ചാണക്യദര്‍ശനം

Monday 20 June 2011 6:13 pm IST

വിപ്രയോര്‍ വിപ്രവഹ്യോശ്ച
ദംപത്യോഃ സ്വാമിഭൃത്യയോഃ
അന്തരേണ ന ഗന്തവ്യം
ഹലസ്യ വൃഷഭസ്യ ച

ശ്ലോകാര്‍ത്ഥം
'സംസാരിച്ചുകൊണ്ടിരിക്കുന്ന രണ്ട്‌ പണ്ഡിതന്മാര്‍, പടര്‍ന്നു കത്തുന്ന തീ, സ്വകാര്യം പറയുന്ന ഭാര്യയും ഭര്‍ത്താവും, ഭൃത്യനെ ശാസിക്കുന്ന യജമാനന്‍, പാടത്ത്‌ ഉഴാന്‍ കെട്ടിയിട്ട കാളകള്‍ ഇവയുടെ ഇടയില്‍ക്കൂടി നമ്മളൊരിക്കലും മുറിച്ച്‌ കടക്കരുത്‌.'
പണ്ഡിതന്മാര്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ ഇടയില്‍കയറി ചാടിയാല്‍ പല ദൂഷ്യങ്ങളുമുണ്ട്‌. അവരുടെ സംഭാഷണ വിഷയം ഗൗരവുള്ളതാണ്‌. അത്‌ മുറിഞ്ഞുപോകുന്നു. അവരുടെ കോപത്തിന്‌ നിങ്ങള്‍ പാത്രമാകുന്നു. അവരില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ കിട്ടുന്ന ആനുകൂല്യം നഷ്ടമാകുന്നു.
അടുത്തത്‌ കത്തിക്കാളുന്ന തീയാണ്‌. അഗ്നിജ്വാലയുടെ മദ്ധ്യത്തില്‍ക്കൂടി നടന്നാല്‍ എന്ത്‌ സംഭവിക്കുമെന്ന്‌ വിവരിക്കേണ്ടതില്ല. ഇവിടെ മറ്റൊരു വ്യാഖ്യാനത്തിനും കൂടി വകയുണ്ട്‌. അഗ്നിജ്വാലയുടെയും പുരോഹിതന്റെയും ഇടയില്‍ക്കൂടി എന്നര്‍ത്ഥമെടുത്താല്‍ ഒരു യാഗം നടക്കുന്ന രംഗമാണ്‌ നിങ്ങള്‍ക്കോര്‍മവരിക. പുരോഹിതന്‍ ഉച്ചരിക്കുന്ന മന്ത്രധ്വനികളില്‍ക്കൂടി അഗ്നിയിലേക്ക്‌ ആവാഹിക്കപ്പെടുന്ന ദേവന്മാരോടുള്ള അഭ്യര്‍ത്ഥനകളെല്ലാം ഇടമുറിഞ്ഞുപോകുന്നു. എന്നുവച്ചാല്‍ ഫലമില്ലാതാകുന്നു.
ഭാര്യയും ഭര്‍ത്താവും തമ്മില്‍ ആയിരം കാര്യങ്ങള്‍ പറയാനുണ്ടാകും. അതെല്ലാം തന്നെ പരസ്യമാക്കാവുന്നതല്ല. പരസ്യമാവാനിടയായാല്‍ അപവാദവും ഉണ്ടാകാം. മാത്രമല്ല, ഭാര്യഭര്‍തൃ രഹസ്യങ്ങള്‍ അന്യന്റെ കയ്യില്‍ കിട്ടിയാല്‍ അവന്‍ അതുംകൊണ്ട്‌ പാട്ടുപാടി നടക്കുകയും ചെയ്യും. കുടിലായാലും കൊട്ടാരമായാലും ശരി, രഹസ്യം രഹസ്യം തന്നെ. ഭാര്യാഭര്‍തൃബന്ധങ്ങള്‍ തകര്‍ക്കുന്നത്‌ തനിക്കൊരു തമാശയാണെന്ന്‌ വീരവാദം മുഴക്കുന്ന പ്രമാണിമാരുണ്ട്‌ ലോകത്തില്‍. അവര്‍ ചെയ്യുന്ന മഹാപാപം അവരെ ജീവനോടെ നരകത്തിലെത്തിക്കുന്നു.
ഭൃത്യനും യജമാനനും തമ്മില്‍ കൈമാറുന്ന നിര്‍ദ്ദേശങ്ങള്‍ മുഖത്ത്‌ നോക്കിത്തന്നെ പറയേണ്ടിവരുന്നു. അതിനിടയ്ക്ക്‌ മുറിച്ച്‌ കടക്കുന്ന അന്യന്‌ ഒന്നുകില്‍ യജമാനന്റെ ശകാരം കേള്‍ക്കണം .അല്ലെങ്കില്‍ ഭൃത്യന്റെ പരാതികേള്‍ക്കണം. പാടത്ത്‌ ഉഴാന്‍ തയ്യാറാക്കി നിര്‍ത്തിയ കാളക്കൂട്ടമായാലും ശരി ഉഴുതു കഴിഞ്ഞു ക്ഷീണിച്ച്‌ അഥിച്ചു വിടാനുള്ള കാളക്കൂട്ടമായാലും ശരി അങ്ങേയറ്റം അക്ഷമ പൂണ്ടാണ്‌ നില്‍ക്കുന്നത്‌. രണ്ടുകാളകള്‍ക്കിടയ്ക്ക്‌ ആര്‍ക്കും തന്നെ നില്‍ക്കാന്‍ പോലും സ്ഥലമില്ലാതിരിക്കെ നിങ്ങള്‍ ഇടിച്ച്‌ കയറിയാല്‍ ഒന്നുകില്‍ കാളയുടെ കുത്തു കൊള്ളേണ്ടിവരും. അല്ലെങ്കില്‍ രണ്ടുകാളകളും നിങ്ങളെ ചവിട്ടി മെതിച്ചെന്നുവരും. ആപത്ത്‌ വിലയ്ക്കുവാങ്ങുന്നതെന്തിന്‌?
അത്യന്തം മനോഹരമായ ഒരു സിദ്ധാന്തമാണിത്‌. സ്വാനുഭവത്തേക്കാള്‍ കല്‍പനാ വൈഭവത്തിനാണിതില്‍ സ്ഥാനം. ഗുണോപദേശം ഉള്‍ക്കൊള്ളുന്നു എങ്കിലും പ്രായോഗിക ചിത്രീകരണമാണിതൊക്കെ. യജമാനഭൃത്യന്മാരുടേയും ഭാര്യാഭര്‍ത്താക്കന്മാരുടെയും സംഭാഷണ വിഷയം ചാണക്യനൊഴിച്ച്‌ സാധാരണക്കാരാരും ശ്രദ്ധിച്ചിരിക്കാനിടിയില്ല.