പത്തനംതിട്ട: ആറന്മുള വിമാനത്താവളം വിഷയം പരിഗണിക്കാനിരുന്ന നിര്‍ണായക ലാന്‍ഡ്ബോര്‍ഡ് മാറ്റിയതിനു പിന്നില്‍ കെജിഎസ് ഗ്രൂപ്പെന്ന് ആക്ഷേപം. ഇതിനായി ലാന്‍ഡ് ബോര്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ യോഗത്തില്‍ പങ്കെടുക്കാതിരിക്കാന്‍ അണിയറയില്‍ കരുക്കള്‍ നീക്കിയതിന് പിന്നില്‍ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവെന്നും സൂചന. ഇത് കാരണം ആറന്മുള വിമാനത്താവള ഭൂമിയുള്‍പ്പെടെ 232 ഏക്കര്‍ ഭൂപരിഷ്ക്കരണ വിഭാഗം മിച്ച ഭൂമിയായി പ്രഖ്യാപിച്ചതും തുടര്‍ന്ന് ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളും പ്രതിസന്ധിയിലായി.
ലാന്‍ഡ് ബോര്‍ഡ് കഴിഞ്ഞ ദിവസം കോഴഞ്ചേരിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ബോര്‍ഡിന്റെ യോഗം മാറ്റിയതാണ് വിവാദമായിരിക്കുന്നത്. കോഴിക്കോട്ട് നിന്നു പുതിയതായി നിയമിച്ച ഡെപ്യൂട്ടി കളക്ടര്‍ ഇ.ടി സുരേഷ്കുമാറിന് ചാര്‍ജ്ജ് നല്‍കിയെങ്കിലും ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല. പത്തനംതിട്ട സ്വദേശിയായ സുരേഷ്കുമാര്‍ സ്വവസതിയില്‍ ഉണ്ടായിട്ടും അടിയന്തരമായി റവന്യൂ വകുപ്പിന് തുടര്‍ നടപടികള്‍ കൈകൊള്ളണമെന്നു പറയാത്തതിന്റെ പിന്നിലും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
സര്‍ക്കാരിന് വേണ്ടി നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയും നടപടി ആരംഭിക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല അവാര്‍ഡ് ലഭിച്ച അബ്ദുള്‍ സമദിനെ മിച്ചഭൂമി പ്രഖ്യപനത്തിനുള്ള ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ 21 ന് അവസാനിക്കാനിരിക്കെ 20ന് വയനാട്ടിലേക്ക് സ്ഥലംമാറ്റിയതിനെ തുടര്‍ന്ന് സുരേഷ്കുമാര്‍ എത്തുകയായിരുന്നു. എന്നാല്‍ സുരേഷ് കുമാറിനെ ഇവിടെനിന്നുമാറ്റി പകരം പാലക്കാട്ടെ ഡെപ്യൂട്ടി കളക്ടറായ സജീവ് കുമാറിനെ ഇവിടെ നിയമിക്കാന്‍ അണിയറയില്‍ ചരടുവലിക്കുന്നതായി അറിയാന്‍ കഴിയുന്നു.
ഭൂമാഫിയ രാഷ്ട്രീയ അച്ചുതണ്ട് കേരള-കേന്ദ്ര ഭരണത്തില്‍ വന്‍ സ്വാധീനം ചെലുത്തിയതിന് തെളിവാണ് തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുന്ന സ്ഥലമാറ്റങ്ങള്‍. പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന വി.എന്‍ ജിതേന്ദ്രന് പകരം എത്തിയ പ്രണബ് ജ്യോതിനാഥ് മെയ് 20 മുതല്‍ അവധിയിലായതിന്റെ പിന്നിലും ആറന്മുള വിമാനത്താവള വിഷയത്തിന്മേലിലുള്ള ദുരൂഹതയേറുന്നു. ലാന്റ്ബോര്‍ഡ് യോഗം നടക്കാതായതോടെ നിയമലംഘനങ്ങള്‍ക്കെതിരായ നടപടിയുടെ ഫയലൊന്നും അനങ്ങാതെയായി. വിമാനത്താവള കമ്പനിക്കെതിരായി തന്നെ ഒരു ഡസനോളം പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കാനുണ്ട്. കഴിഞ്ഞദിവസം ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എ പത്തനംതിട്ട പെരുനാട്ടില്‍ ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിക്കൂട്ടിയതിന് പിന്നിലും വന്‍ ഭൂമാഫിയ സംഘം ജില്ലയില്‍ പിടിമുറുക്കിയിരിക്കുന്നു എന്നു വ്യക്തമാകുന്നു.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: