മാവോയിസ്റ്റ്‌ ആക്രമണം രാഷ്ട്രീയവത്കരിക്കുന്നത്‌ അപലപനീയം: രാജീവ്‌ പ്രതാപ്‌ റൂഡി

Monday 27 May 2013 11:59 pm IST

തിരുവനന്തപുരം: ഛത്തീസ്ഗഢിലെ മാവോയിസ്റ്റ്‌ ആക്രമണത്തെ രാഷ്ട്രീയവത്കരിക്കുന്ന കോണ്‍ഗ്രസിന്റെ നിലപാട്‌ അപലപനീയമാണെന്ന്‌ ബിജെപി ദേശീയ ജനറല്‍സെക്രട്ടറി രാജീവ്‌ പ്രതാപ്‌ റൂഡി. മാവോയിസ്റ്റ്‌ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനനേതാക്കള്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ട സംഭവം ബിജെപി ദേശീയനേതൃത്വം ഗൗരവത്തോടെയാണ്‌ കാണുന്നത്‌. എന്നാല്‍ പ്രധാനമന്ത്രിയടക്കുമുള്ളവര്‍ വിഷയത്തെ രാഷ്ട്രീയ കുറ്റപ്പെടുത്തലുകള്‍ക്ക്‌ ഉപയോഗിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്‌. നക്സലിസത്തിനെതിരെ സുവ്യക്തമായനയവും ശക്തമായ നടപടികളുമാണ്‌ ഉണ്ടാകേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നക്സലിസം ഒരുസംസ്ഥാനത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. അതിര്‍ത്തികള്‍ക്കതീതമായി, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ്‌. നക്സലിസത്തിന്‌ ശക്തമായി വേരോട്ടമുള്ള സംസ്ഥാനമാണ്‌ തന്റേത്‌. നക്സലിസം ശക്തമായ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും ഒരുമിച്ചു ഭീഷണി നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ സ്വീകരിക്കണം. ഇന്റലിജന്‍സ്‌ സംവിധാനം ശക്തമാക്കുന്നതിനെക്കുറിച്ചും ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചിന്തിക്കണം. നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്നനേതാക്കളുടെ വിഭിന്നഅഭിപ്രായങ്ങള്‍ രാജ്യസുരക്ഷാകാര്യങ്ങളില്‍പ്പോലും വ്യക്തമായ നയം കൈക്കൊള്ളുന്നതിന്‌ തടസ്സം നില്‍ക്കുകയാണ്‌. മുന്‍ ആഭ്യന്തരമന്ത്രിയായ ചിദംബരം നക്സലിസത്തിനെതിരെ ശ്രദ്ധേയമായ നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ ചിദംബരത്തിന്റെ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്സിംഗ്‌ നിലപാടെടുത്തു, അദ്ദേഹം പറഞ്ഞു.
ബിജെപിയോ കോണ്‍ഗ്രസോ മാവോയിസ്റ്റുകളുടെ ശത്രുവല്ല, എന്നാല്‍ മാവോയിസ്റ്റുകളുടെ ശത്രു ഭരണസംവിധാനമാണ്‌. അവരുടെ പ്രത്യയ ശാസ്ത്രമാകട്ടെ 'തോക്കിന്‍ കുഴലിലൂടെ അധികാരവും'. ജനാധിപത്യസംവിധാനത്തിനെതിരായ ഈ വെല്ലുവിളി നേരിടാന്‍ കൂട്ടായ പരിശ്രമമാണ്‌ വേണ്ടത്‌. ഛത്തീസ്ഗഢില്‍ ബിജെപി സര്‍ക്കാരിന്‌ ചെയ്യാനാവുന്നത്‌ ചെയ്യുന്നുണ്ട്‌. സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാരിന്‌ ബാധ്യതയുണ്ട്‌. അതേസമയം മാവോയിസ്റ്റ്‌ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനും തുല്യബാധ്യതയുണ്ട്‌, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ ക്രിക്കറ്റില്‍ നടക്കുന്ന കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്‌. അത്‌ അഴിമതി വിഷയമാണ്‌. പക്ഷേ വ്യക്തികള്‍ ചെയ്യുന്ന അഴിമതികളുടെ മറവില്‍ സര്‍ക്കാര്‍ തലത്തില്‍ പ്രധാനമന്ത്രിയുള്‍പ്പെടെ ആരോപണവിധേയരായ അഴിമതിസംഭവങ്ങള്‍ മുങ്ങിപ്പോകുന്നത്‌ ശരിയല്ല. ബിസിസിഐ ചെയര്‍മാന്‍ ശ്രീനിവാസന്‍ രാജിവയ്ക്കണമോയെന്ന ചോദ്യത്തിന്‌ അത്‌ വ്യക്തിയുടെ ധാര്‍മികതയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും റൂഡി മറുപടി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.