കോണ്‍ഗ്രസുമായി യാതൊരു സഹകരണത്തിനുമില്ല - എന്‍.എസ്.എസ്

Thursday 30 May 2013 3:56 pm IST

പെരുന്ന: കോണ്‍ഗ്രസുമായി ഇനി യാതൊരു സഹകരണത്തിനും എന്‍.എസ്.എസ് തയ്യാറല്ലെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അറിയിച്ചു. കേരളത്തില്‍ ന്യൂനപക്ഷമാണ് ഭരണം കൈയാളുന്നത്. ഭൂരിപക്ഷത്തെ കണ്ടില്ലാ എന്നു നടിക്കുന്നതും ചവിട്ടി തേക്കുന്നതും ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വര്‍ഗീയത മുതലെടുത്ത്‌ ന്യൂനപക്ഷങ്ങള്‍ എല്ലാ ആനുകൂല്യങ്ങളും നേടിക്കൊണ്ടിരിക്കുകയാണ്‌. എന്‍എസ്‌എസ്‌ ഇതിനെതിരേ പ്രതികരിച്ചാല്‍ വര്‍ഗീയത പറയുകയാണെന്നാകും ആരോപണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പെരുന്നയില്‍ ചേര്‍ന്ന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം‍. എന്‍.എസ്.എസുമായുള്ള ധാരണ അട്ടിമറിച്ച സംസ്ഥാന നേതൃത്വത്തെ തിരുത്താന്‍ ഹൈക്കമാന്റ് തയ്യാറാവാത്ത സാഹചര്യത്തില്‍ ഇനിയൊരു സഹകരണത്തിനില്ല. എന്‍.എസ്.എസ് അംഗങ്ങള്‍ സര്‍ക്കാര്‍ നല്‍കിയ സ്ഥാനമാനങ്ങള്‍ രാജിവച്ച നടപടിയെ അഭിനന്ദിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസുമായി ഇനി യാതൊരു ബന്ധവുമില്ല. സര്‍ക്കാര്‍ പദവി വഹിക്കുന്ന എന്‍എസ്എസ് ഭാരവാഹികള്‍ പദവി ഒഴിയുകയോ അല്ലെങ്കില്‍ എന്‍എസ്എസ് ഭാരവാഹിത്വം രാജിവെയ്ക്കുകയോ ചെയ്യണം. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ വഷളാക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. അതിന്‌ ആയുധമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഉപയോഗിച്ചു. നിസ്സഹായതയും സമ്മര്‍ദ്ദവും മൂലം കെപിസിസി പ്രസിഡന്റിനും അതിനു വഴങ്ങേണ്ടിവന്നതായി സുകുമാരന്‍ നായര്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി വിചാരിച്ചാല്‍ അഞ്ച് മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ ഉള്ളൂ. കോണ്‍ഗ്രസിന്റെ എംഎല്‍എമാരില്‍ 12 പേരെങ്കിലും എന്‍എസ്എസിന്റെ സഹായത്തോടെ ജയിച്ചവരാണ് അല്ലായെന്ന് കോണ്‍ഗ്രസ് പരസ്യമായി പറയട്ടെയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. തന്റേതു മാത്രമല്ല രമേശ് ചെന്നിത്തലയുടെ ഫോണും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോര്‍ത്തി. ഇക്കാര്യം രമേശ് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.