കാശ്മീരില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

Thursday 4 August 2011 11:59 am IST

ശ്രീനഗര്‍: കാശ്‌മീരിലെ കുപ്‌വാര ജില്ലയില്‍ രണ്ടിടത്ത്‌ ഭീകരരും സുരക്ഷാഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ആക്രമണത്തില്‍ മൂന്ന്‌ ഭീകരര്‍ കൊല്ലപ്പെട്ടു. കേരന്‍ മേഖലയിലെ എസ്മാലി വനത്തിലാണ് ആദ്യ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീ‍കരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നു സൈന്യം മേഖല വളഞ്ഞു. ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ കൂട്ടാക്കാതെ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണു രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. സചല്‍ദര മേഖലയിലെ വുഡെര്‍ബല വനമേഖലയിലുണ്ടായ രണ്ടാമത്തെ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ പച്ചലില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.