ശതാഭിഷിക്തനായ ജീയ്ക്ക്‌ സാംസ്ക്കാരിക നഗരിയുടെ ആദരവ്‌

Tuesday 21 May 2013 11:49 pm IST

തൃശൂര്‍ : ശതാഭിഷിക്തനായ ആര്‍എസ്‌എസ്‌ മഹാനഗര്‍ സംഘചാലക്‌ ജി.മഹാദേവന്‌ സാംസ്കാരിക നഗരിയുടെ ആദരവ്‌. ആയിരങ്ങള്‍ പങ്കെടുത്ത സമാദാരണചടങ്ങ്‌ പൂരനഗരിയില്‍ വ്യത്യസ്തതയുടെ മുഖപടം ചാര്‍ത്തി. ഒരു പുരുഷായുസ്സുമുഴുവന്‍ രാഷ്ട്രപൂജക്കായി സമര്‍പ്പിച്ച ജി.മഹാദേവന്‍ എന്ന കര്‍മ്മയോഗിയുടെ ശതാഭിഷേക ചടങ്ങിന്‌ നാനാതുറകളിലുള്ള അനേകരാണ്‌ എത്തിയത്‌. തൃശൂര്‍ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢോജ്വലമായ ചടങ്ങിന്റെ ഉദ്ഘാടനം തൃശ്ശിവപേരൂര്‍ എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണന്‍ ഭദ്രദീപം തെളിയിച്ച്‌ നിര്‍വ്വഹിച്ചു.
സമാജത്തിനുവേണ്ടി സമര്‍പ്പണം ചെയ്ത അതുല്യ വ്യക്തിത്വമാണ്‌ ജി.മഹാദേവന്റെതെന്ന്‌ തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. തൃശൂരിന്റെ പൊതുസ്വത്താണദ്ദേഹം. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ഒരേപോലെ തിളങ്ങി നില്‍ക്കുന്ന അപൂര്‍വ്വ തേജസ്സാണദ്ദേഹം. താന്‍ പ്രവര്‍ത്തിച്ച കര്‍മ്മ മണ്ഡലങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചുവെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
കോര്‍പ്പറേഷന്‍ മേയര്‍ ഐ.പി.പോള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിഷപ്പ്‌ ഡോ.മാര്‍ അപ്രേം മെത്രാപ്പോലീത്ത, സ്വാമി സദ്ഭവാനന്ദ, സ്വാമി പുരുഷോത്തമാനന്ദസരസ്വതി, ആര്‍എസ്‌എസ്‌ അഖിലഭാരതീയ കാര്യകാരി അംഗം എസ്‌.സേതുമാധവന്‍, അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ്‌ ജെ.നന്ദകുമാര്‍, തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട്‌ പ്രൊഫ. എം.മാധവന്‍കുട്ടി, പാറമേക്കാവ്‌ ദേവസ്വം പ്രസിഡണ്ട്‌ കെ.കെ.മേനോന്‍, സിനി ആര്‍ട്ടിസ്റ്റ്‌ ജയരാജ്‌ വാര്യര്‍, വീരശൈവ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ വി.ആര്‍.മോഹനന്‍, എഴുത്തച്ഛന്‍ സമാജം സംസ്ഥാന പ്രസിഡണ്ട്‌ കെ.ജി.അരവിന്ദാക്ഷന്‍, ബ്രാഹ്മണസഭ ജില്ല സെക്രട്ടറി ഡി.മൂര്‍ത്തി, എന്‍എസ്‌എസ്‌ താലൂക്ക്‌ യൂണിയന്‍ പ്രസിഡണ്ട്‌ പ്രൊഫ. കെ.എസ്‌.പിള്ള തുടങ്ങി പ്രമുഖര്‍ അദ്ദേഹത്തെയും ഭാര്യ തൈലാംബാളിനേയും പൊന്നാട അണിയിച്ച്‌ ആദരിച്ചു.
ജി.മഹാദേവന്റെ ശതാഭിഷേകചടങ്ങിനോടനുബന്ധിച്ച്‌ ആയിരം പേരുടെ രക്തദാന സമ്മപത്രം തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ഡോ.ഫ്രാന്‍സീസ്‌ ആലപ്പാട്ട്‌, ജില്ല റൂറല്‍ പോലീസ്‌ സൂപ്രണ്ട്‌ പി.എച്ച്‌.അഷറഫിന്‌ നല്‍കി. ചടങ്ങില്‍ സി.സദാനന്ദന്‍ മാസ്റ്റര്‍ സ്വാഗതവും ആര്‍എസ്‌എസ്‌ മഹാനഗര്‍ കാര്യവാഹ്‌ കെ.സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു. നേരത്തെ അദ്ദേഹത്തിന്‌ ആശംസകള്‍ അര്‍പ്പിക്കാന്‍ സംഘത്തിന്റെ മുതിര്‍ന്ന കാര്യകര്‍ത്താക്കളായ സ്ഥാണുമാലയന്‍ജി, എ.എം.കൃഷ്ണന്‍, പി.ഇ.ബി.മേനോന്‍, ഗോപാലന്‍കുട്ടിമാസ്റ്റര്‍, പി.ആര്‍.ശശിധരന്‍, എ.ആര്‍.മോഹന്‍, സുദര്‍ശന്‍, ബിഎംഎസ്‌ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ.സജിനാരായണന്‍, ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്‌, സംസ്ഥാന പ്രസിഡണ്ട്‌ വി.മുരളീധരന്‍, എ.എന്‍.രാധാകൃഷ്ണന്‍, കെ.ആര്‍.ഉമാകാന്തന്‍, വി.കെ.വിശ്വനാഥന്‍, ഡോ.കെ.മോഹന്‍ദാസ്‌, ശോഭാ സുരേന്ദ്രന്‍, ധനലക്ഷ്മി ബാങ്ക്‌ എംഡി ജയകുമാര്‍ തുടങ്ങി നിരവധി പേര്‍ എത്തിയിരുന്നു.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.