ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക്‌ കത്ത്‌

Tuesday 21 May 2013 8:32 pm IST

ന്യൂദല്‍ഹി: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക്‌ ആദായ നികുതി വകുപ്പ്‌ കത്ത്‌ അയച്ചു. ഉന്നത നികുതി ദായകരില്‍ നിന്നും 600 കോടി രൂപയാണ്‌ നികുതി ഇനത്തില്‍ ഇനിയും ലഭിക്കാനുള്ളത്‌. ഇത്തരത്തില്‍ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാത്ത 35,000 പേര്‍ക്ക്‌ കൂടി ഉടന്‍ തന്നെ കത്ത്‌ അയയ്ക്കുമെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
1.05 ലക്ഷം ആദായ നികുതി ദായകര്‍ക്കാണ്‌ ഇതിന്‌ മുമ്പ്‌ ആദായ നികുതി വകുപ്പ്‌ കത്ത്‌ അയച്ചിരുന്നത്‌. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ സ്വയം നിര്‍ണയ നികുതി, മുന്‍കൂര്‍ നികുതി ഇനത്തില്‍ 600 കോടിയിലേറെ രൂപ സമാഹരിക്കാന്‍ സാധിച്ചതായും ധനമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാത്ത നികുതി ദായകരെ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിന്‌ വേണ്ടിയുള്ള ആദ്യ പടിയായിട്ടാണ്‌ കത്ത്‌ അയച്ചിരിക്കുന്നത്‌. ഇതിന്‌ ശേഷമായിരിക്കും നോട്ടീസ്‌ അയയ്ക്കുക.
മൂന്നാമതൊരാളുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നികുതി നിര്‍ണയം നടത്തുന്നതിനെയാണ്‌ ആനുവല്‍ ഇന്‍ഫര്‍മേഷന്‍ റിട്ടേണ്‍സ്‌ എന്ന്‌ പറയുന്നത്‌. ബാങ്കുകളോ മറ്റുള്ളവരോ ആയിരിക്കും ഒരു വ്യക്തിയുടെ ചെലവാക്കല്‍ സംബന്ധിച്ച്‌ ആദായ നികുതി വകുപ്പിന്‌ വിവരം കൈമാറുക. ആദായ നികുതി വകുപ്പ്‌ നിര്‍ദ്ദേശിച്ചിരിക്കുന്ന പരിധിയില്‍ കൂടുതല്‍ ചെലവാക്കുകയാണെങ്കില്‍ ചെലവാക്കലും നികുതി ദായകന്‍ വെളിപ്പെടുത്തിയിട്ടുള്ള വരുമാനവും ഒത്ത്‌ നോക്കി വരുമാനം സംബന്ധിച്ച്‌ ശരിയായ വിവരമാണോ വെളിപ്പെടുത്തിയിരിക്കുന്നതെന്ന്‌ കണ്ടെത്തുകയാണ്‌ പതിവ്‌.
2013 -14 സാമ്പത്തിക വര്‍ഷം ആദായ നികുതി സമാഹരണം 20 ശതമാനം ഉയര്‍ത്തി 2.48 ലക്ഷം കോടിയില്‍ എത്തിക്കുന്നതിനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്‌. മുന്‍ സാമ്പത്തിക വര്‍ഷം 2.06 ലക്ഷം കോടി രൂപയാണ്‌ സമാഹരിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.