കോണ്‍ഗ്രസുകാര്‍ പരസ്പരം കാലുവാരി

Thursday 4 August 2011 11:14 pm IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മിക്കമണ്ഡലങ്ങളിലും കാലുവാരല്‍ നടന്നതായി കോണ്‍ഗ്രസിന്റെ തിളക്കമറ്റ വിജയത്തെക്കുറിച്ച്‌ പഠിക്കാന്‍ കെപിസിസി നിയോഗിച്ച വക്കം പുരുഷോത്തമന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട്‌. സംഘടനാരംഗത്തെ പിഴവാണ്‌ പ്രധാനകാരണം. യുഡിഎഫിന്റെ സംഘടനാ സംവിധാനം കാര്യമായി പ്രവര്‍ത്തിച്ചില്ല. കെപിസിസിയാണ്‌ ഇതിന്‌ ഉത്തരവാദിയെന്നും 26 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട്‌ ഇന്നലെ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലക്ക്‌ കൈമാറി. കോണ്‍ഗ്രസ്സുകാര്‍ പരസ്പരം കാലുവാരിയതിനാലാണ്‌ യുഡിഎഫിന്റെ വിജയം തിളക്കമാകാതിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്‌.
14 ജില്ലകളിലെയും ജയപരാജയങ്ങളെക്കുറിച്ച്‌ സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ടെന്ന്‌ അന്വേഷണ കമ്മീഷന്‍ ചെയര്‍മാന്‍ വക്കം പുരുഷോത്തമന്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ താന്‍ വെളിപ്പെടുത്തില്ല. അതിനുള്ള അധികാരം കെപിസിസിക്കാണ്‌. 11 ജില്ലകളില്‍ സഞ്ചരിച്ചാണ്‌ റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിയാത്തത്‌ ചില പോരായ്മകള്‍ മൂലമാണ്‌. ഇക്കാര്യങ്ങള്‍ തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്‌. പരാതികളായും നിവേദനങ്ങളായും നിര്‍ദേശങ്ങളായും ആയിരത്തിലേറെ പേരുടെ കത്തുകള്‍ കമ്മറ്റിക്ക്‌ ലഭിച്ചിരുന്നു. ഇത്‌ വിശദമായി പരിശോധിച്ചും പ്രവര്‍ത്തകരുമായും നേതാക്കളുമായും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തിയുമാണ്‌ അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത്‌ കെപിസിസിയുടെ ഉത്തരവാദിത്തപ്പെട്ട സമിതിയാണ്‌. സത്യസന്ധമായും മുഖംനോക്കാതെയുമാണ്‌ റിപ്പോര്‍ട്ട്‌ തയാറാക്കിയിരിക്കുന്നത്‌. ഏല്‍പിച്ച ജോലി ആത്മാര്‍ത്ഥമായി ചെയ്യാന്‍ കഴിഞ്ഞതില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും വക്കം പറഞ്ഞു.
വക്കത്തിന്റെ നേതൃത്വത്തില്‍ കമ്മീഷനെ വെക്കാന്‍ തീരുമാനിച്ചത്‌ കെപിസിസി എക്സിക്യുട്ടീവ്‌ കമ്മറ്റിയാണെന്നും റിപ്പോര്‍ട്ട്‌ അടുത്ത എക്സിക്യൂട്ടീവ്‌ യോഗം ചര്‍ച്ച ചെയ്ത്‌ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ട്‌ ഏറ്റുവാങ്ങിയ ശേഷം കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. പ്രസിഡന്റ്‌ എന്ന നിലയില്‍ തനിക്കും റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വെളിപ്പെടുത്താനാവില്ല. പാര്‍ട്ടിയുടെ ബന്ധപ്പെട്ട സമിതി ചര്‍ച്ച ചെയ്ത്‌ ഉചിതമായ തീരുമാനം എടുക്കും. റിപ്പോര്‍ട്ട്‌ സത്യസന്ധവും ഗൗരവത്തോടെ കാണേണ്ടതുമാണെന്ന്‌ താന്‍ മനസിലാക്കുന്നു. ഇത്‌ പരിശോധിച്ച ശേഷം വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഭാവിയില്‍ ആവര്‍ത്തിക്കാതെയുള്ള നടപടിയാകും പാര്‍ട്ടി നേതൃത്വം സ്വീകരിക്കുകയെന്നും ചെന്നിത്തല അറിയിച്ചു. ജൂണ്‍ ആറിനാണ്‌ വക്കം പുരുഷോത്തമന്‍ ചെയര്‍മാനും മുതിര്‍ന്ന നേതാക്കളായ വി.എസ്‌. വിജയരാഘവന്‍, എ.സി. ജോസ്‌ എന്നിവര്‍ അംഗങ്ങളുമായ അന്വേഷണ സമിതിയെ നിയോഗിക്കാന്‍ കെപിസിസി എക്സിക്യൂട്ടീവ്‌ തീരുമാനിച്ചത്‌. മൂന്നുമാസമാണ്‌ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിരുന്ന കാലാവധി. എന്നാല്‍ രണ്ടുമാസം പൂര്‍ത്തിയായ ഇന്നലെ വക്കം കമ്മറ്റി റിപ്പോര്‍ട്ട്‌ നല്‍കുകയായിരുന്നു.