എന്‍.എസ്.എസിനെതിരെ ലേഖനം: ചന്ദ്രിക ഖേദം പ്രകടിപ്പിച്ചു

Tuesday 4 June 2013 11:10 am IST

കോഴിക്കോട് : എന്‍എസ്എസിനും സുകുമാരന്‍ നായര്‍ക്കുമെതിരെ ലേഖനം പ്രസിദ്ധീകരിച്ചതിന് മുസ്ലിംഗീഗ് മുഖപത്രമായ ചന്ദ്രിക ഖേദം പ്രകടിപ്പിച്ചു. മുഖപ്രസംഗത്തിലെ പ്രയോഗങ്ങളില്‍ ഖേദം പ്രകടിപ്പിച്ച പത്രം എന്‍എസ്എസിനെ വിമര്‍ശിച്ച് പ്രതിഛായ എന്ന പംക്തി എഴുതിയത് ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ എ.പി. കുഞ്ഞാമുവാണെന്നും ചന്ദ്രിക വിശദീകരിക്കുന്നു. എന്‍എസ്എസിനോടോ സുകുമാരന്‍ നായരോടോ വെറുപ്പോ വിദ്വേഷമോ ഇല്ല. സമുദായ സംഘടനകളോട് സഹവര്‍ത്തിത്വമെന്നതാണ് ചന്ദ്രികയുടെ മുഖമുദ്ര. ലേഖകന്‍ സ്വതസിദ്ധമായ രീതിയില്‍ ഭാഷ ഉപയോഗിച്ചപ്പോള്‍ ചില അതിരുകടക്കലുകള്‍ വന്നതായി വ്യാഖ്യാനിക്കപ്പെട്ടു. ഇത് മുസ് ലിം ലീഗിന്റെ അറിവോടെയോ നിര്‍ദേശത്തോടെയോ അല്ല. ലേഖനത്തിന്റെ പേരില്‍ ചിലര്‍ സമുദായിക സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു. ലേഖനം സുകുമാരന്‍ നായരെയോ എന്‍എസ്എസിനെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദമുണ്ടെന്നും പത്രാധിപര്‍ പറയുന്നു. ചാനലുകള്‍ അടക്കമുള്ള മാധ്യമങ്ങള്‍ രാഷ്ട്രീയ, സമുദായ നേതാക്കളെ വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യുമ്പോള്‍ ചന്ദ്രികയ്ക്ക് അത് പാടില്ലെന്നു പറയുന്നത് മാധ്യമ ഫാസിസമാണെന്നും ഇതില്‍ പ്രതിഷേധിക്കുന്നുവെന്നും വ്യക്തമാക്കിയാണ് ഖേദപ്രകടനം അവസാനിപ്പിക്കുന്നത്. ജൂണ്‍ രണ്ട് ഞായറാഴ്ച്ചയാണ് ചന്ദ്രികയില്‍ പ്രതിഛായ എന്ന പംക്തിയില്‍ ‘പുതിയ പടനായ’ര്‍ എന്ന തലക്കെട്ടോടെ വിവാദ ലേഖനം പ്രസിദ്ധീകരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.