പ്രധാനമന്ത്രി ജപ്പാനില്‍; ചൈനീസ്‌ പത്രം വിമര്‍ശിക്കുന്നു

Tuesday 28 May 2013 10:59 pm IST

ബീജിംഗ്‌: ഇന്ത്യ ചൈന ബന്ധത്തെ കലുഷിതമാക്കാന്‍ ജപ്പാന്‍ ശ്രമിക്കുകയാണെന്ന്‌ ചൈനീസ്‌ ദേശീയ ദിനപത്രം. എന്നാല്‍ അതിര്‍ത്തി പ്രശ്നങ്ങളെ വളരെ സമചിത്തതയോടെ സമീപിക്കുന്ന ഇന്ത്യന്‍ നിലപാടിനെ പത്രം സ്വാഗതം ചെയ്തു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ടോക്കിയോ സന്ദര്‍ശിക്കുന്ന വേളയില്‍ പുറത്തുവന്ന ഈ റിപ്പോര്‍ട്ട്‌ രാഷ്ട്രീയ നിരീക്ഷകര്‍ വളരെ പ്രാധാന്യത്തോടെയാണ്‌ കാണുന്നത്‌.
ചൈനയിലെ ഭരണക്ഷിയായ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുഖപത്രമായ ദി പീപ്പിള്‍സ്‌ ഡയ്‌ലിയിലാണ്‌ ജപ്പാന്‍ നേതാക്കളെ വിലകുറഞ്ഞ കവര്‍ച്ചക്കാര്‍ എന്ന്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌. ഇന്ത്യാ ചൈന അതിര്‍ത്തി പ്രശ്നങ്ങള്‍ വിദേശ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിച്ച്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ തകര്‍ക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ പത്രം ആരോപിക്കുന്നു. നയതന്ത്രപരമായ അത്ഭുതമെന്നാണ്‌ ഈ വാര്‍ത്തയോട്‌ ജപ്പാന്‍ നേതാക്കള്‍ പ്രതികരിച്ചത്‌. ചൈനീസ്‌ പ്രധാനമന്ത്രി ലി കെക്വിയാംഗ്‌ ഇന്ത്യ സന്ദര്‍ശിക്കും മുമ്പാണ്‌ അതിര്‍ത്തി പ്രശ്നങ്ങള്‍ തട്ടിപ്പാണെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നത്‌.
ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ എന്തത്ഭുതമാണ്‌ സംഭവിച്ചതെന്ന്‌ മാധ്യമങ്ങള്‍ അന്വേഷിക്കുന്നതിനിടയിലാണ്‌ ജപ്പാന്‍ നേതാക്കളുടെ പ്രതികരണം.
ഇന്ത്യ-ചൈന രാജ്യങ്ങളുടെ വികസന ബന്ധത്തില്‍ നിരവധി മാറ്റങ്ങളും ശക്തമായ എതിര്‍പ്പുകളുമുണ്ട്‌. ചില രാജ്യങ്ങളില്‍ ഇത്തരം വേറിട്ട മാറ്റങ്ങള്‍ അഭിപ്രായ ഭിന്നതകളിലെത്തുന്നുവെന്ന്‌ പത്രം പറഞ്ഞു. ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരുപോലെ കാഴ്ച്ചപ്പാടും വിവേകവുമുണ്ട്‌. ഇന്ത്യയുടെ മെച്ചപ്പെട്ട അറിവ്‌ ചൈനയുമായുള്ള നല്ല ബന്ധത്തിന്‌ വഴിയൊരുക്കും.
എന്നാല്‍ ചൈനയുമായി പൊരുതുന്നതിന്‌ ജപ്പാന്‍ ഇന്ത്യ ആസ്ട്രലിയ യുഎസ്‌ എന്നീ രാജ്യങ്ങള്‍ ഡമോക്രറ്റിക്‌ സെക്യൂരിറ്റി ഡയമണ്ഡ്‌ എന്ന വ്യവസ്ഥയില്‍ ഒന്നിക്കണമെന്ന്‌ ജാപ്പനീസ്‌ പ്രധാനമന്ത്രി ഷിനോസ്‌ അബി ആവശ്യപ്പെട്ടു. ചൈനയുമായുള്ള ബന്ധത്തില്‍ ചില രാഷ്ട്രീയക്കാര്‍ വെറുക്കുന്ന രീതിയിലുള്ള അഭിപ്രായങ്ങളാണ്‌ ഉന്നയിക്കുന്നതെന്നും പത്രം പറഞ്ഞു. ഡെമോക്രറ്റിക്‌ സെക്യൂരിറ്റി ഡയമണ്ഡ്‌, സ്ട്രാറ്റജിക്ക്‌ ഡിപ്ലോമസി, വെല്യൂസ്‌ ഡിപ്ലോമസി എന്നീ മൂന്ന്‌ വ്യവസ്ഥകള്‍ വളരെ പ്രധാനപ്പെട്ടതാണ്‌. പക്ഷേ ഇത്തരം വ്യവസ്ഥകളിലൂടെ വ്യക്തമാകുന്നത്‌ ജാപ്പനീസ്‌ സര്‍ക്കാരിന്റെ ഇടുങ്ങിയ നയതന്ത്രചിന്താഗതിയാണ്‌.
എന്നാല്‍ മന്‍മോഹന്‍ സിംഗിന്റെ സന്ദര്‍ശനത്തെ തുടര്‍ന്നാണ്‌ ഇന്ത്യക്ക്‌ യുഎസ്‌ 2 വിമാനം നല്‍കുന്ന ഇടപാടില്‍ ഇന്ത്യയും ജപ്പാനും ഒപ്പുവയ്ക്കുന്നത്‌. ഇത്തരം വ്യവസ്ഥകള്‍ ഇന്ത്യയുടെയും ജപ്പാന്റെയും പ്രതിരോധവും സേന വിഭാഗവും ശക്തിപ്പെടുത്താന്‍ സഹായിക്കും. ഇന്ത്യ ചൈന തര്‍ക്കത്തിലൂടെ മെച്ചപ്പെട്ടസ്ഥാനമുണ്ടാക്കിയെടുക്കാനാണ്‌ ജപ്പാന്‍ ശ്രമിക്കുന്നതെന്നു പത്രം കുറ്റപ്പെടുത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.