കോട്ടയം: എം.ജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗത്വം ഡോ.സുജാത രാജിവച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകളാണ് സുജാത. ആലപ്പുഴ ഡിസിസി പാസാക്കിയ പ്രമേയത്തില്‍ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് വൈസ് ചാന്‍സിലര്‍ക്കും രജിസ്ട്രാര്‍ക്കും കൈമാറി.
മകളെ എംജി പ്രൊ വൈസ് ചാന്‍സലറാക്കാന്‍ ശ്രമിച്ച് നടക്കാതിരുന്നതിനെ തുടര്‍ന്നാണ് രമേശ് ചെന്നിത്തലയ്ക്കെതിരേ സുകുമാരന്‍ നായര്‍ രംഗത്തു വന്നതെന്ന് ആലപ്പുഴ ഡിസിസി ആരോപിച്ചിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ആവശ്യം താന്‍ മുന്നോട്ടു വച്ചിരുന്നില്ലെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.
ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനു ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ എന്‍എസ്എസിന്റെ പേരില്‍ ഇത്തരം നീക്കങ്ങള്‍ നടത്തരുതെന്നു താന്‍ നിര്‍ദേശം നല്‍കിയിരുന്നതായും അദ്ദേഹം വിശദീകരിച്ചിരുന്നു. അപകീര്‍ത്തിപരമായ പരമാര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബോര്‍ഡ്, കോര്പ്പറേഷന് സ്ഥാനമാനങ്ങളൊന്നും യുഡിഎഫ് സര്‍ക്കാര്‍ എന്‍എസ്എസിന്റെ അക്കൗണ്ടില്‍ നല്‍കിയിട്ടില്ലെന്നും എന്‍എസ്എസ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: