രാഷ്ട്രീയ രംഗത്ത്‌ അയിത്തം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ മൂടുപടം അഴിഞ്ഞുവീണു: പി.കെ. കൃഷ്ണദാസ്‌

Friday 5 August 2011 6:38 pm IST

മട്ടന്നൂറ്‍: രാഷ്ട്രീയരംഗത്ത്‌ അയിത്തത്തെ തിരിച്ചുകൊണ്ടുവരുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ മൂടുപടം അഴിഞ്ഞുവീണു കൊണ്ടിരിക്കുകയാണെന്ന്‌ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്‌ അഭിപ്രായപ്പെട്ടു. ബിജെപി മട്ടന്നൂറ്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ മട്ടന്നൂരില്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവും ഈയിടെ മാത്രം സസ്പെണ്റ്റ്‌ ചെയ്യപ്പെട്ട വ്യക്തിയുമായ ബര്‍ലിന്‍ കുഞ്ഞനന്ദന്‍ നായര്‍ അസുഖം ബാധിച്ച്‌ വീട്ടില്‍ കിടക്കുമ്പോള്‍ വി.എസ്‌.അച്ചുതാനന്ദന്‍ സന്ദര്‍ശിക്കുന്നത്‌ സിപിഎം സംസ്ഥാന നേതൃത്വം വിലക്കിയിരുന്നു. വി.എസ്‌ ഇതു ലംഘിക്കുമെന്നായപ്പോള്‍ സന്ദര്‍ശിക്കാം, പക്ഷെ ഭക്ഷണം കഴിക്കാന്‍ പാടില്ല എന്ന്‌ നിര്‍ദ്ദേശിച്ചു. ഇതും ലംഘിക്കുമെന്നായപ്പോള്‍ ഖരരൂപത്തിലുള്ള ഭക്ഷണം പാടില്ല, ദ്രവ രൂപത്തിലുള്ളത്‌ കഴിക്കാം എന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചു. ഇതുവഴി ൨൧-ാം നൂറ്റാണ്ടില്‍ പ്രവര്‍ത്തിക്കാന്‍ കൊള്ളാത്ത രാഷ്ട്രീയ പാര്‍ട്ടിയായി സിപിഎം മാറിക്കഴിഞ്ഞുവെന്നും കൃഷ്ണദാസ്‌ അഭിപ്രായപ്പെട്ടു. ഇതുവഴി സിപിഎം ഉയര്‍ത്തിപ്പിടിക്കുന്ന മാനവികത എന്താണെന്ന്‌ ഇതിണ്റ്റെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്താന്‍ നേതൃത്വം തയ്യാറാകണം. സിപിഎമ്മിനകത്തുള്ള പുരോഗമനവാദികളായ യുവാക്കള്‍, കഴിഞ്ഞകാല ഇരുണ്ട യുഗത്തിലേക്ക്‌ വ്യക്തികളെ തിരിച്ചുകൊണ്ടുപോകുന്ന അഭിനവ നേതൃത്വത്തെക്കുറിച്ച്‌ ആത്മപരിശോധന നടത്തണമെന്നും കൃഷ്ണദാസ്‌ അഭിപ്രായപ്പെട്ടു. യോഗത്തില്‍ സി.വി.വിജയന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ചിത്ത്‌, സെക്രട്ടറിമാരായ വിജയന്‍ വട്ടിപ്രം, പി.സത്യപ്രകാശ്‌ എന്നിവരും സി.വി.നാരായണന്‍, എന്‍.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, കെ.പി.ചന്ദ്രന്‍ മാസ്റ്റര്‍, ടി.എം.ബാലകൃഷ്ണന്‍ എന്നിവരും സംസാരിച്ചു.