കോഴിക്കോട് കൌണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി

Tuesday 28 May 2013 2:01 pm IST

കോഴിക്കോട്‌: സ്ത്രീ ഓടിയില്‍ വീണു മരിച്ച സംഭവം കോഴിക്കോട്‌ നഗരസഭാ കൗണ്‍സില്‍ യോഗം കയ്യാങ്കളിയിലെത്തിച്ചു. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചതോടെയാണ്‌ കയ്യാങ്കളിയിലേക്കു നീങ്ങിയത്‌. തുടര്‍ന്ന്‌ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

വാര്‍ഷിക പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സ്ത്രീ ഓടയില്‍ വീണ് മരിച്ച സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ഭരണപക്ഷം തയ്യാറായില്ല. ഇതോടെയാണ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായത്.

കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനു സമീപം പിവിഎസ്‌ ആശുപത്രിക്കു മുന്നിലെ ഓവുചാലില്‍ വീണാണ്‌ കിണാശേരി മാനാരി വീട്ടില്‍ ആയിഷബി(60) മരിച്ചത്‌. മരുമകളോടൊപ്പം വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെയാണ്‌ അപകടം. നഗരത്തില്‍ വൈകുന്നേരം മുതല്‍ കനത്ത മഴ പെയ്തിരുന്നു. വെള്ളം കയറിയതിനെ തുടര്‍ന്നു ഫുട്ട്പാത്ത്‌ മുങ്ങിയ നിലയിലായിരുന്നു.

സ്ലാബ്‌ ഇളകിയതു കാണാതെ ആയിഷ ഡ്രെയിനേജില്‍ വീഴുകയും ഒലിച്ചു പോവുകയുമായിരുന്നു. തുടര്‍ന്നു രണ്ടു മണിക്കൂറോളം പോലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്‌. വീണിടത്തുനിന്ന്‌ അര കിലോമീറ്ററോളം ദൂരെ മാറി ഫ്രാന്‍സിസ്‌ റോഡിലെ മേല്‍പ്പാലത്തിനു സമീപമായിരുന്നു മൃതദേഹം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.