ചെന്നിത്തല അസത്യ പ്രസ്താവന പിന്‍വലിക്കണം: ആര്‍എസ്‌എസ്‌

Friday 5 August 2011 10:33 am IST

കോഴിക്കോട്‌: ഗാന്ധിവധത്തെ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെടുത്തി നടന്ന പ്രചാരണങ്ങള്‍സത്യവിരുദ്ധമാണെന്ന്‌ തുറന്നു പറഞ്ഞ ജസ്റ്റിസ്‌ കെ.ടി. തോമസിനെതിരെ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന്‌ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തകാര്യവാഹ്‌ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. നീതിമാനെന്ന്‌ നിയമലോകവും പൊതുസമൂഹവും ആദരിക്കുന്ന ജസ്റ്റിസ്‌ കെ.ടി. തോമസ്‌ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെയും തെളിവുകളുടെയും പിന്‍ബലത്തില്‍ ഉത്തമബോധ്യത്തിലാണ്‌ സത്യം വെളിപ്പെടുത്തിയത്‌. സംഭവത്തെകുറിച്ച്‌ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി വല്ലഭായ്‌ പട്ടേല്‍ നേരിട്ട്‌ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിനായി കപൂര്‍കമ്മീഷനെയും നിയോഗിച്ചു. കേസിന്റെ വിധി പറഞ്ഞ പഞ്ചാബ്‌ ഹൈക്കോടതിയിലെ ജസ്റ്റിസ്‌ ഖോസ്ലെ ആയിരുന്നു. ഇതിലൊന്നിലും സംഘത്തിന്‌ എന്തെങ്കിലും പങ്കുള്ളതായി സംശയംപോലും രേഖപ്പെടുത്തിയിട്ടില്ല. അതിനാലാണ്‌ സംഘത്തിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിരോധനം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പിന്‍വലിച്ചത്‌.
വസ്തുത ഇതായിരിക്കെ നുണപ്രചാരണം ആവര്‍ത്തിക്കുന്നത്‌ രമേശ്‌ ചെന്നിത്തലയ്ക്ക്‌ യോജിക്കുമെങ്കിലും കെപിസിസി പ്രസിഡന്റിന്റെ പദവിക്ക്‌ യോജിച്ചതല്ല. അദ്ദേഹത്തെപോലുള്ളവര്‍ നേതാക്കളായി വരുമെന്ന്‌ മുന്‍കൂട്ടി കണ്ടാണ്‌ കോണ്‍ഗ്രസ്‌ പിരിച്ചുവിടണമെന്ന്‌ ഗാന്ധിജി തന്നെ നിര്‍ദ്ദേശിച്ചതെന്നാണ്‌ കരുതേണ്ടത്‌. അഴിമതിയില്‍ മുങ്ങിക്കുളിച്ച്‌ ജനങ്ങളില്‍ നിന്ന്‌ ഒറ്റപ്പെട്ട കോണ്‍ഗ്രസ്‌ ജനാഭിപ്രായം വഴിതിരിച്ചുവിടാനാണ്‌ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്‌. ഇന്നത്തെ കോണ്‍ഗ്രസ്‌ നേതൃത്വം ഗാന്ധിജിയെ ആണയിടുന്നത്‌ ഗാന്ധിജിയുടെ ഓര്‍മ്മകളെ അപമാനിക്കലാണ്‌.
ഒരു സമുദായത്തിന്റെ പേരില്‍ തന്നെ ബ്രാന്റ്‌ ചെയ്തുകൊണ്ടാണ്‌ മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതിരുന്നതെന്ന മോഹഭംഗമാണ്‌ ഇത്തരം പ്രസ്താവനക്കു പിന്നിലെങ്കില്‍ സംഘത്തെ അനാവശ്യമായി വിവാദങ്ങളിലേക്ക്‌ വലിച്ചിഴയ്ക്കരുത്‌. പക്ഷെ ഈ വിഷയത്തില്‍ തെളിവുകളുമായി വന്ന്‌ ഒരു പരസ്യ സംവാദത്തിന്‌ രമേശ്‌ ചെന്നിത്തല തയ്യാറാണെങ്കില്‍ സംഘവും സന്നദ്ധമാണ്‌. അല്ലെങ്കില്‍ ദുരുപദിഷ്ടമായ പ്രസ്താവന പിന്‍വലിച്ച്‌ ജസ്റ്റിസ്‌ കെ.ടി. തോമസിനോട്‌ മാപ്പുപറയാന്‍ ചെന്നിത്തല തയ്യാറാകണം.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.