പനി പടരുന്നു... മഴയും

Friday 31 May 2013 8:35 pm IST

കോട്ടയം: ജില്ലയില്‍ പനി ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളില്‍പോലും രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് കാണിക്കുന്നത്. ഇന്നലെ മാത്രം 835 പേരാണ് പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയതെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ ജില്ലാ ആശുപത്രിയിലടക്കം രാവിലെ മുതല്‍ പനി ബാധിതരുടെ നീണ്ട നിരയാണ് ഓപി യ്ക്കുമുന്നില്‍ കാണാനായത്. രണ്ടാഴ്ച മുമ്പ് 14ന് 434 പേരാണ് ചികിത്സയ്ക്ക് എത്തിയതെങ്കില്‍ ഇന്നത് ഇരട്ടിയോളമായി. ഈ ആഴ്ചയില്‍ നാലായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിയെട്ടുപേര്‍ പനി ബാധിതരായി എത്തിയെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതായത് ശരാശരി 656 പേരോളം ദിനപ്രതി രോഗബാധിതരായി സര്‍ക്കാര്‍ ആശുപത്രികളെ അഭയം പ്രാപിക്കുന്നു. മെയ് മാസത്തില്‍ മാത്രം 15,851 പേരാണ് ചികിത്സ തേടിയെത്തിയത്. രണ്ടാഴ്ച മുമ്പ് 14 ദിവസത്തെ കണക്കെടുത്താല്‍ പനിബാധിതരുടെ എണ്ണം 4,230 ആയിരുന്നു. കഴിഞ്ഞ 15 ദിവസം കൊണ്ട് 11,621 പേരാണ് ചികിത്സ തേടിയെത്തിയത്. ഡെങ്കിപ്പനിബാധിതരുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. സര്‍ക്കാരാശുപത്രികളിലെ കണക്കനുസരിച്ച് ഇന്നലെ മാത്രം ഏഴുപേരാണ് പനിബാധിതരായി എത്തിയത്. രണ്ടാഴ്ച മുമ്പ് ഒരാള്‍ പോലും ഡെങ്കിപ്പനി ബാധിച്ച് എത്തിയിട്ടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ കണക്ക്. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 56 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. എന്നാല്‍ യഥാര്‍ത്ഥ്യം ഇതിലും ഏറെയാണെന്നാണ് സൂചനകള്‍. സ്വകാര്യ ആശുപത്രികളിലും ഹോമിയോ അടക്കുമുള്ള ഇതര ചികിത്സാ സമ്പ്രദായങ്ങളിലുമായി ഇതിലിരട്ടി ആളുകളാണ് പനിബാധിതരായി ചികിത്സ തേടി എത്തിയിട്ടുള്ളത്. മഴക്കാലം കൂടി ആരംഭിച്ചതോടെ വരും ദിവസങ്ങളില്‍ പനി പടരുന്നത് വ്യാപകമാകാനാണ് സാദ്ധ്യതയെന്ന് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. മഴക്കാല പൂര്‍വ്വ ശുചീകരണം കേവലം അക്ഷരങ്ങളിലൊതുങ്ങിയതോടെ ഓടകളെല്ലാം മലിനജലം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മാലിന്യങ്ങള്‍ കൊണ്ട് ഓടകള്‍ നിറഞ്ഞതിനാല്‍ നഗരത്തിലെ മിക്കറോഡുകളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.