന്‌ എസ്‌ഐമാരും മൂന്ന്‌ എഎസ്‌ഐമാരും ഒന്‍പത്‌ സീനിയര്‍ സിപിഒമാരും 28 സിപിഒമാരും ഉള്‍പ്പെടെ 42 അംഗ പോലീസ്‌ സേനയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇന്റര്‍സെക്ടര്‍ ബോട്ടുകളില്‍ പട്രോളിംഗ്‌ നടത്തുന്ന പോലീസ്‌ സേന വിളിക്കാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചാണ്‌ ഇപ്പോള്‍ ജോലിക്കിറങ്ങുന്നത്‌.
35 വയസ്സില്‍ താഴെയുള്ള കോസ്റ്റല്‍ ട്രെയിനിംഗ്‌ പൂര്‍ത്തിയാക്കിയ ചെറുപ്പക്കാരെയാണ്‌ കോസ്റ്റല്‍ പോലീസ്‌ സ്റ്റേഷനുകളില്‍ നിയമിക്കേണ്ടതെന്നാണ്‌ സര്‍ക്കാര്‍ നിര്‍ദ്ദേശമെങ്കിലും അന്‍പത്‌ കഴിയുന്നവരും റിട്ടയര്‍മെന്റിന്‌ ഊഴം കാത്തുകഴിയുന്നവരും ഈ സേനയുടെ കീഴില്‍ ജോലിയെടുക്കുന്നു. കൊട്ടിഘോഷിച്ച്‌ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ സഹകരണത്തോടെ രൂപീകരിച്ച കോസ്റ്റല്‍ പോലീസ്‌ സേന പണിഷ്മെന്റ്‌ ട്രാന്‍സ്ഫര്‍ നല്‍കി പറഞ്ഞയക്കുന്നവരുടെ കുപ്പത്തൊട്ടിയായി മാറിക്കൊണ്ടിരിക്കുന്നു. കടലില്‍ തിരകളെ കാണുമ്പോള്‍ ഭയക്കുന്ന, വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന, പ്രായമായ ഓഫീസര്‍മാര്‍ തങ്ങളുടെ ദുരിതം ആരോട്‌ പറയുമെന്നറിയാതെ വിഷമിക്കുകയാണ്‌.
വരാന്‍ പോകുന്നത്‌ കടല്‍ കലിതുള്ളുന്ന മണ്‍സൂണ്‍ കാലം. നിരന്തരം പരിചയമുള്ളവര്‍ പോലും കടലിനെ ഭയക്കുന്ന സാഹചര്യത്തില്‍ ആവശ്യത്തിന്‌ ട്രെയിനിംഗ്‌ നേടാത്തവര്‍ എങ്ങനെ ഇതിനെ മറികടക്കുമെന്ന ആകുലതയിലുമാണ്‌ പലരും. ഒരു ഫോണ്‍ കോള്‍ കോസ്റ്റല്‍ സ്റ്റേഷനിലേക്ക്‌ വരുന്നതുപോലും തങ്ങള്‍ക്ക്‌ ഭയമാണെന്ന്‌ കോസ്റ്റല്‍ സേനയിലെ ഒരു മുതിര്‍ന്ന ഓഫീസര്‍ പറഞ്ഞു. മികച്ച സേവനം കാഴ്ചവെയ്ക്കാനായില്ലെങ്കിലും കടലില്‍ അപകടത്തില്‍ പെടുന്നവര്‍ക്ക്‌ തുണയാകുവാന്‍ സേനയ്ക്ക്‌ കഴിയുന്നുണ്ടെന്ന്‌ പലരും സമ്മതിക്കുമ്പോള്‍ തന്നെ കോസ്റ്റല്‍ പോലീസ്‌ സേന നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളി മറ്റുള്ളവര്‍ അറിയുന്നില്ല.
കോസ്റ്റല്‍ പോലീസിന്‌ പ്രവര്‍ത്തന ഫണ്ടിനു ക്ഷാമമില്ല. കണക്കില്ലാതെ പണം ഇതിനായി ചെലവിടുന്നുമുണ്ട്‌. അത്യന്താധുനിക സംവിധാനമുള്ള ബോട്ടുകള്‍, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍, നീരീക്ഷണ ഉപകരണങ്ങള്‍ തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളുമുണ്ട്‌. ഓരോ പോലീസ്‌ സ്റ്റേഷന്റെയും അതിര്‍ത്തി വിശാലമായതിനാല്‍ നിരീക്ഷണത്തിനായി ഓടുന്ന ബോട്ടുകള്‍ക്ക്‌ 12,000 രൂപ വരെ ഡീസല്‍ ചെലവു വരാറുണ്ട്‌. മറ്റു ചെലവുകളും ശമ്പളവുമടക്കം വന്‍ തുക ചെലവിടുന്നുണ്ട്‌. അതിനു ഫലവുമുണ്ട്‌. കടല്‍മാര്‍ഗ്ഗം നടന്നിരുന്ന പല നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കുറവു വന്നിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നുണ്ട്‌. കോസ്റ്റല്‍ പോലീസിന്റെ സേവനം കടലില്‍ പോകുന്നവര്‍ ഏറെ വിനിയോഗിക്കുന്നുണ്ട്‌. കടലിലാകട്ടെ കടപ്പുറത്താകട്ടെ സംശയകരമായി എന്തു കണ്ടാലും അപ്പോള്‍ അടുത്ത കോസ്റ്റല്‍ പൊലീസിന്‌ വിവരം നല്‍കാന്‍ നാട്ടുകാര്‍ തയ്യാറാണ്‌. ഈ അതിജാഗ്രത പോലും പേടിപ്പെടുത്തുന്നതായി തോട്ടപ്പള്ളി സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു. "അവര്‍ ഞങ്ങളില്‍നിന്ന്‌ ഏറെ പ്രതീക്ഷിക്കുന്നുണ്ട്‌. ആവും പോലെ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. പക്ഷേ, ഇനി വരാന്‍ പോകുന്നത്‌ മണ്‍സൂണ്‍ കാലമാണ്‌. കോസ്റ്റല്‍ പോലീസിന്റെ ആദ്യമണ്‍സൂണ്‍. എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്ക ഞങ്ങള്‍ക്കുണ്ട്‌," അവര്‍ ഉത്കണ്ഠ പങ്കുവെച്ചു.
ദുര്‍ഘട ഘട്ടം മറികടന്ന്‌ ഭാഗ്യം തുണച്ച്‌ പലപ്പോഴും കരയ്ക്കെത്തുന്ന സാഹചര്യം ഉണ്ടാകുന്നതായും സേനാംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഫോര്‍ട്ടുകൊച്ചി കോസ്റ്റ്‌ ഗാര്‍ഡിലാണ്‌ സംസ്ഥാന കോസ്റ്റല്‍ പോലീസിന്റെ ഒരു മാസം നീളുന്ന പരിശീലനം നടത്തുന്നത്‌. ആദ്യഘട്ടം പരിശീലനം ലഭിച്ചവര്‍ മുഴുവനായും കോസ്റ്റല്‍ പോലീസ്‌ സ്റ്റേഷനുകളിലേയ്ക്ക്‌ നിയമിച്ചു കഴിഞ്ഞുവെങ്കിലും പിന്നീട്‌ ഇവരെ കൂട്ടത്തോടെ വിവിധ ലോക്കല്‍ സ്റ്റേഷനുകളിലേയ്ക്ക്‌ മാറ്റി നിയമിക്കുകയായിരുന്നു. ലോക്കല്‍ സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്ക്‌ പേരിനുപോലും നീന്തല്‍ വശമില്ല. 42 അംഗ കോസ്റ്റല്‍ സേനയില്‍ അഞ്ചോ ആറോ പേര്‍ക്ക്‌ നീന്തല്‍ അറിയാം. പക്ഷെ ഇവരാരും തന്നെ കടലിന്റെ പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനുള്ള പരിശീലനം നേടിയിട്ടുമില്ല. മുഴുവന്‍ കോസ്റ്റല്‍ പോലീസ്‌ സ്റ്റേഷനുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പോലീസിന്‌ കീഴിലുള്ള പോലീസ്‌ സേനക്ക്‌ പട്രോളിംഗിന്‌ നാവിക സേനയുടെ സഹായം ലഭിക്കുന്നുണ്ട്‌. രണ്ട്‌ ട്വല്‍ ടെന്‍ ബോട്ടുകളും ഒരു ഫൈവ്‌ ടെന്‍ ബോട്ടും കോസ്റ്റല്‍ സേനാ ഘടകത്തിലുണ്ട്‌. ആധുനിക രീതിയില്‍ ഫ്രാന്‍സ്‌ നിര്‍മിത കുമലീസ്‌ ബോട്ടാണ്‌ പട്രോളിംഗിനായി ഉപയോഗിക്കുന്നത്‌. കൊച്ചി തീരക്കടലില്‍ നാവികസേനയും കോസ്റ്റല്‍ പോലീസും ചേര്‍ന്നുള്ള ജോയിന്റ്‌ ഓപ്പറേഷന്‍ പട്രോളിംഗും നടന്നുവരുന്നു. ഉച്ചയ്ക്ക്‌ 12.30 ന്‌ ആരംഭിച്ച്‌ 3.30 ന്‌ അവസാനിക്കും. കോസ്റ്റല്‍ പോലീസിലെ അംഗം ഇതേപ്പറ്റി പ്രതികരിച്ചത്‌ ഇങ്ങനെയാണ്‌. നേവിക്കൊപ്പം പട്രോളിംഗ്‌ നടത്തുന്നത്‌ മാത്രമാണ്‌ ഞങ്ങളുടെ ആശ്വാസം. കോസ്റ്റല്‍ പോലീസിന്റെ ദൈന്യത വര്‍ധിക്കുകയാണ്‌. മണ്‍സൂണ്‍ ശക്തി പ്രാപിക്കുമ്പോള്‍ പട്രോളിംഗ്‌ സമയം കൂട്ടേണ്ടതായി വരും. പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിക്കാനുള്ള ആത്മധൈര്യം തങ്ങള്‍ക്കില്ലായെന്ന്‌ കോസ്റ്റല്‍ സേന വീണ്ടും വീണ്ടും പറയുമ്പോള്‍ രൗദ്രഭാവം പൂണ്ട കടലിനറിയില്ലല്ലോ ഇവരുടെ ദൈന്യത.
കെ.കെ. റോഷന്‍ കുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.