ലൂലു മാളിനെതിരെ സമരത്തിനില്ല - പിണറായി വിജയന്‍

Sunday 2 June 2013 2:21 pm IST

തിരുവനന്തപുരം: എം.എ യൂസഫലിക്ക് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായ് വിജയന്‍. ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും യൂസഫലി പിന്മാറേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. യൂസഫലി കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കണമെന്നും പിണറായി തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. ബോള്‍ഗാട്ടി ഭൂമിയിടപാടില്‍ വീഴ്ച പറ്റിയത് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനാണ്. കൂടാതെ ഇടപ്പള്ളി തോട് ചെറുതായതിന്റെ ഉത്തരവാദിത്തം കോര്‍പ്പറേഷനാണ്. ഇതുമാത്രമാണ് സി.പി.എം ജില്ലാകമ്മിറ്റി ചൂണ്ടിക്കാട്ടിയത്. രണ്ട് പദ്ധതിക്കെതിരെയു സി.പി.എം ഒരു സമരവും തുടരില്ലെനും പിണറായി വിജയന്‍ വ്യക്തമാക്കി. മറ്റ് വ്യവസായികളില്‍ നിന്നും യൂസുഫലിയെ വ്യത്യസ്തമാക്കുന്നത് മനുഷ്യത്വപരമായ നിലപാടാണ്. യൂസുഫലിയെ അവസാന ആശ്രയമായി കാണുന്ന മലയാളികള്‍ ഏറെയുണ്ട്. സങ്കുചിത മന:സ്ഥിതിയോടെ പദ്ധതികളെ സിപിഐഎം എതിര്‍ത്തിട്ടില്ല. നാടിന്റെ താല്‍പ്പര്യത്തിന് അനുകൂലമായ എല്ലാ നിക്ഷേപങ്ങളെയും പാര്‍ട്ടി അനുകൂലിക്കും. ബോള്‍ഗാട്ടിയില്‍ യൂസഫലി ഭൂമി സ്വന്തമാക്കിയത് ലേലത്തില്‍ പങ്കെടുത്താണ്. പോര്‍ട്ട് ട്രസ്റ്റ് മാനദണ്ഡം ലംഘിച്ചെന്നാണ് ജില്ലാ കമ്മറ്റി ഉന്നയിച്ച വിഷയം. ഇത് പോര്‍ട്ട് ട്രസ്റ്റും ബന്ധപ്പെട്ട അധികാരികളും പരിശോധിക്കണം. ഇടപ്പള്ളി ഫ്‌ളൈ ഓവറിന്റെ ചെലവ് ലുലു വഹിക്കണമെന്നതാണ് ജില്ലാ കമ്മറ്റിയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സര്‍ക്കാര്‍ മുഴുവന്‍ ചെലവ് എടുത്താലും സിപിഎം സമരത്തിനില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. തോട് സംരക്ഷിക്കേണ്ടത് അധികാരികളുടെ ഉത്തരവാദിത്വം. ഇക്കാര്യത്തില്‍ കൊച്ചി കോര്‍പ്പറേഷനും കളമശ്ശേരി നഗരസഭയുമാണ് കുറ്റക്കാരെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും യൂസുഫലിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.