60 വയസ്‌ പൂര്‍ത്തിയാക്കിയ എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍: മന്ത്രി

Thursday 4 August 2011 11:19 pm IST

കാസര്‍കോട്‌: സംസ്ഥാനത്ത്‌ അറുപത്‌ വയസ്‌ പൂര്‍ത്തിയാക്കിയ എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍ അനുവദിക്കുമെന്ന്‌ കൃഷി വകുപ്പ്‌ മന്ത്രി കെ പി മോഹനന്‍ പ്രസ്താവിച്ചു. പെന്‍ഷന്‍ പദ്ധതിയും, മാസ പെന്‍ഷന്‍ തുകയും കര്‍ഷക ദിനമായ ചിങ്ങം ഒന്നിന്‌ മുഖ്യമന്ത്രി പ്രഖ്യാപിക്കും. കാസര്‍കോട്‌ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന ജില്ലാതല വികസന അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപ്പ്‌ സാമ്പത്തിക വര്‍ഷം കൃഷി വികസനത്തിനായി ജില്ലയ്ക്ക്‌ 19.82 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. ഇതില്‍ 19.82 കോടി രൂപ കൃഷി വികസനം, ൭൬ ലക്ഷം മൃഗ സംരക്ഷണം, 14 ലക്ഷം ഡയറി വികസനം എന്നിവയ്ക്കായാണ്‌ നീക്കിവെച്ചിട്ടുള്ളത്‌. ജില്ലയില്‍ ഒഴിഞ്ഞുകിടക്കുന്ന കൃഷി ഉദ്യോഗസ്ഥരുടെ തസ്തികകള്‍ ഈ മാസം 17 നകം നികത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്‌. കര്‍ഷക ദിനാചരണ ചെലവിനായി പഞ്ചായത്തുകള്‍ക്കുളള തുക 3,൦൦൦ രൂപയായി വര്‍ദ്ധിപ്പിച്ചുവെന്ന്‌ മന്ത്രി അറിയിച്ചു. 15൦൦ രൂപയാണ്‌ ഇതുവരെ അനുവദിച്ചിരുന്നത്‌. ക്ഷീര കര്‍ഷകര്‍ക്ക്‌ കാലിത്തീറ്റ സബ്സിഡി ലഭ്യമാക്കാനുളള നടപടി സ്വീകരിക്കും. ജില്ലയുടെ വികസനം സംബന്ധിച്ച രൂപരേഖ കാബിനറ്റില്‍ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി പി ശ്യാമളാദേവി, ജില്ലാ കളക്ടര്‍ കെ എന്‍ സതീഷ്‌, വിവിധ മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, ബ്ളോക്ക്‌ - ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.