തമ്പാനൂരില്‍ നിര്‍മ്മാണത്തിലിരുന്ന കെ.എസ്.ആര്‍.ടി.സി കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ക്ക് പരിക്ക്

Friday 5 August 2011 11:45 am IST

തിരുവനന്തപുരം: തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിര്‍മാണത്തിലിരുന്ന ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ക്കു പരുക്കേറ്റു. കൊല്ലം സ്വദേശി റാഫിക്കാണ് പരുക്കേറ്റത്. സംഭവത്തെക്കുറിച്ചു വിശദ അന്വേഷണം നടത്തുമെന്നു മന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട്‌ ലേബര്‍ സപ്ലൈ കോണ്‍ട്രാക്‌ടര്‍ രാജപ്പനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പതിനൊന്നുമണിയോടെ ഷോപ്പിംഗ്‌ കോംപ്ലക്‌സ്‌ ബി ബ്ലോക്കിന്റെ നാലാം നിലയുടെ മേല്‍ത്തട്ടിന്റെ വാര്‍പ്പിനിടെയായിരുന്നു അപകടം. 400 ചതുരശ്ര അടി സ്ഥലമാണ്‌ വാര്‍ത്തത്‌. വൈകിട്ട്‌ ആറുമണിയോടെ ആരംഭിച്ച കോണ്‍ക്രീറ്റ്‌ ജോലി രാത്രി അവസാനഘട്ടം എത്താറായപ്പോഴാണ്‌ വന്‍ശബ്‌ദത്തോടെ നിലംപൊത്തിയത്‌. വാര്‍പ്പിന്‌ താങ്ങുകൊടുത്തിരുന്ന ഇരുമ്പുതൂണിന്റെ ബലക്കുറവാണ്‌ അപകടത്തിന്‌ കാരണമായതെന്ന്‌ തൊഴിലാളികള്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ പത്തോളം തൊഴിലാളികള്‍ ഉണ്ടായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.