കരിപ്പൂരില്‍ ഒരു റണ്‍‌വേ അടച്ചു

Monday 20 May 2013 2:04 pm IST

കോഴിക്കോട്‌: വിമാനം ടേക്ക്‌ ഓഫ്‌ ചെയ്യുന്നതിനിടെ കേടുപാടുണ്ടായതിനെ തുടര്‍ന്ന്‌ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു റണ്‍വേ അടച്ചു. ഇതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചു. ഇന്നലെ രാത്രി 9.30 ന്‌ ജിദ്ദയിലേക്കുള്ള ജംബോ വിമാനം ടേക്ക്‌ ഓഫ്‌ ചെയ്യുന്നതിനിടെയായിരുന്നു റണ്‍വേയ്ക്ക്‌ കേടുപാട്‌ പറ്റിയത്‌. കരിപ്പൂരില്‍ രണ്ട്‌ റണ്‍വേകള്‍ ഉള്ളതിനാല്‍ സര്‍വീസുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന്‌ വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. റണ്‍വേയ്ക്ക്‌ തകരാര്‍ സംഭവിച്ചതായി എല്ലാ വിമാനത്താവളങ്ങളിലും സന്ദേശം കൈമാറിയിട്ടുണ്ട്‌. അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണെന്നും ആറു മണിക്കൂറിനുള്ളില്‍ റണ്‍വേ പ്രവര്‍ത്തന സജ്ജമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പ്രവര്‍ത്തന യോഗ്യമാകാന്‍ മൂന്നു ദിവസമെടുക്കും. എയര്‍ഇന്ത്യ 963 വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റണ്‍വേ 28ന്റെ ഒരു വശം ഇളകിപ്പോവുകയായിരുന്നു. ഉടന്‍ റണ്‍വേ താത്കാലികമായി അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. എയര്‍പോര്‍ട്ട് അതോറിറ്റി നല്‍കിയ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടേക്കു സര്‍വീസ് നടത്തുന്നതു സംബന്ധിച്ചു ഡിജിസിഎ നോട്ടിസ് പുറപ്പെടുവിച്ചു. റണ്‍വേ 28 ലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിയിരിക്കുന്നതായി നോട്ടിസില്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും ഡിജിസിഎ തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.