കറാച്ചിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി

Thursday 4 August 2011 11:49 am IST

ഇസ്ലാമാബാദ്‌: കലാപം രൂക്ഷമായി കൊണ്ടിരിക്കുന്ന കറാച്ചില്‍ കഴിഞ്ഞ മൂന്നുദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. ഇന്നലെ 12 പേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച 24 പേരും ചൊവ്വാഴ്ച 11 പേരും വെടിയേറ്റു മരിച്ചിരുന്നു. മൂന്നു ദിവസത്തിനിടെയാണ് മരണസംഖ്യയില്‍ വന്‍ വര്‍ധനവുണ്ടായത്. വെടിവയ്പ്പിലും മറ്റു ആക്രമണങ്ങളിലും കഴിഞ്ഞ മാസം 240 പേര്‍ കറാച്ചിയില്‍ മരിച്ചിരുന്നു. കലാപം രൂക്ഷമാകുന്നതിനിടെ നൂറുകണക്കിന്‌ സൈനികരെ കറാച്ചിയില്‍ വിന്യസിച്ചിട്ടുണ്ട്‌. കൂടാതെ വ്യോമനിരീക്ഷണത്തിന് ഉത്തരവിടുമെന്ന് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്ക് അറിയിച്ചു. അക്രമികള്‍ക്കു വേണ്ടിയുള്ള പരിശോധന തുടരുന്നതായി പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഷറഫുദ്ദീന്‍ മേമോന്‍ പറഞ്ഞു. ഇന്ത്യ- പാക്‌ വിഭജനക്കാലത്ത്‌ പാകിസ്ഥാനിലേക്ക്‌ കുടിയേറിയവരുടെ പിന്‍തലമുറക്കാരായ മുഹാജിറുകളും തദ്ദേശീയരായ പഷ്‌തൂണ്‍ വര്‍ഗക്കാരും തമ്മിലുള്ള വൈരമാണ്‌ തുടര്‍ച്ചയായ സംഘട്ടനങ്ങളായി മാറിയത്‌. മുഹാജിറുകളുടെ കക്ഷിയാ എംക്യുഎമ്മിനും പഷ്‌തൂണ്‍ വര്‍ഗക്കാരുടെ കക്ഷിയായ അവാമി നാഷണല്‍ പാര്‍ട്ടിക്കും ഇടയിലുള്ള ശത്രു സാമൂഹിക വിരുദ്ധര്‍ മുതലെടുക്കുന്നതാണ്‌ പുതിയ കലാപങ്ങള്‍ക്ക്‌ കാരണമെന്നും സൂചനയുണ്ട്‌. 1980, 90 വര്‍ഷങ്ങളിലാണ് കറാച്ചിയില്‍ മുന്‍പു കലാപം നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.