സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ്‌ വര്‍ദ്ധിപ്പിച്ചു

Monday 20 May 2013 11:55 pm IST

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോഴ്സുകളിലെ ഫീസ്‌ നിരക്ക്‌ ഈ വര്‍ഷം മുതല്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി. മെറിറ്റ്‌ സീറ്റില്‍ 15000 രൂപയും മാനേജ്മെന്റ്‌ സീറ്റില്‍ 50,000 രൂപയും എന്‍ആര്‍ഐ സീറ്റില്‍ ഒരു ലക്ഷം രൂപയുമാണ്‌ വര്‍ദ്ധിപ്പിച്ചത്‌. എന്നാല്‍ മെരിറ്റില്‍ ബി.പി.എല്‍ വിദ്യാര്‍ത്ഥി ഫീസ്‌ വര്‍ദ്ധനവില്ല. അവര്‍ക്ക്‌ നിലവിലെ 25,000 രൂപ ഫീസ്‌ തുടരും. ഇന്നലെ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ്‌ അസോസിയേഷനുമായി മുഖ്യമന്ത്രിയും മന്ത്രി വി.എസ്‌.ശിവകുമാറും നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനം.
പൊതുവിഭാഗത്തിലെ മെറിറ്റ്‌ സീറ്റില്‍ 1,50,000 രൂപയായിരുന്ന ഫീസ്‌ 1,65,000 രൂപയായി ഉയര്‍ത്തി. മാനേജ്മെന്റ്‌ സീറ്റില്‍ ആറര ലക്ഷം രൂപയായിരുന്നത്‌ ഏഴ്‌ ലക്ഷമാക്കി ഉയര്‍ത്തി. എന്‍ആര്‍ഐ സീറ്റില്‍ ഒന്‍പതര ലക്ഷമായിരുന്ന ഫീസ്‌ പത്തര ലക്ഷമായി വര്‍ധിപ്പിച്ചു. മാനേജ്മെന്റ്‌ സീറ്റില്‍ ഏഴ്‌ ലക്ഷം രൂപ നിക്ഷേപമായി വാങ്ങാം. കോളേജ്‌ നടത്തിപ്പിനുള്ള ചെലവുകള്‍ വന്‍തോതില്‍ ഉയര്‍ന്നതായും ഫീസ്‌ വര്‍ധിപ്പിക്കണമെന്നുമായിരുന്നു മാനേജ്മെന്റിന്റെ നിലപാടെന്ന്‌ ചര്‍ച്ചയ്ക്ക്‌ ശേഷം മന്ത്രി പറഞ്ഞു. ഫീസ്‌ വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഒരു ധാരണയ്ക്കും ഇല്ലെന്ന നിലപാടിലായിരുന്നു നേരത്തേ സര്‍ക്കാര്‍. മുന്‍ വര്‍ഷത്തേതിനേക്കാള്‍ ഒരുരൂപയെങ്കിലും കൂട്ടിക്കൊണ്ടുള്ള നടപടിയുണ്ടാകരുതെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പലതവണ ആവര്‍ത്തിച്ചിരുന്നു.
മാനേജ്മെന്റ്‌ അസോസിയേഷന്‍ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക്‌ അംഗീകാരം നല്‍കിയാല്‍ മാത്രമേ സര്‍ക്കാരുമായി കരാര്‍ ഒപ്പിടാനാകൂവെന്നാണ്‌ മാനേജ്മെന്റുകളുടെ നിലപാട്‌. മാനേജ്മെന്റ്‌ സീറ്റുകളിലേക്ക്‌ പ്രവേശനത്തിന്‌ മേയ്‌ 31ന്‌ പരീക്ഷ നടത്തുമെന്നും സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും മാനേജ്മെന്റ്‌ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതുസംബന്ധിച്ച സുപ്രീംകോടതി വിധി പരിശോധിച്ച്‌ നിയമവകുപ്പിന്റെ അഭിപ്രായം തേടിയ ശേഷം മറുപടി അറിയിക്കാമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ വി.എസ്‌ ശിവകുമാര്‍, ആര്യാടന്‍ മുഹമ്മദ്‌, ആരോഗ്യ സെക്രട്ടറി രാജീവ്‌ സദാനന്ദന്‍, മാനേജ്മെന്റ്‌ അസോസിയേഷന്‍ സെക്രട്ടറി അനില്‍കുമാര്‍, പ്രസിഡന്റ്‌ ഡോ. മുജീബ്‌, മെഡിക്കല്‍ കോളേജ്‌ മാനേജ്മെന്റ്‌ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.