അജണ്ട ചര്‍ച്ചചെയ്തില്ല; ചെയര്‍മാന്‍ ഇറങ്ങിപ്പോയി

Wednesday 29 May 2013 11:43 pm IST

കോട്ടയം: കൗണ്‍സില്‍ യോഗത്തില്‍ അജണ്ട ചര്‍ച്ചചെയ്യാതെ കരട് പദ്ധതി രേഖയ്ക്ക് ചെയര്‍മാന്‍ അംഗീകാരം നല്‍കി. ഒത്തുകളിയെന്നാരോപിച്ച് പ്രതിപക്ഷം ചെയര്‍മാന്റെ മുറിക്ക് മുന്നില്‍ കുത്തിയിരുന്നു. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കരട് പദ്ധതി രേഖ ചര്‍ച്ചചെയ്യാനും പദ്ധതിക്ക് അംഗീകാരം നല്‍കാനുമാണ് ഇന്നലെ രാവിലെ കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്തത്. തിങ്കളാഴ്ച ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തിന്റെ തുടര്‍ച്ചയായാണ് ഇന്നലെയും യോഗം ചേര്‍ന്നത്. 30ന് ചേരുന്ന ഡിപിസി യോഗത്തില്‍ 2013-14 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം തേടാനാണ് അടിയന്തിരമായി യോഗം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ പദ്ധതികള്‍ സംബന്ധിച്ചും ഫണ്ട് വീതം വയ്ക്കുന്നത് സംബന്ധിച്ചും തിങ്കളാഴ്ച ചേര്‍ന്ന കണ്‍സില്‍ യോഗത്തില്‍ തന്നെ അഭിപ്രായ വ്യത്യാസം രൂപപ്പെട്ടിരുന്നു. മെഡിക്കല്‍കോളജ് പരിസരത്തെ ദ്രവ മാലിന്യ സംസ്‌ക്കാരണ പ്ലാന്റ് പുനരുദ്ധാരണത്തിന് ആവശ്യമായ തുക അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഭരണപക്ഷ അംഗം ആലീസ് ജോണ്‍ തിങ്കളാഴ്ചത്തെ യോഗം ബഹിഷ്‌ക്കരിച്ചിരുന്നു. പിന്നീട് പദ്ധതികള്‍ സംബന്ധിച്ച് പഠിച്ച് ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് കൗണ്‍സില്‍ ഇന്നലത്തേക്ക് മാറ്റിയത്. എന്നാല്‍ ഇന്നലത്തെ യോഗം നിയമാനുസൃതമല്ലെന്ന ആരോപണവുമായി കൗണ്‍സിലര്‍ ബി ഗോപകുമാര്‍ എഴുന്നേറ്റതോടെ യോഗം ബഹളമയമാവുകയായിരുന്നു. ഗോപകുമാറിന് മറുപടിയുമായി ചെയര്‍മാനെ സംരക്ഷിച്ച് അനില്‍കുമാറും എം.എ. ഷാജിയും രംഗത്തെത്തിയതോടെ യോഗത്തില്‍ ഒച്ചപ്പാടേറി. ഇതോടെ ക്ഷോഭിച്ചെഴുന്നേറ്റ ചെയര്‍മാന്‍ കരട് പദ്ധതി രേഖയ്ക്ക് അംഗീകാരം നല്‍കിയെന്നറിയിച്ച് കൗണ്‍സില്‍ ഹാള്‍ വിട്ട് പുറത്തേക്കു പോവുകയായിരുന്നു. ഇതോടെ പ്രതിപക്ഷവും രംഗത്തിറങ്ങി. പദ്ധതികള്‍ പലതും നിയമാനുസൃതമല്ലെന്നും ഫണ്ട് തുല്യമായി വീതിക്കണമെന്നും തിങ്കളാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങള്‍ സംബന്ധിച്ച് ഇന്നലെ വീണ്ടും ചര്‍ച്ച ചെയ്യാനിരിക്കെയായിരുന്നു ചെയര്‍മാന്റെ ഇറങ്ങിപ്പോക്ക്. പദ്ധതി വിഹിതത്തിലെ വീതം വയ്പ് ചോദ്യം ചെയ്യുന്നതിനാല്‍ ഒത്തുകളി നടത്തിയാണ് ചെയര്‍മാന്‍ ഇറങ്ങിപ്പോയതെന്നാരോപിച്ച് പ്രതിപക്ഷം ചെയര്‍മാന്റെ മുറിക്ക് മുന്നില്‍ കുത്തിയിരിപ്പ് നടത്തി. മെയിന്റനന്‍സ് ഗ്രാന്റ് ഉള്‍പ്പെടെ 12 ലക്ഷം രൂപയുടെ പദ്ധതികള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് തയ്യാറാക്കാനാണ് അംഗങ്ങള്‍ക്ക് ചെയര്‍മാന്‍ നല്‍കിയ നിര്‍ദ്ദേശം. ഇതിനെ മറികടന്ന് ചെയര്‍മാന്‍ തന്നെ തനിക്കൊപ്പം നില്‍ക്കുന്ന ചില അംഗങ്ങള്‍ക്ക് 20 ലക്ഷം രൂപയുടെ പദ്ധതികള്‍ അനുവദിച്ചിരുന്നു. ചെയര്‍മാന്റെ വാര്‍ഡില്‍ മാത്രം 1.98 ലക്ഷം രൂപ ചിലവഴിച്ച് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കാനും പദ്ധതിയില്‍ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ഇതില്‍ ഭരണപക്ഷ അംഗങ്ങള്‍ തന്നെ എതിര്‍പ്പു പ്രകടിപ്പിച്ച സാഹചര്യത്തില്‍ ചര്‍ച്ച ഒഴിവാക്കാനാണ് ചെയര്‍മാന്‍ അസഹിഷ്ണുത പ്രകടിപ്പിച്ച് ഇറങ്ങിപ്പോയതെന്ന് പ്രതിപക്ഷ അംഗങ്ങളും ചില ഭരണകക്ഷി അംഗങ്ങളും ആരോപിച്ചു. തനിക്കെതിരേ ഉയരുന്ന എല്ലാ ചര്‍ച്ചകളിലും അംഗങ്ങളോട് പുച്ഛത്തോടെ സംസാരിക്കുകയും അസഹിഷ്ണുത പ്രകടിപ്പിക്കുകയുമാണ് ചെയര്‍മാന്റെ ശൈലിയെന്നും ആരോപണമുയര്‍ന്നു. നഗരസഭയ പദ്ധതിക്ക് വേണ്ടി വകയിരുത്തിയിരിക്കുന്ന ഫണ്ട് എത്രയെന്നോ, മെയിന്റനന്‍സ് ഗ്രാന്റ് എത്രയെന്നോ അംഗങ്ങളെ ബോദ്ധ്യപ്പെടുത്താതെയാണ് പദ്ധതിയുമായി ചെയര്‍മാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷം പറഞ്ഞു. മാത്രമല്ല, കരട് പദ്ധതി രേഖയില്‍ മേഖല തിരിച്ച് പദ്ധതികള്‍ രേഖപ്പെടുത്തുകയോ മേഖലതിരിച്ച് ഫണ്ട് വിനിയോഗം സൂചിപ്പിക്കുയോ ചെയ്തിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. പദ്ധതി ഡിപിസിക്ക് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ആവശ്യമായ വാലിഡേഷന്‍ റിപ്പോര്‍ട്ട് പോലും ലഭിക്കാതെയാണ് ധൃതി പിടിച്ച് പദ്ധതി അംഗീകരിപ്പിക്കാന്‍ ചെയര്‍മാന്‍ ശ്രമിക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. തങ്ങളഉടെ നിര്‍ദ്ദേശങ്ങളും തിരുത്തലുകളും അംഗീകരിക്കാതെ പദ്ധതികള്‍ അംഗീകരിക്കാനാവില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. ചെയര്‍മാന്‍ ഇറങ്ങിപ്പോയതോടെ തങ്ങളുടെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ രേഖാമൂലം സെക്രട്ടറിക്ക് പരാതി നല്‍കി. തുടര്‍ന്ന് ഡിപിസി പദ്ധതി അംഗീകരിക്കരുതെന്ന ആവശ്യവുമായി ജില്ലാ കളക്ടറെ സമീപിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.