നഗരത്തിലെ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ അടുത്ത ആഴ്ച പുനഃരാരംഭിക്കും

Friday 31 May 2013 8:25 pm IST

കോട്ടയം: നഗരത്തിലെ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ അടുത്ത ആഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ജില്ലാ പോലീസ് ചീഫ് എം.പി. ദിനേശ് പറഞ്ഞു. കോട്ടയം പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഗതാഗതപരിഷ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഗതാഗത പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി നഗരത്തില്‍ ടൂവീലറുകള്‍ക്കും കാറുകള്‍ക്കും പ്രത്യേക പാര്‍ക്കിംഗ് സൗകര്യം ഒരുക്കും. ശാസ്ത്രി റോഡിലെ റൗണ്ടാനയുടെ വിസ്തൃതി കുറയ്ക്കുന്നകാര്യം പരിഗണനയിലുണ്ട്. ഇതിന്റെ പുറം മതില്‍ പൊളിച്ചുമാറ്റും. നഗരത്തിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സംവിധാനവും പരിഷ്‌ക്കരിക്കും. അത്യധികം വാഹനത്തിരക്കുള്ള സമയങ്ങളില്‍ ട്രാഫിക് സിഗ്നല്‍ മനുഷ്യനിയന്ത്രിതമാക്കാന്‍ പദ്ധതിയുണ്ട്. ഇതിനാവശ്യമായ സങ്കേതിക ഉപകരണങ്ങള്‍ ലഭ്യമാക്കണം. തിരക്കുള്ള റൂട്ടുകളിലെ വാഹനങ്ങള്‍ തിരിച്ച് വിട്ട് ഗതാഗതം സുഗമമാക്കും. നഗരത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാനുള്ള പരിശോധന ഊര്‍ജ്ജിതമാക്കും. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ടി.ബി. ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്താനും നടപടി ഉണ്ടാകും. എം.സി. റോഡില്‍ ചങ്ങനാശ്ശേരി ഭാഗത്തുനിന്നുവരുന്ന ദീര്‍ഘദൂര സര്‍വ്വീസുകളടക്കം രണ്ടുതവണ പുളിമൂട് ജംഗ്ഷനിലെത്തിച്ചേരുന്ന സ്ഥിതിയാണിപ്പോള്‍ ഉള്ളത്. ഈ സ്ഥിതി മാറ്റി ടി.ബി. ജംഗ്ഷന്‍ മുതല്‍ പുളിമൂട് ജംഗ്ഷന്‍വരെയുള്ള ഭാഗത്തെ തിരക്ക് കുറയ്ക്കാനാണ് പദ്ധതി. ഗതാഗത പരിഷ്‌ക്കാരത്തിന്റെ പേരില്‍ സര്‍വ്വീസ് ബസ്സുകള്‍ മുഴുവന്‍ വഴിതിരിച്ചുവിടുന്നത് സാധാരണക്കാരായ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. ഗതാഗതക്കുരുക്കിന് പ്രധാനകാരണം കാറുകളാണ്. ഓട്ടോറിക്ഷയില്‍ മീറ്റര്‍ഘടിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ഓട്ടോ ഡ്രൈവര്‍മാരിലും പൊതുജനങ്ങളിലും മീറ്റര്‍ ഘടിപ്പിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ബോധവത്ക്കരണം നടത്തി പദ്ധതി നടപ്പിലാക്കും. ജില്ലയില്‍ പോലീസിന്റെ എണ്ണത്തില്‍ വന്‍കുറവില്ല. എന്നാല്‍ എല്ലാ താലൂക്ക് ആശുപത്രികളിലും പോലീസ് എയ്ഡ്‌പോസ്റ്റ് സ്ഥാപിക്കാനാവശ്യമായ അംഗബലം പോലീസ് സേനയ്ക്കില്ല. ബ്ലേഡ് മാഫിയയ്ക്ക് എതിരെ ശക്തമായ നടപടികള്‍ തുടരും. വഴിയോരക്കച്ചവടക്കാരെ ഗതാഗതക്കുരുക്കുകളില്ലാത്തവിധം പുനരധിവസിപ്പിക്കുമെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.