പെരുമ്പാവൂരില്‍ തെരുവ്‌ നായ്ക്കളുടെ ശല്യം രൂക്ഷം

Saturday 1 June 2013 11:05 pm IST

പെരുമ്പാവൂര്‍: നഗരസഭയുടെ പലപ്രദേശങ്ങളിലും തെരുവ്‌ നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ഔഷധി ജംഗ്ഷന്‍, കോടതി വളവ്‌, ഗേള്‍ഷൈസ്കൂള്‍ പരിസരം, സ്വകര്യബസ്‌ സ്റ്റാന്റ്‌, പാലക്കാട്ട്‌ താഴെ പാലം, വായനശാല, സൗത്ത്‌ വല്ലം എന്നിവിടങ്ങളിലാണ്‌ തെരുവ്‌ നായ്ക്കള്‍ യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ശല്യം മാകുന്നത്‌. ഇതില്‍ മിക്ക ഇടങ്ങളിലും നായ്ക്കള്‍ കൂട്ടത്തോടെയാണ്‌ വഴിയാത്രക്കാരെ ആക്രമിക്കുന്നതെന്ന്‌ നാട്ടുകാര്‍ പറയുന്നു. അതിരാവിലെ പത്രവിതരണത്തിനും, പാല്‍വാങ്ങുന്നതിനും, മത്സ്യവിതരണം തുടങ്ങിയവക്ക്‌ പോകുന്നവരുടെ വാഹനങ്ങളില്‍ പോകുന്നവരും ആക്രമണങ്ങള്‍ക്കിരയാകുന്നുണ്ട്‌. ഇരുചക്രവാഹനങ്ങളില്‍ പോകുന്ന യാത്രക്കാരും കുട്ടികളുമാണ്‌ ഏറെ ബുധിമുട്ടുന്നത്‌.
എന്നാല്‍ നഗസഭ നായ്ക്കള്‍ക്ക്‌ വന്ധ്യംകരണം നടത്തുന്നതിനായി പദ്ധതികള്‍ തയ്യാറാക്കുമെന്ന്‌ പറയുന്നുണ്ടെങ്കിലും പ്രാവര്‍ത്തികമായിട്ടില്ലെന്നും ആക്ഷേപമുണ്ട്‌. മൃഗാശുപത്രി കേന്ദ്രീകരിച്ച്‌ ഇതിനുള്ള പ്രത്യേക കെട്ടിടം പണിപൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും തുറന്ന്‌ പ്രവര്‍ത്തിപ്പിച്ചിട്ടില്ല. ഇത്തരം ആക്രമണകാരികളായ നായ്ക്കളെ കൊല്ലുവാന്‍ നിയമം അനുവദിക്കാത്തതും ജനങ്ങളെ ബുധിമുട്ടിലാക്കുന്നു. സ്കൂളുകള്‍ തുറക്കുന്ന സമയമായതിനാല്‍ കൊച്ചുകുട്ടികളടക്കമുള്ളവര്‍ ഇടറോഡുകളിലൂടെ ധാരാളം യാത്രചെയ്യും. ഇത്തരമാളുകളെ തെരുവു നായ്ക്കളുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കാന്‍ അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.