മണല്‍വില്‍പ്പന: മൂവാറ്റുപുഴ നഗരസഭയില്‍ വാക്കേറ്റം

Friday 24 May 2013 12:39 am IST

മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പല്‍ കൗണ്‍സില്‍യോഗത്തില്‍ മണല്‍മറിച്ചുവില്‍പ്പനയെച്ചൊല്ലി ഭരണപ്രതിപക്ഷ വാക്കേറ്റം. വീടിന്റെ അറ്റകുറ്റപ്പണിക്കായി അനുവദിച്ച മണല്‍ പ്രതിപക്ഷ കൗണ്‍സിലര്‍ മറിച്ചുവിറ്റുവെന്നാരോപിച്ച്‌ മുനിസിപ്പല്‍ സെക്രട്ടറിക്കുപരാതി ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച തര്‍ക്കമാണ്‌ ബഹളത്തില്‍ എത്തിയത്‌. ഇന്നലെ ചേര്‍ന്നയോഗത്തില്‍ ഭരണപക്ഷം പ്രതിപക്ഷകൗണ്‍സിലര്‍മാര്‍ക്കുനേരെ വിമര്‍ശനമുയര്‍ത്തി.
മണല്‍ കടത്തിന്റെ പേരില്‍ കൗണ്‍സിലിനെ മുഴുവന്‍ അവഹേളിക്കുകയാണെന്നായിരുന്നു ചില കൗണ്‍സിലര്‍മാരുടെ ആക്ഷേപം. പരാതികളില്‍ അന്വേഷണം നടത്താമെന്ന ചെയര്‍മാന്റെ ഉറപ്പില്‍ ബഹളം അവസാനിപ്പിച്ചു. മൂവാറ്റുപുഴ നഗരസഭയുടെ ഏക കടവായ കാര്‍ത്തുള്ളില്‍ കടവില്‍ നിന്നും ദിവസം തോറും 10 ലോഡ്‌ മണല്‍ വീതമാണ്‌ വാരാന്‍ അനുമതിയുള്ളത്‌. നഗരത്തില്‍ വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കും വീടുനിര്‍മ്മാണത്തിനുമായി അപേക്ഷ നല്‍കിയിരിക്കുന്നവര്‍ക്കാണ്‌ മണല്‍പാസ്‌ ലഭിക്കുക. വ്യാജപാസ്‌ സമ്പാദിച്ച്‌ മണല്‍ കിട്ടിയശേഷം അമിതലാഭം വാങ്ങിമറിച്ചു വില്‍ക്കുക പതിവായസാഹചര്യം നിലനിന്നിരുന്നു.
മണല്‍ പാസ്സ്‌ ലഭിക്കുന്നവരുടെ പുരയിടത്തില്‍ അല്ലാതെ മണല്‍ ഇറക്കുന്നത്‌ നിരോധിച്ചുകൊണ്ടും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും മുനിസിപ്പല്‍ അധികൃതര്‍ പോലീസിന്‌ നിര്‍ദ്ദേശം നല്‍കി. മൂവാറ്റുപുഴയിലെ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍ മാരില്‍ ചിലരും ഉദ്യോഗസ്ഥരും തമ്മില്‍ ഒത്തുകളി നടത്തിമണല്‍ മറിച്ചുവില്‍ക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.