ഡോ.ബി. അശോകിനെ നീക്കാനുള്ള തീരുമാനം രാഷ്ട്രീയ ഗൂഢാലോചന: വിദ്യാഭ്യാസ സംരക്ഷണ സമിതി

Sunday 26 May 2013 11:27 pm IST

കോഴിക്കോട്‌: വെറ്ററിനറി സര്‍വ്വകലാശാല വി.സി. ഡോ.ബി. അശോകിനെ തല്‍സ്ഥാനത്തുനിന്ന്‌ നീക്കാനുള്ള മന്ത്രിസഭാ തീരുമാനം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന്‌ വിദ്യാഭ്യാസ സംരക്ഷണസമിതി കുറ്റപ്പെടുത്തി. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ ശിവഗിരിസന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ ആശയസംവാദത്തില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിനുള്ള ശിക്ഷാ നടപടിയായാണ്‌ മന്ത്രിസഭ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്‌. അഭിപ്രായസ്വാതന്ത്ര്യത്തെ അങ്ങേയറ്റം വിലമതിക്കുന്ന കേരള സമൂഹത്തിന്റെ പ്രബുദ്ധതക്ക്‌ ഈ നടപടി തീരാകളങ്കമാണ്‌ ഉണ്ടാക്കിയിരിക്കുന്നതെന്നും സമിതി സംസ്ഥാന സംയോജകന്‍ എ.വിനോദ്‌ പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിലെ വിസിമാരും ഉന്നത സിവില്‍ സര്‍വ്വീസ്‌ ഉദ്യോഗസ്ഥന്‍മാരും എന്നും അവരുടെ വ്യക്തിപരമായ ആശയങ്ങളും അഭിപ്രായങ്ങളും മാധ്യമങ്ങളിലൂടെ പൊതുവേദികളിലൂടെയും പങ്കുവെച്ചിട്ടുള്ളവരാണ്‌. ഇതേവരെ അതിനെ പദവിയുടെ ദുരുപയോഗമായി ആരും ആക്ഷേപിച്ചിട്ടില്ല. രാഷ്ട്രീയ വേദികളില്‍ പോലും സ്ഥിരം പ്രാസംഗികരായ വി. സിമാര്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്‌. അത്തരം വ്യക്തികള്‍ക്കുപോലും ഡോ. അശോകന്‌ നേരിടേണ്ടിവരുന്ന പീഡനം സഹിക്കേണ്ടി വന്നിട്ടില്ല.
സത്യസന്ധനും കാര്യശേഷിയുമുള്ള ഉദ്യോഗസ്ഥന്‍ ആയിരിക്കേ തന്നെ ശ്രീനാരായണ ഭക്തന്‍ എന്ന നിലയില്‍ ശിവഗിരി ആശ്രമത്തെ അനാവശ്യവിവാദങ്ങളിലേക്ക്‌ വലിച്ചിഴക്കുന്ന ദുഷ്പ്രവണതയ്ക്കെതിരെ അഭിപ്രായം പറയുകമാത്രമാണ്‌ വിസി ചെയ്തിട്ടുള്ളത്‌. ശ്രീനാരായണീയ സഹയാത്രികനായ വിസിയെ സ്ഥാനത്തു നിന്നും നീക്കാനുള്ള മന്ത്രിസഭ തീരുമാനത്തിന്‌ പിന്നില്‍ വന്‍ രാഷ്ട്രീയ ഗൂഢാലോചനയുമുണ്ട്‌. ഇതിനെതിരെ കേരളത്തിലെ സാമൂഹിക-സാംസ്കാരികനായകര്‍ പ്രതികരിക്കണം. രാഷ്ട്രീയപ്രേരിതമായി ഉണ്ടായ മന്ത്രിസഭാതീരുമാനം ചാന്‍സലര്‍കൂടിയായ ഗവര്‍ണ്ണര്‍ തള്ളിക്കളയണം. ഈ ആവശ്യം ഉന്നയിച്ച്‌ അടുത്ത ദിവസം തന്നെ ഗവര്‍ണ്ണറെ കണ്ട്‌ നിവേദനം നല്‍കുമെന്നും എ.വിനോദ്‌ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.